കഠിനമായ സമയങ്ങൾ എന്നെ കരുത്തനാക്കി, ഫിറ്റ്‌നസ് ഉളളിടത്തോളം കാലം റണ്‍സടിച്ച് കൂട്ടും: ശിഖര്‍ ധവാന്‍
''പത്രം വായിക്കുകയോ വാര്‍ത്തകള്‍ കാണുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളില്‍ പലതും എന്നിലേക്ക് എത്താറില്ല. എന്‍റെ കഴിവില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്...''
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിയിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തതത് ശിഖര്‍ ധവാന്‍റെ തിരിച്ചുവരവിനെക്കുറിച്ചാണ്. തോല്‍വിയിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ച ധവാനാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 31 റണ്‍സ് അകലെ വീഴുകയായിരുന്നു. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി 79 റൺസോടെ ശിഖര്‍ ധവാന്‍ ടോപ് സ്കോററായി.
ടീമില്‍ സ്ഥിരമായി സ്ഥാനമില്ലാത്ത ധവാന് ഇത്തവണ തുണയായത് നായകന്‍ രോഹിത്തിന്‍റെ പരിക്കാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് തൊട്ടുമുമ്പ് രോഹിതിന് പരിക്കേറ്റതോടെ ഏകദിന ടീമിലേക്ക് ധവാന് വിളിയെത്തുകയായിരുന്നു. ടീമില്‍ വന്നുംപോയുമിരിക്കുന്ന ധവാനെ സംബന്ധിച്ച് ഫോം ഔട്ടാകുമ്പോള്‍ ഉണ്ടാകുന്ന വിമര്‍ശനങ്ങളെക്കുറിച്ച് താരം തന്നെ പ്രതികരിച്ചിരിക്കകയാണ് ഇപ്പോള്‍. വിമര്‍ശനങ്ങളെയും നെഗറ്റീവ് കമന്‍റുകളെയും താന്‍ അന്നും ഇന്നും കാര്യമായി എടുക്കാറില്ലെന്നായിരുന്നു ആദ്യ ഏകദിനത്തിനു ശേഷം ധവാന്‍റെ പ്രതികരണം.
'മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കും മറ്റ് ഗോസിപ്പുകള്‍ക്കും ഞാന്‍ ചെവി കൊടുക്കാറില്ല. പത്രം വായിക്കുകയോ വാര്‍ത്തകള്‍ കാണുകയോ ചെയ്യാറില്ല. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങളില്‍ പലതും എന്നിലേക്ക് എത്താറില്ല. എന്‍റെ കഴിവില്‍ എനിക്ക് പരിപൂര്‍ണ വിശ്വാസമുണ്ട്. എന്‍റെ കരിയറിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും ഞാന്‍ ബോധവാനാണ്. എല്ലാവരുടെ കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാറുണ്ട്. ഇതൊന്നും പുതിയ കാര്യങ്ങളല്ല. എന്നെ സംബന്ധിച്ച് കരിയറില്‍ ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്.
ഇത്തരം കഠിനമായ സംഭവങ്ങള്‍ എന്ന കൂടുതല്‍ കരുത്തനാക്കുകയാണ് ചെയ്യുക. ഫിറ്റായും ആരോഗ്യവാനായും ഇരിക്കുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. തീര്‍ച്ചയായും ഫിറ്റ്‌നെസും ആരോഗ്യവും നലനിര്‍ത്താന്‍ കഴിയുന്ന കാലത്തോളം ഞാന്‍ റണ്‍സ് അടിച്ചുകൂട്ടിക്കൊണ്ടിരിക്കും. ധവാന്‍ പറഞ്ഞു.
2023 ലോകകപ്പിനായി മകച്ച ഒരു ടീമിനെ വളര്‍ത്തിയെടുക്കുക എന്നാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനിടയില്‍ തിരിച്ചടികള്‍ നേരിട്ടേക്കാം. ടീം എന്ന നിലയില്‍ എങ്ങനെ മെച്ചപ്പെടാം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു സംഘത്തെ നമുക്ക് ലഭിച്ചു കഴിഞ്ഞു. ഇനി അതിനെ വാര്‍ത്തെടുക്കണം - ധവാന്‍ പറയുന്നു. അതേസമയം നായകൻ രോഹിത് ശർമ്മ കൂടി മടങ്ങിയെത്തുന്നതോടെ ടീം കരുത്തതാകുമെന്നും ശിഖർ ധവാൻ കൂട്ടിച്ചേര്‍ത്തു. രോഹിത് മടങ്ങിയെത്തുന്നതോടെ ബാറ്റിങ് നിര കൂടുതൽ പരിചയസമ്പത്തുള്ളതാകും. മധ്യനിര മെച്ചപ്പെടും. ദീർഘകാലം മുന്നിൽ കണ്ടുള്ളതാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെന്നും ധവാൻ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു ധവാൻ. 84 പന്തുകളിൽ നിന്ന് പത്ത് ഫോറുകൾ അടക്കം 79 റൺസാണ് ധവാൻ നേടിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ കേശവ് മഹാരാജ് ബൗൾഡാക്കുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ് ലിയുമൊത്തുള്ള ധവാന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമായിരുന്നു ഇന്ത്യന്‍ ഇന്നിങ്സില്‍ അല്‍പമെങ്കിലും മികച്ചുനിന്നത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് 296 റൺസെടുത്തത്. തെംമ്പ ബവുമയുടെയും വാൻ ഡെർ ഡൂസന്റെയും മികച്ച സ്‌കോർ പടുത്തുയർത്തിയത്. 143 പന്തിൽ നിന്ന് 110 റൺസെടുത്ത് ബവുമ പുറത്തായപ്പോൾ 129 റൺസെടുത്ത് ഡൂസൻ പുറത്താകാതെ നിന്നു.