രണ്ട് സൂപ്പർ താരങ്ങൾക്ക് പനി; ആശങ്കയിൽ പാകിസ്താൻ
ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും പ്ലെയിങ് ഇലവനിൽ ഉണ്ടോ എന്നറിയാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും
ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ന് ആസ്‌ത്രേലിയയെ നേരിടുന്ന പാകിസ്താൻ സംഘത്തിൽ വെറ്ററൻ താരം ഷുഐബ് മാലിക്കും വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്‌വാനും കളിക്കുന്ന കാര്യം സംശയത്തിൽ. ഇന്നലെ പനി കാരണം പരിശീലനത്തിൽ നിന്ന് വിട്ടുനിന്ന ഇരുവരും ടീമിലുണ്ടോ എന്നുറപ്പാവാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരും. ലോകകപ്പിൽ പാക് ടീമിന്റെ അപരാജിത കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരങ്ങളാണ് റിസ്‌വാനും മാലിക്കും.
ബുധനാഴ്ച രാവിലെ നേരിയ പനിയെ തുടർന്ന് ട്രെയിനിങ് സെഷനിൽ വൈകിയെത്താൻ മാനേജ്‌മെന്റ് ഇരുവർക്കും അനുവാദം നൽകിയിരുന്നു. എന്നാൽ, ഇരുവർക്കും പരിശീലനത്തിന് എത്താൻ സാധിച്ചില്ല. ഇരുവരെയും കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. ഇന്നുച്ചയ്ക്ക് ഇരുവരുടെയും ആരോഗ്യനില പരിശോധിച്ച ശേഷമാവും പ്ലെയിങ് ഇലവനെ തീരുമാനിക്കുക. ഇന്ന് രാവിലെ ഇരുവരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
ഈ ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് മുഹമ്മദ് റിസ്‌വാൻ. ഇന്ത്യക്കെതിരായ മത്സരത്തിൽ 55 പന്തിൽ പുറത്താവാതെ 79 റൺസെടുത്ത റിസ്‌വാൻ ന്യൂസിലാന്റിനെതിരെ 33-ഉം നമീബിയക്കെതിരെ 79-ഉം റൺസ് നേടി. 2021-ലെ ട്വന്റി 20 റൺവേട്ടക്കാരിൽ 966 റൺസുമായി ഒന്നാം സ്ഥാനത്താണ് ഈ താരം. വിക്കറ്റിനു പിന്നിലെ വിശ്വസ്ത കരങ്ങൾക്കു പുറമെ ഓൺഫീൽഡ് തീരുമാനങ്ങളിലും നിർണായകമാണ് 29-കാരനായ താരം.
പാകിസ്താന്റെ മിഡിൽ ഓർഡറിലെ വിശ്വസ്തനായ ഷുഐബ് മാലിക് ന്യൂസിലാന്റ്, അഫ്ഗാനിസ്താൻ ടീമുകൾക്കെതിരായ റൺ ചേസുകളിൽ നിർണായക പങ്കുവഹിച്ചു. സ്‌കോട്ട്‌ലാന്റിനെതിരെ 18 പന്തിൽ പുറത്താകാതെ 54 റൺസടിച്ച വെറ്ററൻ, ഒരു പാക് താരത്തിന്റെ വേഗതയേറിയ ഫിഫ്റ്റി എന്ന റെക്കോർഡും സ്വന്തം പേരിലാക്കി. പാർട്ട് ടൈം സ്പിന്നർ എന്ന നിലയിലും മാലിക്കിന്റെ പരിചയസമ്പത്ത് ടീമിന് മുതൽക്കൂട്ടാവാറുണ്ട്.
മുഹമ്മദ് റിസ്‌വാന് കളിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ മുൻ ക്യാപ്ടൻ സർഫറാസ് അഹമ്മദായിരിക്കും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിൽ കയറുക. അങ്ങനെയെങ്കിൽ ബാബർ അസമിനൊപ്പം ഫഖർ സമാൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യേണ്ടിവരും. ഷുഐബ് മാലിക്കിനു പകരം ഹൈദർ അലിക്കും അവസരം ലഭിച്ചേക്കും.