ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്ക് കാരണം ടോസെന്ന് ഇന്ത്യൻ ബൗളിങ് കോച്ച്
ടോസിന് മത്സരത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള സ്വാധീനമുണ്ടാകാൻ പാടില്ല. ഈ ലോകകപ്പിൽ ടോസ് നേടുന്ന ടീമിന് കൂടുതൽ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ദുബൈയിൽ കളിക്കുമ്പോൾ-ഇന്ത്യയുടെ ബൗളിങ് പരിശീലകൻ ഭരത് അരുൺ ചൂണ്ടിക്കാട്ടി
ടി20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം ടോസായിരുന്നുവെന്ന് ഇന്ത്യൻ ബൗളിങ് കോച്ച് ഭരത് അരുൺ. ദുബൈയിലെ സാഹചര്യങ്ങളിൽ ടോസ് നേടുന്ന ടീമിന് നേട്ടമുണ്ടാക്കാനാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നാളെ നടക്കുന്ന ഇന്ത്യ-നമീബിയ മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഭരത് അരുൺ. യുഎഇ പിച്ചുകളിൽ ടോസ് നിർണായകമാണെന്ന തരത്തിൽ ചർച്ചകൾ ശക്തമാകുന്നതിനിടെ ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഇന്ത്യൻ ടീം മാനേജ്‌മെന്റിൽനിന്ന് ഒരാൾ പ്രതികരിക്കുന്നത്. ഇന്ത്യ തോറ്റ പാകിസ്താനും ന്യൂസിലൻഡിനുമെതിരായ രണ്ടു മത്സരങ്ങളും ദുബൈയിലാണ് നടന്നത്.
''തോൽവിയിൽനിന്ന് ഒഴിഞ്ഞുമാറുകയല്ല. ഈ ലോകകപ്പിൽ ടോസ് നേടുന്ന ടീമിന് കൂടുതൽ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ദുബൈയിൽ കളിക്കുമ്പോൾ. ടോസിന് മത്സരത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള സ്വാധീനമുണ്ടാകാൻ പാടില്ല. എന്നാൽ, ഇവിടെ അങ്ങനെയല്ല... ഇതൊന്നും ന്യായമായി പറയുകയല്ല. കൂടുതൽ നന്നായി ടീം കളിക്കേണ്ടിയിരുന്നു. മികച്ച രീതിയിൽ ബാറ്റ് ചെയ്യേണ്ടതുമുണ്ടായിരുന്നു.''- ഭരത് അരുൺ അഭിപ്രായപ്പെട്ടു.
ഈ ലോകകപ്പിൽ യുഎഇയിലെ ഒന്നും രണ്ടും ഇന്നിങ്‌സുകളിലെ ഇന്ത്യയുടെ ബാറ്റിങ്ങിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ടോസ് എതിർടീമിന് അനാവശ്യമായ നേട്ടമുണ്ടാക്കിയെന്നാണ് ഇന്ത്യൻ ബൗളിങ് കോച്ചിന്റെ വിലയിരുത്തൽ. ലോകകപ്പിനും ഐപിഎല്ലിനുമിടയിൽ കളിക്കാർക്ക് ഇടവേള അനിവാര്യമാണെന്നും അവരുടെ മാനസികാരോഗ്യം വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ ഫോർമാറ്റുകളിൽ ഇന്ത്യൻ താരങ്ങൾ വിശ്രമമില്ലാതെ കളിക്കുകയാണ്. രാജ്യത്ത് ഫാസ്റ്റ് ബൗളർമാരെ വാർത്തെടുക്കേണ്ടത് അനിവാര്യമാണെന്നു പറഞ്ഞുവച്ച ഭരത് അരുൺ ഈ ലോകകപ്പോടെ ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ കാലാവധി അവസാനിക്കുകയാണെന്നും അറിയിച്ചു.