ടെസ്റ്റ് ക്യാപ്റ്റന്‍സിയുമൊഴിഞ്ഞു; വീണ്ടും ഞെട്ടിച്ച് വിരാട് കോഹ്ലി

മുൻ നായകൻ എംഎസ് ധോണിക്കുകൂടി കടപ്പാടറിയിച്ചാണ് കോഹ്ലി കുറിപ്പ് അവസാനിപ്പിച്ചത്. നായകനെന്ന നിലയില്‍ തന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ പ്രാപ്തനായ ആളെന്ന നിലയില്‍ തന്നെ കണ്ടെടുക്കുകയും ചെയ്തത് ധോണിയാണെന്ന് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കോഹ്ലി

Update: 2022-01-15 17:31 GMT
Editor : Shaheer | By : Web Desk
Advertising

ഏകദിനത്തിനും ടി20ക്കും പിറകെ ടെസ്റ്റ് നായകസ്ഥാനവുമൊഴിഞ്ഞ് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരതോൽവിക്കു പിറകെയാണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ടെസ്റ്റ് ജയം സമ്മാനിച്ച നായകന്റെ പടിയിറക്കം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് കോഹ്ലിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

ടി20 ലോകകപ്പ് തോല്‍വിക്കു പിറകെയാണ് കോഹ്ലി ചെറിയ ഫോര്‍മാറ്റിലെ നായകസ്ഥാനമൊഴിഞ്ഞത്. പിന്നാലെ, ഏകദിനത്തിലും കോഹ്ലിയെ മാറ്റി ബിസിസിഐ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചിരുന്നു. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

ടീമിനെ ശരിയായ ദിശയിലെത്തിക്കാനായുള്ള നിരന്തരം പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഏഴുവർഷമാണ് പിന്നിടുന്നതെന്ന് കോഹ്ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു. അത്യധികം സത്യസന്ധതയോടെയാണ് ഞാൻ ജോലി ചെയ്തത്. ഒന്നും ബാക്കിവച്ചിട്ടില്ല. എല്ലാ കാര്യങ്ങൾക്കും ഒരുഘട്ടമെത്തിയാൽ അവസാനമുണ്ടാകും. ഇന്ത്യന്‍ ടെസ്റ്റ് നായകനെന്ന നിലയ്ക്കുള്ള എന്‍റെ അന്ത്യമാണിപ്പോള്‍-വികാരഭരിതമായ കുറിപ്പിൽ കോഹ്ലി പറഞ്ഞു.

ഈ യാത്രയിൽ ഒരുപാട് കയറ്റിറക്കങ്ങളെല്ലാമുണ്ടായിട്ടുണ്ട്. എന്നാൽ, ഒരിക്കലും അധ്വാനക്കുറവോ വിശ്വാസക്കുറവോ ഒന്നുമുണ്ടായിട്ടില്ല. എന്‍റെ കഴിവിന്‍റെ 120 ശതമാനവും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അര്‍പ്പിക്കണമെന്നാണ് എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യാനാകുന്നില്ലെങ്കിൽ അത് ശരിയല്ലെന്ന് എനിക്കറിയാം. എന്റെ മനസിൽ പൂര്‍ണ വ്യക്തതയുണ്ട്. ടീമിനോട് വഞ്ചനകാണിക്കാൻ എനിക്കാകില്ല-കോഹ്ലി പറയുന്നു.

ഇത്രയും നീണ്ടകാലം ടീമിനെ നയിക്കാൻ അവസരം നൽകിയതിൽ ബിസിസിഐക്ക് നന്ദി രേഖപ്പെടുത്തുന്നതായും കോഹ്ലി കുറിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന്റെ കാര്യത്തിൽ എനിക്കുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ ആദ്യദിനം മുതൽതന്നെ സ്വീകരിച്ച സഹതാരങ്ങളാണ്. ഒരുഘട്ടത്തിലും അവരത് ഉപേക്ഷിച്ചില്ല. നിങ്ങളാണ് ഈ യാത്ര അവിസ്മരണീയവും മനോഹരവുമാക്കിയതെന്നും താരം കുറിച്ചു.

മുൻ പരിശീലകൻ രവി ശാസ്ത്രിക്കും പഴയ സപ്പോർട്ട് സ്റ്റാഫിനും പ്രത്യേകം നന്ദിരേഖപ്പെടുത്തിയിട്ടുണ്ട്. ''ടെസ്റ്റ് ക്രിക്കറ്റിൽ നമ്മെ നിരന്തരം ഉയർച്ചയിലേക്ക് നയിച്ച വാഹനത്തിനു പിന്നിലെ എൻജിനുകളായിരുന്നു രവി ശാസ്ത്രിയും സപ്പോർട്ട് സ്റ്റാഫും. അവരോട് പറയാനുള്ളത് ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ് നിങ്ങളെന്നാണ്. അവസാനമായി, മുൻ നായകൻ എംഎസ് ധോണിക്കുകൂടി വലിയവാക്കില്‍ നന്ദി പറഞ്ഞാണ് കോഹ്ലി കുറിപ്പ് അവസാനിപ്പിച്ചത്. നായകനെന്ന നിലയ്ക്ക് തന്നെ വിശ്വസിക്കുകയും ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുനയിക്കാൻ പ്രാപ്തനായയാളെന്ന നിലയില്‍ തന്നെ കണ്ടെടുക്കുകയും ചെയ്തയാളാണ് ധോണിയെന്ന് കോഹ്ലി കുറിച്ചു.

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുഗം

68 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40ലും ടീമിനെ ജയത്തിലേക്ക് നയിച്ചാണ് കോഹ്ലി പിൻവാങ്ങുന്നത്. 2014 ഡിസംബറിൽ ഓസീസ് ടൂറിലായിരുന്നു കോഹ്ലിയുടെ നായകനായുള്ള അരങ്ങേറ്റം. പരിക്കേറ്റ ധോണിക്ക് പകരം അഡലെയ്ഡ് ടെസ്റ്റിൽ ടീമിനെ നയിച്ചത് കോഹ്ലിയായിരുന്നു. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 115 റൺസുമായി ടെസ്റ്റ് ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി. രണ്ടാം ഇന്നിങ്‌സിൽ 141 റൺസും നേടി. 2015ന്റെ ആരംഭത്തിൽ ഇതേ പരമ്പരയിൽ തന്നെയാണ് ധോണി അപ്രതീക്ഷിതമായ ക്യാപ്റ്റൻസി ഒഴിയുന്നതും കോഹ്ലി മുഴുസമയ നായകനാകുന്നതും.

ഇതിനുശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ടീം ഇന്ത്യയ്ക്കും സ്വന്തമായും ഒട്ടേറെ റെക്കോർഡുകളാണ് കോഹ്ലി കുറിച്ചത്. ഓസീസ്, ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് പരമ്പരജയങ്ങളടക്കം ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് കുതിപ്പ് കണ്ട വർഷങ്ങളായിരുന്നു കോഹ്ലിക്കുകീഴിൽ. ഒരുപാട് തവണ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായി. കോഹ്ലി നായകനായ 68 മത്സരങ്ങളിൽ 40ലും ജയം കണ്ടപ്പോൾ 11 മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു. 17 മത്സരങ്ങളിൽ മാത്രമാണ് തോൽവി നേരിടേണ്ടിവന്നത്. ലോകക്രിക്കറ്റിൽ ടെസ്റ്റ് വിജയത്തിന്റെ കാര്യത്തിൽ ഗ്രെയിം സ്മിത്തിനും റിക്കി പോണ്ടിങ്ങിനും സ്റ്റീവ് വോയ്ക്കും പിറകെ നാലാമനുമായി കോഹ്ലി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News