'ചുവന്ന പന്തെറിയാൻ ഒരവസരം കൂടി തരൂ...' കേണപേക്ഷിച്ച് ഉനദ്കട്ട്; ആരാധകരുടെ മറുപടി ഇങ്ങനെ
തന്റെ ബൗളിങ് വേഗതയെ ചോദ്യം ചെയ്ത ഒരു ആരാധകന് മറുപടി നൽകാനും ഉനദ്കട്ട് മറന്നില്ല
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർമാരുടെ മിന്നും പ്രകടനം കണ്ട് കൈ തരിച്ചിരിക്കുകയാണ് ഇടങ്കയ്യൻ മീഡിയം പേസറായ ജയ്‌ദേവ് ഉനദ്കട്ട്; ഐ.പി.എല്ലിലൂടെ ശ്രദ്ധ നേടിയ താരത്തിന് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കുപ്പായത്തിൽ ഒരു ടെസ്റ്റ് കളിക്കാൻ ഒരു പതിറ്റാണ്ട് മുമ്പ് അവസരം ലഭിച്ചെങ്കിലും ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ചുവന്ന പന്തെറിയാൻ ഇനിയൊരു അവസരം ലഭിക്കുകയാണെങ്കിൽ താൻ തിളങ്ങുമെന്നും ഒരവസരമെങ്കിലും നൽകൂ എന്നുമാണ് താരം ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
ഈ മാസം 13-ന് തുടങ്ങേണ്ടിയിരുന്ന രഞ്ജി സീസൺ കോവിഡ് കാരണം രണ്ടാഴ്ചത്തേക്കു കൂടി നീട്ടിവെച്ച പശ്ചാത്തലത്തിലാണ് ബൗളർമാർക്ക് കൂടുതൽ പ്രാമുഖ്യമുള്ള ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാനുള്ള തന്റെ കാത്തിരിപ്പിന്റെ അക്ഷമ ട്വിറ്ററിലൂടെ താരം പ്രകടിപ്പിച്ചത്. വിരലുകൾക്കിടയിൽ ചുവന്ന പന്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം താരം എഴുതിയതിങ്ങനെ: 'പ്രിയപ്പെട്ട ചുവന്ന പന്തേ... ദയവായി എനിക്ക് ഒരു അവസരം കൂടി തരൂ... ഞാൻ നിനക്ക് അഭിമാനം സമ്മാനിക്കാം. ഇത് വാക്കാണ്...'
എന്നാൽ, 30-കാരനായ താരം കേൾക്കാനാഗ്രഹിക്കുന്ന മറുപടികളല്ല ട്വിറ്ററിൽ അദ്ദേഹത്തിന് ലഭിക്കുന്നത്. വേഗതയും കൃത്യതയും വിക്കറ്റെടുക്കാൻ ശേഷിയുമുള്ള പേസ് ബൗളർമാർ നിറഞ്ഞ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉനദ്കട്ടിന് ഇനിയൊരു അവസരമുണ്ടാകില്ലെന്നാണ് അധികമാളുകളും അഭിപ്രായപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്ത് മികച്ച ഫോം തുടരുമ്പോഴും ഉനദ്കട്ടിന് ദേശീയ ടീമിൽ അവസരം ലഭിക്കുക പ്രയാസമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഇടങ്കയ്യൻ പേസർമാർക്ക് ഇപ്പോഴും ക്ഷാമമുള്ള ഇന്ത്യയിൽ ആ ഗണത്തിൽ എണ്ണപ്പെട്ട താരമാണ് ഉനദ്കട്ട്. 2019-ൽ സൗരാഷ്ട്രയെ കിരീടത്തിലേക്ക് നയിച്ച താരം ആ രഞ്ജി സീസണിലെ ലീഡിങ് വിക്കറ്റ് ടേക്കറുമായിരുന്നു. ട്വന്റി 20, ലിസ്റ്റ് എ മത്സരങ്ങളിലാണ് ഇപ്പോൾ കൂടുതലായും കളിക്കുന്നത്. കോവിഡ് കാരണം 2020-21 രഞ്ജി സീസൺ റദ്ദാക്കിയതും ദേശീയ ടെസ്റ്റ് ടീമിലേക്കുള്ള സെലക്ഷന് ആഭ്യന്തര മത്സരങ്ങളിലെ മികവിന് കുറഞ്ഞ പരിഗണന നൽകുന്നതും താരത്തിന് തിരിച്ചടിയായി. കൗണ്ടി ക്രിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇന്ത്യയിലെ ക്രിക്കറ്റ് സീസൺ മെയ്, ജൂൺ വരെ നീളുന്നതിനാൽ പ്രയാസമാണെന്ന് ഒരു ആരാധകന് നൽകിയ മറുപടിയിൽ ഉനദ്കട്ട് പറഞ്ഞു.
തന്റെ ബൗളിങ് വേഗതയെ ചോദ്യം ചെയ്ത ഒരു ആരാധകന് മറുപടി നൽകാനും ഉനദ്കട്ട് മറന്നില്ല. 'ഏത് പേസിലാണ് താങ്കൾ പന്തെറിയുക?' എന്ന ചോദ്യത്തിന് 'എന്റെ നാട്ടിലെ ഫ്‌ളാറ്റ് ഗ്രൗണ്ടുകളിൽ പോലും വിക്കറ്റ് ലഭിക്കുന്ന പേസിൽ തന്നെ. എന്റെ കണക്കുകൾ കാണണമെങ്കിൽ വിശാലമായി നോക്കുക, എല്ലാം പരിശോധിക്കുക...' എന്നായിരുന്നു താരത്തിന്റെ മറുപടി.
സൗരാഷ്ട്രയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ഉനദ്കട്ടിന് തന്റെ 20-ാം വയസ്സിലാണ് ദേശീയ ടീം കുപ്പായമണിയാനുള്ള അവസരം ലഭിച്ചത്. 2010-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഒന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച താരം പക്ഷേ, മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു അത്. സെഞ്ചൂറിയനിൽ ആതിഥേയർ ഇന്നിങ്‌സിനും 25 റൺസിനും ജയിച്ച കളിയിൽ, ശ്രീശാന്തിനും ഇശാന്ത് ശർമയ്ക്കുമൊപ്പം മൂന്നാം പേസറായി കളിച്ച ഉനദ്കട്ട് 26 ഓവറാണ് എറിഞ്ഞത്. 101 റൺസ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും കിട്ടിയതുമില്ല. ഏറെ പ്രതീക്ഷകളോടെ കരിയർ ആരംഭിച്ച താരത്തിന് പിന്നീട് ഇന്ത്യൻ ടീമിന്റെ വെള്ളക്കുപ്പായം അണിയാൻ അവസരം ലഭിച്ചതുമില്ല.