ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഉൻമുക്ത് ചന്ദ് ഇനി അമേരിക്കയിൽ; ക്രിക്കറ്റ് ലീഗുമായി കരാർ ഒപ്പുവെച്ചു
അമേരിക്കയിൽ പൗരത്വമെടുക്കുകയും റസിഡൻസ് കാലാവധി പൂർത്തിയാക്കുകയും ചെയ്താൽ യു.എസ് ദേശീയ ടീമിലും താരത്തിന് കളിക്കാൻ കഴിയും
28-ാം വയസ്സിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ അണ്ടർ 19 ദേശീയ താരം ഉൻമുക്ത് ചന്ദ് അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റുമായി കരാർ ഒപ്പുവെച്ചു. 2012-ലെ അണ്ടർ 19 ലോകകപ്പ് നേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച ചന്ദ്, ഇനി അമേരിക്കക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് യു.എസ്.എ ക്രിക്കറ്റിന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന ലീഗിൽ കളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്കുള്ള കരാറിലാണ് നിലവിൽ ഒപ്പിട്ടിരിക്കുന്നത്.
2023-ൽ ആരംഭിക്കാനിരിക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ സിലിക്കൺ വാലി സ്‌ട്രൈക്കേഴ്‌സിനു വേണ്ടിയാവും വലങ്കയ്യൻ ബാറ്റ്‌സ്മാനായ ഉൻമുക്ത് ചന്ദ് പാഡണിയുക. ടൂർണമെന്റിനു മുന്നോടിയായി നടക്കുന്ന മൈനർ ലീഗ് ക്രിക്കറ്റിലും താരം കളിക്കും. യു.എസ്.എയിലുടനീളമുള്ള 27 നഗര ടീമുകളാണ് മൈനർ ലീഗിൽ കളിക്കുന്നത്. അമേരിക്കയിൽ ക്രിക്കറ്റിന് പ്രചാരം നൽകാനും ദേശീയ ക്രിക്കറ്റിനെ ശക്തിപ്പെടുത്താനും ഉദ്ദേശിച്ചാണ് മേജർ, മൈനർ ലീഗുകൾ രൂപകൽപന ചെയ്തിരിക്കുന്നത് യു.എസ്.എ ക്രിക്കറ്റ് അറിയിച്ചു.
അണ്ടർ 19 ലോകകപ്പ് നേട്ടത്തോടെ ഇന്ത്യയുടെ ഭാവിവാഗ്ദാനമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ഉൻമുക്ത് ചന്ദിന് പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഡൽഹി ഡെയർഡെവിൾസ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ഐ.പി.എൽ ടീമുകളിലും ഇടംനേടിയെങ്കിലും ശോഭിക്കാൻ കഴിഞ്ഞില്ല. 2020 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ടി.വി കമന്റേറ്റായും താരം ജോലിനോക്കിയിരുന്നു.
ഇന്ത്യയിൽ വേണ്ടത്ര അവസരം ലഭിക്കാത്തതിനാലാണ് അമേരിക്കയിലേക്ക് പോകുന്നതെന്നും അമേരിക്കൻ ക്രിക്കറ്റിന്റെ വളർച്ചയിൽ പങ്കാളിയാവാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും ഡൽഹി സ്വദേശിയായ ചന്ദ് പറഞ്ഞു.
'കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കാര്യങ്ങൾ എനിക്ക് എളുപ്പമായിരുന്നില്ല. നിരവധി അവസരങ്ങൾ നിഷേധിക്കപ്പെട്ടു. ഞാൻ എന്നും എന്റെ കളിയോട് ആത്മാർത്ഥത കാണിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്തിരുന്നു. ചില കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ സംഭവിച്ചില്ല. അതുകൊണ്ടാണ് പുതിയ തീരുമാനങ്ങൾ എടുക്കുന്നത്. കഠിനാധ്വാനത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. വിധിയും ദൈവവും നമുക്കു മുന്നിൽ കരുതിവെക്കുന്നത് എന്താണെന്ന് ഇപ്പോൾ പറയാനാവില്ലല്ലോ...' - ചന്ദ് പറഞ്ഞു.
ഇന്ത്യയിൽ അവസരം കുറഞ്ഞതോടെയാണ് അമേരിക്കയിൽ ഭാഗ്യം പരീക്ഷിക്കാൻ ഉൻമുക്ത് ചന്ദ് മുതിർന്നത് എന്നാണ് സൂചന. മുൻ പാകിസ്താൻ ഓപണർ സമി അസ്ലം, അണ്ടർ 19 ഇന്ത്യൻ ടീമിൽ ഉൻമുക്ത് ചന്ദിന്റെ സഹതാരങ്ങളായിരുന്ന സ്മിത് പട്ടേൽ, ഹർമീത് സിങ് തുടങ്ങിയ ഇരുപതോളം വിദേശ താരങ്ങൾ മേജർ ലീഗ് ക്രിക്കറ്റിന്റെ ഭാഗമാകും എന്നാണറിവ്. അമേരിക്കയിൽ പൗരത്വമെടുക്കുകയും റസിഡൻസ് കാലാവധി പൂർത്തിയാക്കുകയും ചെയ്താൽ യു.എസ് ദേശീയ ടീമിലും താരത്തിന് കളിക്കാൻ കഴിയും.