'എന്റെ സ്ഥിരം വിക്കറ്റല്ലേ താങ്കൾ...' ജന്മദിനാശംസ നേർന്ന ഇംഗ്ലീഷ് താരത്തെ ട്രോളി വസീം ജാഫർ

ഇംഗ്ലീഷ് താരവുമായി പലതവണ ട്വിറ്ററിൽ ഏറ്റുമുട്ടിയതിന്റെ ഓർമപ്പെടുത്തലായിരുന്നു ജാഫറിന്റേത്.

Update: 2022-02-17 06:38 GMT
Editor : André | By : Web Desk
Advertising

മുൻ ഇന്ത്യൻ ടെസ്റ്റ് താരം വസീം ജാഫറിന്റെ 44-ാം ജന്മദിനമായിരുന്നു ബുധനാഴ്ച. ഇന്ത്യക്കു വേണ്ടി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ച താരത്തിന് മുൻ ഇംഗ്ലീഷ് താരം മൈക്കൽ വോൻ ജന്മദിനാംശ നേർന്നത് നർമം കലർന്ന ഭാഷയിലാണ്. 'എന്റെ കന്നി ടെസ്റ്റ് വിക്കറ്റിന് ജന്മദിനാശംസകൾ' എന്നാണ് വോൻ ട്വിറ്ററിൽ കുറിച്ചത്.

2002-ൽ ലോർഡ്‌സിൽ നടന്ന ടെസ്റ്റിൽ വസീം ജാഫറിനെ പുറത്താക്കി ആദ്യ വിക്കറ്റ് നേടുന്ന വീഡിയോയും പാർട്ട് ടൈം ബൗളറായ വോൻ മറ്റൊരു വീഡിയോയിൽ പങ്കുവെച്ചു.

എന്നാൽ, ഉരുളക്കുപ്പേരി മറുപടിയാണ് വോനിന്റെ ആശംസയ്ക്ക് ജാഫർ കൊടുത്തത്. 'ഹഹ... എന്റെ സ്ഥിരം സോഷ്യൽ മീഡിയ വിക്കറ്റായ താങ്കൾക്ക് നന്ദി...' താരം ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലീഷ് താരവുമായി പലതവണ ട്വിറ്ററിൽ ഏറ്റുമുട്ടിയതിന്റെ ഓർമപ്പെടുത്തലായിരുന്നു ജാഫറിന്റേത്. 2018-19 സീസണിൽ ന്യൂസിലാന്റ് പര്യടനത്തിനിടെ ഇന്ത്യൻ ടീം 92 റൺസിന് ആളൗട്ടായതിനെ മൈക്കൽ വോൻ പരിഹസിച്ചിരുന്നു. 'ഇന്ത്യ 92 ന് പുറത്തായി. ഇക്കാലത്ത് ഏതെങ്കിലും ടീം 100 റൺസിനു താഴെ പുറത്താകുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല' എന്നായിരുന്നു ട്വിറ്ററിൽ താരത്തിന്റെ പ്രതികരണം.

കഴിഞ്ഞവർഷത്തെ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് 68 റൺസിനു പുറത്തായപ്പോൾ കിട്ടിയ അവസരം വസീം ജാഫർ മുതലാക്കി. 2019 ജനുവരിയിലെ വോനിന്റെ ട്വീറ്റിനെ ഓർമിപ്പിച്ചു കൊണ്ടുള്ള വീഡിയോ ഇട്ടുകൊണ്ടാണ് ഇംഗ്ലണ്ട് കുറഞ്ഞ സ്‌കോറിന് പുറത്തായ കാര്യം ജാഫർ ട്വീറ്റ് ചെയ്തത്. ഈ വീഡിയോ തന്റെ ട്വിറ്റർ പേജിന്റെ മുകൾഭാഗത്ത് താരം പിൻ ചെയ്തു വെക്കുകയും ചെയ്തു.

കഴിഞ്ഞ മാസം നടന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യ മഹാരാജാസിനു വേണ്ടി കളിച്ച വസീം ജാഫർ 'ഡക്കായി'പുറത്തായത് വോൻ ആഘോഷമാക്കി. ജാഫർ 0 റൺസിന് പുറത്തായ സ്‌കോർബോർഡ് കാണിച്ചുകൊണ്ടുള്ള വീഡിയോ ആണ് 'താങ്കൾക്ക് സുഖമാണെന്ന് കരുതുന്നു' എന്ന് താരത്തെ ടാഗ് ചെയ്തുകൊണ്ട് വോൻ ട്വീറ്റ് ചെയ്തത്.

ഇതിനു മറുപടിയായി 2007-ൽ മൈക്കൽ വോൻ ബാറ്റിങ് പരിശീലനം നൽകുന്ന ഒരു വീഡിയോയുടെ സ്‌ക്രീൻഷോട്ടിനൊപ്പം 'ബാറ്റ് ചെയ്യാൻ പോകുന്നതിനു മുമ്പ് ഞാനിത് കാണാൻ പാടില്ലായിരുന്നു' എന്ന് ജാഫറും ട്വീറ്റ് ചെയ്തു.

രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് സ്വന്തം പേരിലുള്ള വസീം ജാഫർ 2020-ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിൽ ഒഡിഷ ടീമിന്റെ ഹെഡ് കോച്ചാണ്.

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News