കൊൽക്കത്തയുടെ വെങ്കിടേഷ്, ദ ഗ്രേറ്റ് അയ്യർ

സെമി ഫൈനലിൽ കാഗിസോ റബാദയെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരൊറ്റ ഷോട്ടു മതി 'അയ്യരുകളിയുടെ' ക്ലാസ് അറിയാൻ

Update: 2021-10-15 12:17 GMT
Advertising

സേതുരാമയ്യരാണ് മലയാളിക്ക് ഏറ്റവും പരിചിതനായ വലിയ അയ്യർ. കുറ്റാന്വേഷണ ചിത്രങ്ങളിലൂടെ മഹാനടൻ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രം. ഏതു കുറ്റവും കണ്ടുപിടിക്കാനുള്ള ബുദ്ധിയാണ് അയ്യരുടെ കൈമുതൽ. അയ്യരിറങ്ങിയാൽ ആ കേസ് പിന്നെ തെളിയിച്ചിട്ടേ പോകൂ എന്ന് ചുരുക്കം.

ഐപിഎല്ലിൽ ഷാരൂഖ് ഖാന്റെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലും ഇങ്ങനെയൊരു അയ്യരുണ്ട്. ഒരു പുത്തൻതാരോദയം- വെങ്കിടേഷ് അയ്യർ. ഐപിഎല്ലിന്റെ ആദ്യ ലെഗ്ഗിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്തയെ ഫൈനലിലെത്തിച്ചതിന്റെ ക്രഡിറ്റ് അയ്യർക്ക് കൂടി അവകാശപ്പെട്ടതാണ്. ഒരുപക്ഷേ, ഈ ഐപിഎൽ സീസണിന്റെ ഏറ്റവും വലിയ കണ്ടെത്തൽ ആര് എന്ന ചോദ്യത്തിനുള്ള ഉത്തരവും വെങ്കിടേഷ് അയ്യർ എന്നു തന്നെയാകും. 


ആദ്യ പന്തു മുതൽ തന്നെ ആക്രമിച്ചു കളിക്കാനുള്ള നിർഭയത്വമാണ് അയ്യരെ വേറിട്ടു നിർത്തുന്നത്. ചുമ്മാ കണ്ണുംപൂട്ടിയുള്ള അടിയൊന്നുമല്ല, മികച്ച സ്‌ട്രോക്ക് പ്ലേയാണ് ഇതുവരെ താരം പുറത്തെടുത്തിട്ടുള്ളത്. 40 ശരാശരിയിൽ 320 റൺസാണ് ഇതുവരെ അയ്യരുടെ അക്കൗണ്ടിലുള്ളത്. സ്‌ട്രൈക്ക് റേറ്റ് 125. 407 റൺസ് അടിച്ചുകൂട്ടിയ റിതുരാജ് ഗെയ്ക്‌വാദ് മാത്രമാണ് ടൂർണമെന്റിന്റെ രണ്ടാം ഘട്ടത്തിലെ റൺവേട്ടയിൽ അയ്യർക്ക് മുകളിലുള്ളത്. അതു മാത്രമല്ല, അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലെല്ലാം അയ്യർ അർധ സെഞ്ച്വറിയെങ്കിലും കണ്ടെത്തിയിട്ടുണ്ട്.

കൊൽക്കത്തൻ ക്യാപ്റ്റൻ ഒയിൻ മോർഗൻ, മെന്റർ ഡേവിഡ് ഹസ്സി എന്നിവരുടെ തണലിലാണ് 26കാരൻ വളർന്നത്. കളിയിൽ വലിയ ഭാവിയുള്ള താരമെന്നാണ് ഹസ്സി അയ്യരെ വിശേഷിപ്പിക്കുന്നത്. കളിയുടെ സാഹചര്യങ്ങളെ തന്നെ മാറ്റി മറിക്കുന്നതാണ് അയ്യരുടെ കൂറ്റൻ സിക്‌സറുകൾ എന്നും അദ്ദേഹം പറയുന്നു. സെമി ഫൈനലിൽ കാഗിസോ റബാദയെ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരൊറ്റ ഷോട്ടു മതി 'അയ്യരുകളിയുടെ' ക്ലാസ് അറിയാൻ. 


ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മധ്യപ്രദേശിലെ ഇൻഡോറിലാണ് അയ്യർ താമസിക്കുന്നത്. ഡോക്ടർമാരും എഞ്ചിനീയർമാരും നിറഞ്ഞ കുടുംബത്തിൽ അയ്യർ പഠിച്ചത് ചാർട്ടേഡ് അക്കൗണ്ടൻസി. ബഹുരാഷ്ട്ര അക്കൗണ്ടിങ് കമ്പനിയായ ഡെലോയ്‌ട്ടെയിൽ ജോലിയും കിട്ടി. എന്നാൽ കളിപ്പിരാന്ത് മൂത്ത് ആ ഓഫർ വേണ്ടെന്നു വച്ചു. മകനെ ഐഐഎമ്മിലോ ഐഐടിയിലോ ചേർത്ത് പഠിപ്പിക്കാനായിരുന്നു മാതാപിതാക്കളുടെ തീരുമാനം. എന്നാൽ പയ്യനെ പിടിച്ച് ക്രിക്കറ്ററാക്കിയത് ഇൻഡോറിലെ പ്രാദേശിക പരിശീലകൻ ദിനേശ് ശർമ്മയാണ്.

സൗരവ് ഗാംഗുലിയുടെ ബാറ്റിങ് കണ്ട് വളർന്ന അയ്യർക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വപ്‌ന സാക്ഷാത്കാരമാണ്. സ്വന്തം ടീമിന് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞാൽ അത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും. 

Tags:    

Writer - abs

contributor

Editor - abs

contributor

By - അഭിമന്യു എം

contributor

Similar News