'ധോണിക്ക് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു...' ഫാഫ് ഡുപ്ലസി

ചെന്നൈ സൂപ്പർകിങ്സിന്‍റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞ എം.എസ് ധോണിക്ക് പ്രശംസയുമായി ഫാഫ് ഡുപ്ലെസി

Update: 2022-03-25 13:12 GMT
Advertising

ചെന്നൈ സൂപ്പർകിങ്സിന്‍റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞ എം.എസ് ധോണിക്ക് പ്രശംസയുമായി ഫാഫ് ഡുപ്ലെസി. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ദീര്‍ഘകാലം കളിക്കാനായി. അതിനെ വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം കളിക്കളത്തില്‍ നടപ്പാക്കുന്ന തന്ത്രങ്ങളെല്ലാം വളരെ അടുത്തുനിന്ന് കാണാനും പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ കൂടിയായ ഡുപ്ലെസി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്സ് താരമായിരുന്ന ഡുപ്ലസി സീസണിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍വേട്ടക്കാരനായിരുന്നു. ഡുപ്ലെസിയുടെ മികച്ച പ്രകടനത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കഴിഞ്ഞ സീസണില്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്.

ഇത്തവണ ഡുപ്ലെസിയെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍സി ഒഴിഞ്ഞ വിരാട് കോഹ‍്‍ലിക്ക് പകരക്കാരനായി നായകനായാണ് ഫാഫ് ഇത്തവണ ബാംഗ്ലൂര്‍ ജഴ്സിയിലെത്തുന്നത്. 

കഴിഞ്ഞ ദിവസമാണ് ആരാധകരെയൊക്കെ ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് നായക പദവി ധോണി ഒഴിയുകയാണെന്ന വാര്‍ത്ത പുറത്തുവരുന്ത്. വരുന്ന സീസണിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽനിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ചെന്നൈ സൂപ്പർ കിങ്‌സ് പരസ്യമാക്കിയത്.

'മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും' - ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

2008ൽ ഐപിഎൽ ആരംഭിച്ചത് മുതൽ ധോണിയായിരുന്നു ടീം ക്യാപ്റ്റൻ. ഇതിൽ നാല് തവണ ഐപിഎൽ ചാമ്പ്യൻമാരായി. 220 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് 135.83 റണ്‍സ് സ്ട്രൈക് റേറ്റില്‍ 4,746 റണ്‍സ് നേടിയ താരം കൂടിയാണ് ധോണി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News