'അവളോട് എങ്ങനെ 'ഹായ്' പറയും എന്ന് തലപുകയ്ക്കുകയായിരുന്നു ഞാൻ'-അനുഷ്‌കയുമായുള്ള പ്രണയക്കഥ വെളിപ്പെടുത്തി കോഹ്ലി

''അനുഷ്‌ക വരുന്നതിനും അഞ്ചുമിനിറ്റ് മുൻപ് ഞാൻ സെറ്റിലെത്തിയിരുന്നു. പരിഭ്രമത്തിലായിരുന്നു ഞാന്‍. അവൾക്ക് ഇത്രയും നീളമുണ്ടെന്ന് അറിഞ്ഞിരുന്നില്ല.''

Update: 2023-03-22 07:22 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബോളിവുഡ് താരം അനുഷ്‌ക ശർമയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. പ്രണയം പറയുംമുന്‍പ് തന്നെ ഇരുവരും ചാറ്റ് ചെയ്യാറുണ്ടായിരുന്നെന്നും പെട്ടെന്നൊരുനാള്‍ സംഭവിച്ച പ്രണയമല്ലെന്നും കോഹ്ലി പറഞ്ഞു. അനുഷ്‌കയെ ആദ്യമായി നേരിൽകണ്ട അനുഭവവും താരം വെളിപ്പെടുത്തി.

അടുത്തും ആർ.സി.ബിയിലെ മുൻ സഹതാരവുമായ എ.ബി ഡിവില്ലിയേഴ്‌സിന്റെ 'ദ 360 ഷോ'യിലാണ് കോഹ്ലി മനസ് തുറന്നത്. 2013ൽ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അൽപം പരിഭ്രമത്തോടെയാണ് അനുഷ്‌കയെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തിയ കോഹ്ലി ആദ്യ കൂടിക്കാഴ്ചയിലെ രസകരമായ അനുഭവങ്ങളും തുറന്നുപറഞ്ഞു.

'ഏറെ സമ്മർദത്തോടെയാണ് ഞാൻ സെറ്റിലെത്തിയത്. അവളോട് എങ്ങനെ 'ഹായ്' പറയും, എന്തു പറയുമെല്ലാം ആലോചിക്കുകയായിരുന്നു ഞാൻ. അനുഷ്‌ക വരുന്നതിനും അഞ്ചുമിനിറ്റ് മുൻപ് ഞാൻ സ്ഥലത്തെത്തിയിരുന്നു. അവൾക്ക് ഇത്രയും നീളമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.'

സാധാരണ ഉയരത്തിലുള്ള ഹീലുള്ള ചെരിപ്പാണ് അനുഷ്‌ക ഇട്ടിരുന്നത്. ഞാൻ അവൾക്കുമുന്നിൽ നിന്നാൽ ഒരു കുള്ളനെപ്പോലെയുണ്ടാകുമെന്നും ഹൈഹീൽ ചെരിപ്പ് ഇടരുതെന്നും ആരെങ്കിലും പറഞ്ഞുകാണണം. അവരെ കണ്ട ശേഷം എന്റെ ആദ്യത്തെ ചോദ്യം ഇങ്ങനെയായിരുന്നു: 'ഉയരമുള്ള ഒന്നും ഇടാൻ കിട്ടിയില്ലേ?'-കോഹ്ലി വെളിപ്പെടുത്തി.

'എന്താ പറഞ്ഞേ... മനസിലായില്ല' എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. ആകെ കുഴപ്പത്തിലായി. കൂടുതൽ പതറാൻ തുടങ്ങി ഞാൻ. പിന്നീട് ഷൂട്ട് പൂർത്തിയാകുകയും അവൾ കൊള്ളാവുന്ന കക്ഷിയാണെന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ പരസ്പരം ബന്ധപ്പെടാൻ തുടങ്ങിയതും സുഹൃത്തുക്കളായതും-മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.

'പതുക്കെ ഞങ്ങൾ ഡേറ്റിങ്ങും തുടങ്ങി. പെട്ടെന്നുള്ള ഡേറ്റിങ്ങായിരുന്നില്ല അത്. കുറേനാൾ ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. ഞാൻ അവളുമായി പ്രണയത്തിലാകുകയാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. മാസങ്ങളോളം ചാറ്റ് ചെയ്ത ശേഷം ഞാൻ 'സിംഗിളായിരുന്നപ്പോൾ, അങ്ങനെ ചെയ്തിരുന്നു, ഇങ്ങനെ ചെയ്തിരുന്നുവെന്നെല്ലാം പറഞ്ഞ് ഒരു ദിവസം മെസേജ് അയച്ചു ഞാൻ.

'സിംഗിളായിരുന്നു' എന്നു പറഞ്ഞതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്നായിരുന്നു അനുഷ്‌കയുടെ മറുചോദ്യം. ഞാൻ ആദ്യമേ പ്രണയം ഉറപ്പിച്ചിരുന്നെങ്കിലും അത് അൽപം അരോചകമായി തോന്നി. പിന്നീടാണ് അവൾ എന്നെ ഒപ്പം കൂട്ടാൻ കൊള്ളുമെന്നെല്ലാം തീരുമാനിക്കുന്നത്-വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.

2017ലാണ് വിരാട് കോഹ്ലിയും അനുഷ്‌കയും വിവാഹിതരാകുന്നത്. ഇറ്റലിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. പിന്നീട് ഇന്ത്യയിലെത്തി വൻ ആഘോഷപരിപാടികളും നടത്തി. 2021 ജനുവരിയിലാണ് താരദമ്പതികൾക്ക് പെൺകുഞ്ഞ് പിറക്കുകയും ചെയ്തു. വാമിക എന്ന് പേരിട്ട മകളെ ഇതുവരെ പൊതുരംഗത്ത് ഇറക്കിയിട്ടില്ല.

Summary: Indian cricketer Virat Kohli reveals his love story and first meeting with Bollywood star Anushka Sharma

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News