'നാട് കത്തുമ്പോൾ അവർ ഐ.പി.എല്ലിൽ ആറാടുന്നു'; ശ്രീലങ്കൻ കളിക്കാർക്കെതിരെ അർജുന രണതുംഗ

മുൻ ക്യാപ്ടന്മാരടക്കം നിരവധി ശ്രീലങ്കൻ താരങ്ങൾ ഇത്തവണ ഐ.പി.എല്ലിന്റെ ഭാഗമാണ്

Update: 2022-04-12 12:03 GMT
Editor : André | By : Web Desk
Advertising

ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഭരണകൂടത്തിനെതിരെ ജനങ്ങൾ തെരുവിൽ പ്രക്ഷോഭം നടത്തുകയും ചെയ്യുമ്പോൾ ശ്രീലങ്കൻ കളിക്കാർ ഐ.പി.എല്ലിൽ ആറാടുകയാണെന്ന് അർജുന രണതുംഗ. ഐ.പി.എല്ലിൽ നിന്ന് ലീവെടുത്ത് താരങ്ങൾ നാട്ടിലേക്ക് മടങ്ങി പ്രക്ഷോഭത്തിൽ പങ്കെടുക്കണമെന്ന് ശ്രീലങ്കയെ 1996 ലോകകപ്പിൽ കിരീടത്തിലേക്ക് നയിച്ച രണതുംഗ ആവശ്യപ്പെട്ടു.

'ഐ.പി.എല്ലിൽ ആർഭാടപൂർവം കളിക്കുന്ന തിരക്കിലാണ് ചില ശ്രീലങ്കൻ കളിക്കാർ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളെപ്പറ്റി അവർക്കൊന്നും പറയാനില്ല. ഭരണകൂടത്തിനെതിരെ സംസാരിക്കാൻ അവർക്ക് ഭയമാണ്. മന്ത്രാലയത്തിനു കീഴിലെ ക്രിക്കറ്റ് ബോർഡിലെ ജോലിക്കാരായ അവർക്ക് ജോലി നഷ്ടമാകുമോ എന്നാണ് പേടി. തിന്മ നടക്കുമ്പോൾ അതിനെതിരെ സംസാരിക്കാനുള്ള ധൈര്യമുണ്ടാവണം. സ്വന്തം കാര്യം സംരക്ഷിക്കാൻ നോക്കുകയല്ല വേണ്ടത്.' - രണതുംഗ പറഞ്ഞു.

'ഐ.പി.എല്ലിൽ കളിക്കുന്ന ശ്രീലങ്കൻ താരങ്ങൾ ആരൊക്കെയെന്ന് നിങ്ങൾക്ക് നന്നായറിയാമല്ലോ. ആരെയെങ്കിലും പേരെടുത്തു പറയാൻ ഞാനുദ്ദേശിക്കുന്നില്ല. അവർ ഒരാഴ്ചയെങ്കിലും ലീവെടുത്ത് നാട്ടിലെത്തി പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കണം.' - 58 കാരനായ രണതുംഗ ആവശ്യപ്പെട്ടു.

ദേശീയ ടീമിന്റെ മുൻ ക്യാപ്ടന്മാരായ കുമാർ സംഗക്കാര, മഹേല ജയവർധന എന്നിവരടക്കം നിരവധി ശ്രീലങ്കൻ കളിക്കാർ ഈ വർഷത്തെ ഐ.പി.എല്ലിന്റെ ഭാഗമാണ്. പേസ് ബൗളർ ലസിത് മലിങ്ക രാജസ്ഥാൻ റോയൽസിന്റെ സപ്പോർട്ട് സ്റ്റാഫിലുണ്ട്. വനിന്ദു ഹസരങ്ക, ഭനുക രജപക്‌സ, ദുഷ്മന്ത ചമീര, ചമിത കരുണരത്‌നെ, മഹീഷ് തീക്ഷണ എന്നിവർ വിവിധ ടീമുകൾക്കു വേണ്ടി കളിക്കുന്നുണ്ട്.

സംഗക്കാരയും ജയവർധനയും ശ്രീലങ്കയിലെ പ്രക്ഷോഭങ്ങളെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടാറുണ്ട്. പ്രക്ഷോഭം നടത്തുന്ന ജനങ്ങളുടെ ശബ്ദം ഭരണകൂടം കേൾക്കണമെന്നാവശ്യപ്പെട്ട് ജയവർധന ഏപ്രിൽ മൂന്നിന് പോസ്റ്റിട്ടപ്പോൾ വിവിധ ഇടങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സംഗക്കാര ഷെയർ ചെയ്യാറുണ്ട്. ഇതിനൊപ്പം, പഞ്ചാബ് കിങ്‌സിനു വേണ്ടി കളിക്കുന്ന രജപക്‌സയും ബാംഗ്ലൂർ താരമായ ഹസരങ്കയും ശ്രീലങ്കയിലെ പ്രശ്‌നങ്ങളിൽ പ്രതികരണം നടത്തുകയും ജനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന അർജുന രണതുംഗ വിരമിച്ച ശേഷം ക്രിക്കറ്റ് ഭരണത്തിലും സജീവമായിരുന്നു. ശ്രീലങ്ക ഫ്രീഡം പാർട്ടിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ടൂറിസം മന്ത്രിയും ആയിരുന്നിട്ടുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News