താരങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിച്ചു; ബി.സി.സി.ഐക്ക് നന്ദി അറിയിച്ച് ആസ്‌ട്രേലിയ

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താൽക്കാലിക സി.ഇ.ഒ നിക്ക് ഹോക്ക്ലിയാണ് ബി.സി.സി.ഐയോടുള്ള നന്ദി വാക്കുകൾ പ്രകടമാക്കിയത്.

Update: 2021-05-18 07:20 GMT
Advertising

തങ്ങളുടെ താരങ്ങളെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിച്ചതിന് ബി.സി.സി.ഐയോട് നന്ദി പറഞ്ഞ് ആസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ്‌. ഐ.പി.എല്ലിനായി ഇന്ത്യയിലെത്തിയ ആസ്‌ട്രേലിയൻ താരങ്ങളെ മത്സരങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് പ്രശ്നങ്ങളൊന്നുമില്ലാതെ തിരിച്ചുനാട്ടിലെത്താൻ സഹായിച്ചതിനാണ് ആസ്‌ട്രേലിയൻ ബോർഡ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിച്ചത്.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ താൽക്കാലിക സി.ഇ.ഒ നിക്ക് ഹോക്ക്ലിയാണ് ബി.സി.സി.ഐയോടുള്ള നന്ദി വാക്കുകൾ പ്രകടമാക്കിയത്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ആസ്ട്രേലിയന്‍ ഭരണകൂടം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഐ.പി.എല്‍ നിര്‍ത്തിവെക്കേണ്ടിയും വന്നതോടെ ആസ്ട്രേലിയന്‍ താരങ്ങളുടെ മടങ്ങിപ്പോക്ക് തന്നെ സംശയത്തിലായി.

ആസ്ട്രേലിയന്‍ താരങ്ങള്‍ക്ക് മാത്രമായി പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ വീണ്ടും താരങ്ങൾ പ്രതിസന്ധിയിലായി. എന്നാൽ സമയോചിതമായ ഇടപെടലിലൂടെ ബി.സി.സി.ഐ ആസ്‌ട്രേലിയൻ താരങ്ങളെ ആദ്യം മാല്‍ദീവ്സിലേക്കും അവിടെ നിന്ന് പിന്നീട് ആസ്ട്രേലിയയിലേക്കും എത്തിക്കുവാനുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയായിരുന്നു. ഈ തീരുമാനത്തിനുള്ള നന്ദിയാണ് നിക്ക് ഇന്ത്യൻ ബോർഡിനെ അറിയിച്ചത്.

കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുകളും അടക്കം 38 ആസ്ട്രേലിയന്‍ താരങ്ങളാണ് ഇത്തരത്തില്‍ യാത്രാവിലക്ക് മൂലം പ്രതിസന്ധി നേരിട്ടത്. ഇവരില്‍ കോവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സിക്ക് മാത്രമാണ് ആദ്യ ഘട്ടത്തിൽ തിരികെ നാട്ടിൽ പോകാൻ കഴിയാതിരുന്നത്. എന്നാൽ കോവിഡ് നെഗറ്റീവ് ആയതിന് പിന്നാലെ ഹസ്സിയും നാട്ടിലെത്തി.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News