'ഒരു മര്യാദയൊക്കെ വേണ്ടേ..!' ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് റദ്ദാക്കിയതില്‍ വ്യാപക പ്രതിഷേധം
മുന്‍ ക്രിക്കറ്റ് താരങ്ങളായ ഷെയ്ന്‍ വോണ്‍, കെവിന്‍ പീറ്റേഴ്സണ്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നു
ടോസിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം റദ്ദാക്കിയതില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ബി.സി.സി.ഐയും നടത്തിയ ചര്‍ച്ചയിലാണ് മത്സരം റദ്ദാക്കാനുള്ള തീരുമാനം വന്നത്. മത്സരം റദ്ദാക്കിയ കാര്യം ഇ.സി.ബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും അടക്കമുള്ളവര്‍ ഈ തീരുമാനത്തെ എതിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രതിഷേധം അറിയിച്ചത്.
ട്വിറ്ററിലാണ് ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഷെയ്ന്‍ വോണ്‍, കെവിന്‍ പീറ്റേഴ്സണ്‍ തുടങ്ങി വലിയൊരു താരനിര തന്നെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നു. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാത്ത നടപടിയാണ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ക്രിക്കറ്റ് പ്രേമികളോട് ചെയ്ത അനീതിയാണിതെന്നും മുന്‍ താരങ്ങള്‍ പ്രതികരിച്ചു.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ആദ്യം അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ദിന മത്സരം മാറ്റിവെച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് മത്സരം റദ്ദാക്കിയെന്ന കാര്യം ഇ.സി.ബി വ്യക്തമാക്കുകയായിരുന്നു.
'ഇന്നത്തെ ടെസ്റ്റ് മത്സരം മാത്രം കാണാൻ മാത്രം എത്ര ദൂരം സഞ്ചരിച്ചെത്തിയ ആരാധകര്‍ ഉണ്ടാകും, അവരെയൊക്കെ അപമാനിക്കുന്നതിന് തുല്യമാണ് ഈ സംഭവം. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വളരെ നിരാശാജനകമായ കാര്യമാണ് ഉണ്ടായിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.' മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പ്രതികരിച്ചു.
നേരത്തെ ഇന്ത്യയുടെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിന് കോവിഡ് സ്ഥിരീകരിച്ചതോടെ അഞ്ചാം ടെസ്റ്റ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ കോവിഡ് പരിശോധനയില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നെഗറ്റീവായതോടെ മത്സരം നടക്കുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റും ബോര്‍ഡും ബിസിസിഐയും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് താരങ്ങള്‍ ആശങ്ക അറിയിച്ചതോടെയാണ് പുതിയ തീരുമാനം.