''മോശം കാലത്ത് അനുഷ്‌കയ്‌ക്കൊപ്പം എനിക്ക് കരുത്തായത് ധോണി; എന്നെ ചിറകുവിരിച്ച് വളർത്തി'- വെളിപ്പെടുത്തി കോഹ്ലി

'ധോണി ഇങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. അപൂർവമായേ അങ്ങോട്ട് ബന്ധപ്പെടാനാകൂ. ധോണിയെ വിളിച്ചാൽ 99 ശതമാനവും ഫോൺ എടുക്കില്ല. അദ്ദേഹം ഫോണിൽ നോക്കാറില്ല.'

Update: 2023-02-25 06:40 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയുമായുള്ള ആത്മബന്ധം കൂടുതൽ വെളിപ്പെടുത്തി വിരാട് കോഹ്ലി. കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഭാര്യ അനുഷ്‌ക ശർമയ്ക്കു പുറമെ ആത്മാർത്ഥമായി പിന്തുണയുമായി തനിക്ക് കരുത്ത് നൽകിയത് ധോണിയാണെന്ന് കോഹ്ലി വെളിപ്പെടുത്തി. ക്യാപ്റ്റനാകുന്നതിനു മുൻപും ക്യാപ്റ്റനായ ശേഷവുമെല്ലാം ധോണിയുടെ വലങ്കയ്യായിരുന്നു താനെന്നും താരം വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ(ആർ.സി.ബി)യുടെ 'പോഡ്കാസ്റ്റ് സീസൺ രണ്ടിലാ'ണ് കോഹ്ലിയുടെ തുറന്നുപറച്ചിൽ. 'കരിയറിൽ മറ്റൊരു ഘട്ടമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. കരിയറിൽ ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ചിട്ട് ഒരുപാട് കാലമായിട്ടുണ്ട്. ഈ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അനുഷ്‌കയ്ക്കും കുട്ടിക്കാലത്തെ കോച്ചിനും കുടുംബത്തിനും പുറമെ ആത്മാർത്ഥമായും എന്നോട് ബന്ധപ്പെട്ട ഒരേയൊരാൾ എം.എസ് ധോണിയായിരുന്നു.'-കോഹ്ലി വെളിപ്പെടുത്തി.

'ധോണി ഇങ്ങോട്ട് വിളിക്കുകയാണ് ചെയ്തത്. വളരെ അപൂർവമായേ ധോണിയെ അങ്ങോട്ട് ബന്ധപ്പെടാനാകൂ. അദ്ദേഹത്തെ വിളിച്ചാൽ 99 ശതമാനവും ഫോൺ എടുക്കില്ല. അദ്ദേഹം ഫോണിൽ നോക്കാറില്ല എന്നതു തന്നെ കാരണം. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങോട്ട് വിളിച്ചത്.'

അങ്ങനെ രണ്ടു പ്രാവശ്യം അദ്ദേഹം എന്നെ വിളിച്ചു. ഒരിക്കൽ എനിക്ക് അയച്ച ഒരു മെസേജ് ഇങ്ങനെയായിരുന്നു: 'നമ്മൾ ശക്തരായി ഇരിക്കുമ്പോഴും, അങ്ങനെ തോന്നിക്കുമ്പോഴെല്ലാം നമ്മുടെ സ്ഥിതി എന്താണെന്ന് ആൾക്കാർ ചോദിക്കാൻ മറക്കും.' ആ മെസേജ് എന്നെ സംബന്ധിച്ച് വളരെ കൃത്യമായിരുന്നു. പൂർണ ആത്മവിശ്വാസവും മാനസികമായി കരുത്തുമുള്ള, നമുക്ക് മുന്നോട്ടുള്ള വഴികാണിക്കാൻ കഴിയുന്ന ഒരാളെ തേടിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ-കോഹ്ലി തുടർന്നു.

ഇത്രയും കാലം കളിച്ച ഒരാൾക്ക് അങ്ങനെ ചെന്ന് സംസാരിക്കാവുന്ന അധികം ആളുകളില്ല. അതുകൊണ്ടാണ് ഈയൊരു സംഭവം ഞാൻ എടുത്തുപറഞ്ഞത്. എന്താണ് സംഭവിക്കുന്നതെന്ന് ധോണിക്കറിയാമായിരുന്നു. ഞാൻ അനുഭവിച്ചതെല്ലാം അദ്ദേഹവും നേരിട്ടിട്ടുണ്ട്. അത്തരമൊരു അനുഭവത്തിൽനിന്നേ അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റൊരാളോട് നമുക്ക് അനുകമ്പയോടെയും തിരിച്ചറിവോടെയും പെരുമാറാനാകൂവെന്നും വിരാട് കോഹ്ലി ചൂണ്ടിക്കാട്ടി.

2012 മുതൽ നായകസ്ഥാനത്തേക്ക് ധോണി എന്നെ വളർത്തിക്കൊണ്ടുവരികയായിരുന്നുവെന്നും കോഹ്ലി വെളിപ്പെടുത്തി. ചിറകുവിരിച്ച് സംരക്ഷിക്കുന്നതു പോലെയായിരുന്നു അത്. എപ്പോഴും അദ്ദേഹവുമായി ആശയവിനിമയം നടത്തും. എന്നും അദ്ദേഹത്തിന്റെ വലങ്കയ്യായിരുന്നു ഞാൻ. ക്യാപ്റ്റനായ ശേഷവും അദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു. എനിക്ക് ഉപദേശങ്ങളെല്ലാം തരുമായിരുന്നുവെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

Summary: "I was always MS Dhoni's right-hand man, he is only person who genuinely reached out to me...": Virat Kohli on MS Dhoni

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News