മുൻ പാക് താരത്തിന്റെ മകൾക്ക് അപൂര്‍വരോഗം, ബംഗളൂരുവിൽ ശസ്ത്രക്രിയ; മജ്ജമാറ്റിവയ്ക്കൽ വിജയകരം

കണ്ണിന്‍റെയും തലച്ചോറിന്‍റെയും പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള അപൂര്‍വരോഗമായിരുന്നു രണ്ടു വയസുകാരിയെ ബാധിച്ചത്

Update: 2022-10-20 06:53 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ അതിനെ അയൽക്കാരുടെ യുദ്ധമായാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അയല്‍ക്കാര്‍ തമ്മില്‍ വൈരം തുടുരമ്പോഴും മനുഷ്യത്വത്തിന് അതിർത്തികളോ അകലങ്ങളോ ഇല്ല. മുൻ പാക് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സിക്കന്ദർ ഭക്തിന്റെ മകൾക്ക് ബംഗളൂരുവിൽ നടത്തിയ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കറാച്ചി സ്വദേശിയായ രണ്ടു വയസുകാരി അമീറയ്ക്കാണ് ബംഗളൂരുവില്‍ വിദഗ്ധ ചികിത്സ നല്കിയത്.

മ്യൂക്കോപോളിസാക്കറിഡോസിസ് ടൈപ്പ് വൺ എന്ന അപൂർവ രോഗമായിരുന്നു അമീറയെ ബാധിച്ചിരുന്നത്. കണ്ണും തലച്ചോറും അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായിരുന്നു രോഗം. സാധാരണനിലയിൽ 30 വയസിനപ്പുറം ആയുസ് നീട്ടിക്കിട്ടാൻ പ്രയാസമാണ്.

പ്രിയപ്പെട്ട മകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഉടൻ വിദഗ്ധ ചികിത്സയ്ക്കുള്ള വഴികൾ തേടുകയായിരുന്നു സിക്കന്ദറും കുടുംബവും. അങ്ങനെയാണ് ബംഗളൂരുവിലെ നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിൽ ചികിത്സ നടത്താൻ തീരുമാനിക്കുന്നത്. സിക്കന്ദർ തന്നെ മജ്ജ നൽകി. അങ്ങനെ ആറു മാസംമുൻപാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

രോഗം സ്ഥിരീകരിക്കുമ്പോൾ 18 മാസം പ്രായമേ അമീറയ്ക്ക് ആയിരുന്നുള്ളൂവെന്ന് മാതാവ് സദഫ് ഖാൻ പറയുന്നു. ചെവിയിൽ അണുബാധയല്ലാതെ മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. രോഗവുമായി ബന്ധപ്പെട്ട് വിവിധ ഡോക്ടർമാരെ കണ്ടപ്പോഴാണ് ഗുരുതരരോഗം തിരിച്ചറിയുന്നത്. ആദ്യം ഞെട്ടലായിരുന്നു. പിന്നീട് കൂടുതൽ അന്വേഷണത്തിലൂടെയാണ് ബംഗളൂരുവിലെ ചികിത്സയെക്കുറിച്ച് അറിയുന്നതെന്നും സദഫ് പറഞ്ഞു.

ശസ്ത്രക്രിയയ്ക്കുശേഷം അമീറ പൂർണമായി ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ കുടുംബം അതിയായ സന്തോഷത്തിലാണ്. ഇതോടെയാണ് ആശുപത്രി അധികൃതർ തന്നെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

പാകിസ്താനുവേണ്ടി 26 ടെസ്റ്റും 27 ഏകദിനവും കളിച്ചിട്ടുണ്ട് സിക്കന്ദർ ഭക്ത്. 1976നും 1989നും ഇടയിലായിരുന്നു അദ്ദേഹം ദേശീയടീമിനായി കളിച്ചത്. 1979ൽ ഡൽഹിയിൽ നടന്ന ടെസ്റ്റിൽ സുനിൽ ഗവാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ സമനിലയിൽ തളയ്ക്കാൻ ആസിഫ് ഇഖ്ബാലിന്റെ പാക് പടയെ സഹായിച്ചത് സിക്കന്ദറിന്റെ ബൗളിങ് പ്രകടനമായിരുന്നു. ആദ്യ ഇന്നിങ്‌സിൽ എട്ടു വിക്കറ്റടക്കം മത്സരത്തിൽ 11 വിക്കറ്റുകളാണ് താരം കൊയ്തത്.

Summary: 2-year-old daughter of former Pakistan cricketer Sikander Bakht undergoes bone marrow transplant in Bengaluru

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News