ശ്രേയസ് അയ്യർ വീണ്ടും കൊൽക്കത്ത ക്യാപ്റ്റൻ; റാണ വൈസ് ക്യാപ്റ്റൻ
പരിക്കിനെ തുടർന്ന് 2023 ഐ.പി.എല്ലിൽ അയ്യർക്ക് കളിക്കാനായിരുന്നില്ല
കൊൽക്കത്ത: ഇടവേളയ്ക്കുശേഷം വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻസി കുപ്പായത്തിൽ ശ്രേയസ് അയ്യർ. 2024 സീസണിൽ അയ്യറാകും ടീമിനെ നയിക്കുക. കെ.കെ.ആർ സി.ഇ.ഒ വെങ്കി മൈസൂർ ആണ് ഇക്കാര്യം അറിയിച്ചത്.
പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ അയ്യർ കളിച്ചിരുന്നില്ല. പകരം നിതീഷ് റാണയായിരുന്നു താൽക്കാലിക ക്യാപ്റ്റന്റെ റോളിലുണ്ടായിരുന്നത്. അയ്യർ തിരിച്ചെത്തിയതോടെ റാണ വൈസ് ക്യാപ്റ്റനാകും. കഴിഞ്ഞ സീസണിൽ ഇടയ്ക്ക് മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും പോയിന്റെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത ഫിനിഷ് ചെയ്തത്.
പരിക്കിനെ തുടർന്നുള്ള തന്റെ അഭാവം ഉൾപ്പെടെ ഒരുപാട് വെല്ലുവിളികളാണ് കഴിഞ്ഞ സീസണിൽ ടീമിനു മുന്നിലുണ്ടായിരുന്നതെന്ന് അയ്യർ പ്രതികരിച്ചു. എന്റെ അഭാവം പരിഹരിക്കുക മാത്രമല്ല, കിടിലൻ ക്യാപ്റ്റൻസിയിലൂടെയും മികച്ച പ്രകടനമാണ് നിതീഷ് റാണ പുറത്തെടുത്തത്. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. ലീഡർഷിപ്പ് സംഘത്തിന് ഇതു കൂടുതൽ ശക്തിപകരുമെന്നും അയ്യർ അഭിപ്രായപ്പെട്ടു.
പരിക്കിനെ തുടർന്ന് ശ്രേയസ് അയ്യർക്ക് 2023 ഐ.പി.എല്ലിൽ കളിക്കാനാകാത്തത് നിർഭാഗ്യകരമാണെന്ന് വെങ്കി വാർത്താകുറിപ്പിൽ പറഞ്ഞു. എന്നാൽ, അദ്ദേഹം വീണ്ടും ടീമിന്റെ നായകസ്ഥാനത്ത് തിരിച്ചെത്തുന്നുവെന്നതു സന്തോഷകരമാണ്. കഠിനാധ്വാനത്തിലൂടെ പരിക്കിന്റെ പിടിയിൽനിന്നു കരകയറിയതും മികച്ച ഫോമിലേക്കു തിരിച്ചെത്തിയതുമെല്ലാം താരത്തിന്റെ വ്യക്തിത്വത്തിന്റെ തെളിവാണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
''അയ്യറുടെ ദൗത്യം ഏറ്റെടുക്കുകയും ഗംഭീരപ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തതിന് നിതീഷ് റാണയോട് കടപ്പാടുണ്ട്. വൈസ് ക്യാപ്റ്റനെന്ന നിലയ്ക്ക് അയ്യർക്ക് എല്ലാ അർത്ഥത്തിലും പിന്തുണയുമായി അദ്ദേഹമുണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.''-വാർത്താകുറിപ്പിൽ വെങ്കി മൈസൂർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ 2023 സെപ്റ്റംബറിൽ നടന്ന ഏഷ്യാകപ്പോടെയാണ് പരിക്കിനുശേഷം അയ്യർ സജീവക്രിക്കറ്റിൽ തിരിച്ചെത്തുന്നത്. കഴിഞ്ഞ മാസം സമാപിച്ച ഏകദിന ലോകകപ്പിൽ ടീമിനെ ഫൈനൽ വരെ എത്തിച്ചതിൽ അയ്യർക്കും നിർണായക റോളുണ്ട്.
Summary: IPL 2024: Shreyas Iyer returns as KKR captain, Nitish Rana appointed vice-captain