21 ഇന്നിങ്‌സിൽ 12 ഫിഫ്റ്റി, 989 റൺസ്, 90 ശരാശരി! 'ടി20 കിങ്' കോഹ്ലി
സിഡ്‌നിയിലെ അർധസെഞ്ച്വറി ഇന്നിങ്‌സോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ റൺവേട്ടക്കാരനായിരിക്കുകയാണ് കോഹ്ലി
സിഡ്‌നി: ഫോമില്ലാതെ മാസങ്ങളോളം തപ്പിത്തടഞ്ഞു. ഒരു ഘട്ടത്തിൽ കോഹ്ലിയില്ലാത്തൊരു ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകൾ വരെ സജീവമായി. എന്നാൽ, ചെറിയൊരു ടച്ച് മാത്രം മതിയായിരുന്നു അയാൾക്ക്, ആ പഴയ ഫോമിലേക്ക് തിരിച്ചെത്താൻ. ഇപ്പോഴിതാ തുടരെ അർധസെഞ്ച്വറികളുമായി ഫോമിന്റെ പരകോടിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നുവെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ് കോഹ്ലി. ഒപ്പം, ലോകകപ്പ് ചരിത്രത്തിൽ തന്നോട് ഏറ്റുമുട്ടാൻ മറ്റാരുമില്ലെന്നും ഇന്നിങ്‌സിലൂടെ കോഹ്ലി തെളിയിച്ചു.
സിഡ്‌നിയിലെ അർധസെഞ്ച്വറി ഇന്നിങ്‌സോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ റൺവേട്ടക്കാരനായിരിക്കുകയാണ് കോഹ്ലി. 21 ഇന്നിങ്‌സിൽനിന്ന് 989 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. അതിൽ 12 അർധസെഞ്ച്വറി! മുന്നിലുള്ളത് ശ്രീലങ്കൻ മുൻ നായകൻ മഹേല ജയവർധനെ മാത്രം. 27 റൺസകലെ ആ റെക്കോർഡും പഴങ്കഥയാകാനിരിക്കുന്നു. 965 റൺസുള്ള വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിനെയാണ് ഇന്ന് കോഹ്ലി പിന്തള്ളിയത്.
ഇതോടൊപ്പം ടി20 ലോകകപ്പിൽ കോഹ്ലിയുടെ ശരാശരി ഞെട്ടിപ്പിക്കുന്നതാണ്. 89.9 ആണ് താരത്തിന്റെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള പാക് താരം മുഹമ്മദ് റിസ്‌വാനിൽനിന്ന് ബഹുദൂരം മുന്നിൽ. 57 ആണ് റിസ്‌വാന്റെ ശരാശരി. മൈക്കൽ ഹസി(54.6), ബാബർ അസം(50.5), ചരിത് അസലങ്ക((47.3) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുള്ളവർ.
നിലവില്‍ ഈ ലോകകപ്പിൽ സൂപ്പർ 12ലെ റൺവേട്ടക്കാരിലും ഒന്നാമനാണ് കോഹ്ലി. രണ്ട് മത്സരങ്ങളിൽനിന്ന് രണ്ട് അർധസെഞ്ച്വറിയുമായി 144 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. 110 റൺസുമായി ക്വിന്റൻ ഡികോക്ക് ആണ് രണ്ടാം സ്ഥാനത്ത്.
പതുക്കെത്തുടങ്ങി, കത്തിക്കയറി
ഏഷ്യാ കപ്പിൽ അഫ്ഗാനിസ്താനെതിരെ കുറിച്ച അതിമനോഹരമായ സെഞ്ച്വറി ഇന്നിങ്‌സ് വിമർശകരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടിയായിരുന്നു. എന്നാൽ, ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ വീരോചിതമായ ഇന്നിങ്‌സോടെ കോഹ്ലി അതങ്ങ് സ്ഥാപിച്ചുകഴിഞ്ഞു. അതെ, കിങ് കോഹ്ലി ഈസ് ബാക്ക്. ലോകക്രിക്കറ്റിനെ വർഷങ്ങളോളം അടക്കിവാണ കോഹ്ലി എതിരാളികൾക്ക് പേടിസ്വപ്‌നമായി വീണ്ടും ആ ഫോമിന്റെ പരകോടിയിൽ തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ഇന്ന് നെതർലൻഡ്‌സിനെതിരെ സിഡ്‌നിയിലെ വലിയ മൈതാനത്ത് കുറിച്ച അർധസെഞ്ച്വറി.
താരതമ്യേനെ ക്രിക്കറ്റ് ലോകത്തെ ദുർബലരായ നെതർലൻഡ്‌സ് ബൗളർമാർക്കെതിരെ ഓപണർ കെ.എൽ രാഹുലും നായകൻ 'ഹിറ്റ്മാൻ' രോഹിത് ശർമയും തപ്പിത്തടഞ്ഞപ്പോഴാണ് എം.സി.ജി ഇന്നിങ്‌സിനു സമാനമായി കരുതലോടെ തുടങ്ങി, പതുക്കെ കത്തിക്കയറി കോഹ്ലിയുടെ ക്ലാസ് ഇന്നിങ്‌സ്. ചെറിയ സ്‌കോറിലൊതുങ്ങുമെന്ന് കരുതപ്പെട്ട ഇന്ത്യയെ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് 179 എന്ന മികച്ച നിലയിലെത്തിക്കുകയും ചെയ്തു. മത്സരത്തിൽ 44 പന്തിൽ മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയാണ് കോഹ്ലി 62 റൺസ് അടിച്ചെടുത്തത്.
Summary: Virat Kohli becomes second highest run-scorer in T20 World Cup history