കിരീടമില്ലാത്ത നായകന്‍; വിരാട് കോഹ്‍ലിക്ക് ഇന്ന് പടിയിറക്കം

ക്യാപ്റ്റൻസി ഏറ്റെടുത്ത് ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനോട് തോൽവി. ആദ്യമത്സരത്തിൽ തോറ്റ ക്യാപ്റ്റൻ എന്ന ദുഷ്‌പേരിനോട് ചേർത്ത് ടോസ് ഭാഗ്യമില്ലാത്ത നായകൻ എന്നും കോഹ്‌ലി വിളിക്കപ്പെട്ടു.

Update: 2021-11-08 03:15 GMT
Advertising

ട്വന്‍റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടുമ്പോള്‍ കണ്ണുകളെല്ലാം കോഹ്‍ലിയെയാകും തിരയുന്നുണ്ടാകുക. ടി20 ജഴ്സിയില്‍ നായകനായി കോഹ്ലിയുടെ അവസാന മത്സരമാണ് ഇന്ന്. എം എസ് ധോണിയെന്ന ഭാഗ്യനായകന്‍റെ പകരക്കാരനായെത്തിയ കോഹ്ലിക്ക് പക്ഷേ ക്യാപ്റ്റന്‍റെ തൊപ്പി അത്ര രാശിയുള്ളതായിരുന്നില്ല. കുട്ടിക്രിക്കറ്റിൽ കിരീടമില്ലാത്ത നായകൻ എന്ന മാറാപ്പും പേറിയാണ് കിങ് കോഹ്‍ലി തന്‍റെ നായകദൗത്യം അവസാനിപ്പിക്കുന്നത്. ടി20 മാത്രമല്ല ഒരു മേജര്‍ ഐ.സി.സി ടൂര്‍ണമെന്‍റിലും കോഹ്‍ലിക്ക് കീഴില്‍ ഇന്ത്യക്ക് കിരീടം ഉയര്‍ത്താനായിട്ടില്ല. ഇതേ സ്ഥിതി തന്നെയാണ് ഐ.പി.എല്ലിലും എന്നത് സ്ഥിരമായി ഉന്നയിക്കപ്പെടുന്ന വിമര്‍ശനമാണ്. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകനായ കോഹ്‍ലി ഈ സീസണോടെ ആര്‍.സി.ബി നായകസ്ഥാനവും ഒഴിഞ്ഞിരുന്നു.

കോഹ്ലിയും നായകസ്ഥാനവും

എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം 2017 ജനുവരിയിലാണ് വിരാട് കോഹ്‍ലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ടീമിന്‍റെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റനായാണ് കോഹ്‍ലിയെ നിയമിച്ചത്. അന്ന് മുതൽ ഇന്നുവരെ കോഹ്‍‌ലിയുടെ ക്യാപ്റ്റന്‍സിയിൽ 49 ടി20  മത്സരങ്ങൾ ഇന്ത്യ കളിച്ചു. അതിൽ 29 ജയം നേടാന്‍ ടീമിനായി... 65 ശതമാനത്തിലേറെ വിജയശരാശരി... 93 ടി മത്സരങ്ങളിൽ നിന്നായി 52 ശരാശരിയിൽ 3227 റൺസ്. 

ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ടി20  യില്‍ കോ‍ഹ്‍ലിയുടെ ട്രാക്ക് റെക്കോർഡ് അത്രമോശമല്ല. എങ്കിലും നായകസ്ഥാനത്തെ ഭാഗ്യദോഷം കരിയറിൽ ഉടനീളം കോഹ്‍ലിയെ പിന്തുടർന്നു. ക്യാപ്റ്റൻസി ഏറ്റെടുത്ത് ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ടിനോട് തോൽവി. ആദ്യമത്സരത്തിൽ തോറ്റ ക്യാപ്റ്റന്‍ എന്ന ദുഷ്പേരിനോട് ചേർത്ത് ടോസ് ഭാഗ്യമില്ലാത്ത നായകൻ എന്നും പിന്നീട് കോഹ്‍ലി വിളിക്കപ്പെട്ടു.

കോഹ്‍ലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ കളിച്ചത് നാല് ഐ.സി.സി ടൂർണമെന്‍റുകൾ.. ഇതിൽ രണ്ടെണ്ണത്തിൽ ഫൈനലിൽ പരാജയപ്പെട്ടു.  2019 ഏകദിന ലോകകപ്പിൽ സെമിയിൽ തോൽവി. 2020 ഇല്‍ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. അവിടെയും ഫൈനലില്‍ തോല്‍വി. ഇത്തവണയാകട്ടെ ടി20 ലോകകപ്പില്‍ സെമിയിലെത്താന്‍ പോലും കഴിഞ്ഞില്ല. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ക്യാപ്റ്റൻസി 2013 മുതൽ തുടർച്ചയായി 10 വർഷം കോഹ്‍ലിക്കായിരുന്നു. എന്നാൽ അവിടെയും കിരീട ഭാഗ്യം കോഹ്ലിയെ തുണച്ചില്ല. പല സീസണിലും ടീം പ്ലേ ഓഫ് കടന്നതുപോലുമില്ല.

കോഹ്‍ലി മൂന്ന് ഫോർമാറ്റിലും ലോക റാങ്കിങിൽ ഒന്നാമതുള്ളപ്പോൾ അയാൾ ടീമിന്‍റെ നായകൻ മാത്രമായിരുന്നില്ല, റൺ മെഷീനും കൂടിയായിരുന്നു. മൂന്ന് ഫോർമാറ്റിലും കോഹ്‍ലി ഒന്നാം റാങ്കിൽ നിന്ന് വീണ സമയത്ത് തന്നെയാണ് കോഹ്‍‍ലി ടി 20 ക്യാപ്റ്റൻസി ഒഴിയുന്നതും... ഏകദിന ടെസ്റ്റ് ഫോർമാറ്റിലും കോഹ്‍ലിയുടെ ക്യാപ്റ്റൻസി ചോദ്യംചെയ്യപ്പെടുന്നുണ്ട്. കോഹ്ലി യുഗത്തിന് അവസാനമായി എന്ന് പറയുന്നവരുടെ വാക്കുകളുടെ മുനയൊടിയുമോ മൂര്‍ച്ച കൂടുമോയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News