ഇന്ത്യൻ ആരാധകർ ഇനിയും കാത്തിരിക്കണോ? അഫ്ഗാന് പാളിയ തുടക്കം
12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 66 എന്ന നിലയിലാണ് അഫ്ഗാനുള്ളത്
ഇന്ത്യൻ ആരാധകരുടെ അവസാനത്തെ പ്രതീക്ഷയ്ക്കും മങ്ങലേൽപ്പിച്ച് ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്താന് പാളിയ തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്റെ നാല് മുൻനിര താരങ്ങൾ 12 ഓവറിനകം തന്നെ കൂടാരം കയറിക്കഴിഞ്ഞു. നാല് വിക്കറ്റ് നഷ്ടത്തിൽ 66 എന്ന നിലയിലാണ് അഫ്ഗാനുള്ളത്.
ആദ്യം ബാറ്റ് ചെയ്യാനുള്ള അഫ്ഗാൻ നായകൻ മുഹമ്മദ് നബിയുടെ തീരുമാനം പിഴച്ചെന്നു തോന്നുന്ന തരത്തിലായിരുന്നു ടീമിന്റെ തുടക്കം. ഓപണർ മുഹമ്മഷ് ഷഹ്‌സാദി(നാല്)നെ മൂന്നാം ഓവറിൽ ആദം മിൽനെയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഡേവൻ കോൺവേ വിസ്മയകരമായ ക്യാച്ചിലൂടെ പുറത്താക്കി. പിന്നാലെ നാലാം ഓവറിൽ ഹസ്‌റത്തുല്ല സസായി(രണ്ട്)യെ ട്രെന്റ് ബോൾട്ട് മിച്ചൽ സാന്റ്‌നറുടെ കൈയിലുമെത്തിച്ചു. മൂന്നാമനായെത്തിയ മികച്ച ഫോമിലുള്ള റഹ്‌മാനുല്ല ഗുർബാസി(ആറ്)നും അധികം ആയുസുണ്ടായില്ല. ടിം സൗത്തി താരത്തെ വിക്കറ്റിനുമുന്നിൽ കുരുക്കി.
തുടർന്ന് ഒന്നിച്ച ഗുലാബുദ്ദീൻ നായിബും നജീബുല്ലാ സദ്‌റാനുമാണ് അഫ്ഗാനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത്. നജീബുല്ല ഒരു വശത്ത് തകർത്തടിച്ചപ്പോൾ ഗുലാബുദ്ദീൻ മികച്ച പിന്തുണയും നൽകി. എന്നാൽ, പത്താം ഓവറിൽ ഇഷ് സോധിയുടെ പന്തിൽ ഗുലാബുദ്ദീന്(18 പന്തിൽ ഒരു ഫോറോടെ 15) നിർഭാഗ്യകരമായ മടക്കം. താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് തിരിഞ്ഞുമാറി സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു. ഒടുവിൽ നജീബുല്ല സദ്‌റാനും(25 പന്തിൽ നാല് ബൗണ്ടറി സഹിതം 31) നായകൻ മുഹമ്മദ് നബി(നാല്)യുമാണ് ക്രീസിലുള്ളത്.
മാറ്റങ്ങളൊന്നുമില്ലാതെയാണ് ന്യൂസിലൻഡ് ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയത്. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ പുറത്തായിരുന്ന മുജീബുറഹ്‌മാൻ തിരിച്ചെത്തിയതാണ് അഫ്ഗാൻ നിരയിലെ മാറ്റം. ഇന്ത്യയുടെ സെമി പ്രതീക്ഷകൾക്ക് അഫ്ഗാന്റെ ജയം നിർബന്ധമാണ്.
ന്യൂസിലൻഡ് കളി ജയിച്ചാൽ നമീബിയയ്‌ക്കെതിരായ അവസാന മത്സരം വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരില്ല. ഫലം തിരിച്ചാണെങ്കിൽ പോയിന്റ് പട്ടികയിൽ ന്യൂസിലൻഡിനും അഫ്ഗാനും ആറ് പോയിന്റാകും. സ്‌കോട്ട്‌ലൻഡിനെതിരായ വൻവിജയത്തോടെ മികച്ച റൺറേറ്റ് നേടിയ ഇന്ത്യ അവസാന മത്സരം കൂടി നല്ല നിലയിൽ ജയിച്ചാൽ സെമി കടക്കാനാകുമെന്നാണ് പ്രതീക്ഷ.