ഇങ്ങനെയൊരു വരവേൽപ്പ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല; മനസ്സുനിറയുന്നു-ബാബർ അസം
ബിരിയാണി എങ്ങനെയുണ്ടെന്ന് അവതാരകൻ രവി ശാസ്ത്രി ചോദിച്ചപ്പോൾ ഹൈദരാബാദി ബിരിയാണി കിടിലമാണെന്നായിരുന്നു ബാബറിന്റെ പ്രതികരണം
അഹ്മദാബാദ്: ഇന്ത്യയിൽ ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം. ഇന്ത്യയിലാണെന്നു തോന്നില്ലെന്നും സ്വന്തം രാജ്യത്തുള്ളതു പോലെയാണ് ഇവിടത്തെ സ്വീകരണമെന്നും ബാബർ പറഞ്ഞു. ലോകകപ്പിനു നാളെ തിരശ്ശീല ഉയരാനിരിക്കെ അഹ്മദാബാദിൽ നടന്ന 10 ടീമുകളുടെ നായകന്മാർ അണിനിരന്ന 'ക്യാപ്റ്റൻസ് ഡേ' പരിപാടിയിലാണ് അദ്ദേഹം മനസ്സുതുറന്നത്.
''ഒരാഴ്ചയായി ഞങ്ങൾ ഹൈദരാബാദിലുണ്ട്. ഇന്ത്യയിലാണുള്ളതെന്ന് അനുഭവപ്പെടുന്നേയില്ല. സ്വന്തം നാട്ടിലുള്ള പോലെയാണ്. ഹൈദരാബാദിൽ ലഭിച്ച സ്വീകരണം ഇഷ്ടപ്പെട്ടു. അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊരു വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അതു മനംനിറയ്ക്കുന്നതായിരുന്നു.''-ബാബർ പറഞ്ഞു.
ബിരിയാണി എങ്ങനെയുണ്ട് എന്ന് അവതാരകൻ രവി ശാസ്ത്രി ചോദിച്ചപ്പോൾ 'ഹൈദരാബാദി ബിരിയാണി കിടിലമാണ്' എന്നായിരുന്നു ബാബറിന്റെ പ്രതികരണം. മറുപടി ഇന്ത്യൻ നായകൻ രോഹിത് ശർമ ഉൾപ്പെടെയുള്ള ക്യാപ്റ്റന്മാരുടെ ചുണ്ടുകളിൽ ചിരിപടർത്തുകയും ചെയ്തു.
ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് പാക് ക്രിക്കറ്റ് ടീം ഇന്ത്യയിൽ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്. താരങ്ങളുടെ വരവ് അറിഞ്ഞ് വിമാനത്താവളത്തിലെത്തിയ ക്രിക്കറ്റ് ആരാധകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്നു വൻവരവേൽപ്പാണ് ടീമിനു നൽകിയത്. രാജകീയ സ്വീകരണത്തിന്റെ സന്തോഷം ബാബർ അസം ഉൾപ്പെടെ താരങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിൽ ലഭിച്ച പിന്തുണയും സ്നേഹവും മനംനിറക്കുന്നതാണെന്നാണ് ബാബർ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. വൻ വരവേൽപ്പാണ് ഇതുവരെ ലഭിച്ചതെന്ന് പാക് പേസർ ഷഹിൻഷാ അഫ്രീദിയും കുറിച്ചു. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി ന്യൂസിലൻഡിനെതിരെ നാളെ സന്നാഹമത്സരം നടക്കും. 14ന് അഹ്മദാബാദിലാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
Summary: ''We weren't expecting this reception in India, so it was overwhelming'': Says Babar Azam