തൊട്രാ പാക്കലാം... പകച്ചുനിന്ന മുരളിയെ ചേര്‍ത്തുപിടിച്ച് അര്‍ജുന രണതുംഗെ; ക്രിക്കറ്റ് ചരിത്രത്തിലെ ആ മരണമാസ് സീന്‍
അമ്പയറുടെ മുഖത്ത് നോക്കി വിരല്‍ ചൂണ്ടി ഉറച്ച വാക്കുകളില്‍ രണതുംഗെ നിലപാട് വ്യക്തമാക്കി, കറുത്തവന്‍റെ പോരാട്ടവീര്യത്തിന് മുന്നില്‍ വെളുത്തവന്‍റെ ധാര്‍ഷ്ട്യം മുട്ടുമടക്കുന്ന കാഴ്ച, മൈതാനത്തെ പുല്‍ക്കൊടികള്‍ പോലും എഴുന്നേറ്റുനിന്ന നിമിഷങ്ങള്‍...
ബൌളിങ് ആക്ഷന്‍റെ പേരില്‍ നിരന്തരം നോബോള്‍ വിളികള്‍... എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന മുരളീധരന്‍... നിസ്സഹായതകൊണ്ട് കണ്ണുനിറഞ്ഞു മൈതാനത്തു നിന്ന ആ 23കാരന്‍റെ മുഖം ഇന്നും ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാകാത്ത രംഗമാണ്... അവിടെനിന്നാണ് ലോകത്തെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി മുരളീധരന്‍ മാറിയത്. അതിനുപിന്നില്‍ ഒരേയൊരാളാണ്... തന്‍റെ ബൌളറെ തുടര്‍ച്ചയായി അപമാനിക്കുന്നത് കണ്ട് ടീമിനെയും വിളിച്ച് കളിനിര്‍ത്തി ഗ്രൌണ്ടിന് പുറത്തേക്ക് വാക്കൌട്ട് നടത്തിയ ക്യാപ്റ്റന്‍. പേര് അര്‍ജുന രണതുംഗെ. ശ്രീലങ്കന്‍ ക്രിക്കറ്റിനെ കോട്ടകെട്ടി കാത്ത രാവണന്‍... ഇതയാളുടെ കഥയാണ്.
കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ റിസ്റ്റ് കറക്കി പമ്പരം പോലെ തിരിയുന്ന പന്തുകള്‍.... എതിര്‍ ബാറ്ററുടെ പ്രതിരോധം കീറിമുറിച്ച് ആ പന്ത് വിക്കറ്റുമായി പായുമ്പോള്‍ ആ ലങ്കക്കാരന്‍റെ ഉണ്ടക്കണ്ണുകളിൽ ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു തിളക്കമുണ്ടാകും. പേസ് ബൌളറാകാന്‍ സ്വപ്നം കണ്ട് ലോകക്രിക്കറ്റിന്‍റെ സ്പിന്‍ ചക്രവര്‍ത്തിയായി മാറിയ മുത്തയ്യ മുരളീധരന്‍ എന്ന പേര് ക്രിക്കറ്റ് ചരിത്രത്തിലെ പോരാട്ടത്തിന്‍റെ കൂടി പേരാണ്... പക്ഷേ ആ പോരാട്ടത്തിനെ മുന്നില്‍ നിന്ന് നയിച്ചത് ആ രാവണന്‍ കോട്ടയുടെ ചക്രവര്‍ത്തിയായിരുന്നു. അര്‍ജുന രണതുംഗെ
ശ്രീലങ്കന്‍ ക്രിക്കറ്റിന് ആരായിരുന്നു അര്‍ജുന രണതുംഗെ എന്ന് ചോദിച്ചാല്‍ ഒരുകാലത്ത് അര്‍ജുന രണതുംഗെയായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് എന്നാകും മറുപടി... അതെ, ക്രിക്കറ്റ് ഭൂപടത്തില്‍ ഒന്നുമല്ലായിരുന്നു ശ്രീലങ്കയെന്ന ദ്വീപ് രാജ്യം. എന്നാല്‍ 96ല്‍ എല്ലാ കോട്ടകൊത്തളങ്ങളും തകര്‍ന്നു . അന്നുവരെയുള്ള ക്രിക്കറ്റ് സമവാക്യങ്ങളെയെല്ലാം തിരുത്തിയെഴുതി, ലോകക്രിക്കറ്റില്‍ പുതിയ ചാമ്പ്യന്മാര്‍ പിറവിയെടുത്തു. ശ്രീലങ്കയെന്ന ആ മൂന്നാം ലോക രാഷ്ട്രത്തെ അങ്ങനെ ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകയിലെത്തിച്ചു ആ ജീനിയസ്... തന്‍റെ ഒപ്പമുള്ളവര്‍ക്കുവേണ്ടി ഏതറ്റംവരെയും പോകുന്ന ക്യാപ്റ്റന്‍ പെര്‍ഫെക്ട്. അതായിരുന്നു ലങ്കക്ക് അര്‍ജുന രണതുംഗെയെന്ന നായകന്‍.
ലോകകപ്പിൽ അത്ഭുത വിജയങ്ങൾ നേടിയ കപില്‍ ദേവിന്‍റെയും ഇമ്രാന്‍ ഖാന്‍റെയുമെല്ലാം ടീമിൽ മായാജാലം തീര്‍ക്കാന്‍ നിരവധി താരങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ രണതുംഗെ നയിച്ച ടീമിൽ ആവറേജിനും മുകളിലെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന താരങ്ങളൊന്നും ഉണ്ടായിരുന്നില്ല... ആ ലോകകപ്പിലെ ലീഡിങ് വിക്കറ്റ് ടേക്കര്‍മാരുടെ പട്ടികയില്‍ ഒരാള്‍ പോലും ലങ്കയ്ക്കുണ്ടായിരുന്നില്ല.. ആകെ പറയാന്‍ കഴിയുന്നത് അരവിന്ദ ഡിസില്‍വയുടെ പ്രകടനം മാത്രമാണ്. ടോപ് സ്കോറേഴ്സിന്‍റെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ലങ്കന്‍ ബാറ്റര്‍. ജയസൂര്യയും ചാമിന്ദ വാസും മുരളീധരനുമെല്ലാം ആ ലോകകപ്പിന് ശേഷം മേല്‍വിലാസമുണ്ടാക്കിയെടുത്തവരാണ്. ഇങ്ങനെയൊരു ടീമിനെയും കൊണ്ടാണ് അര്‍ജുന രണതുംഗെയെന്ന നായകന്‍ ക്രിക്കറ്റിലെ പ്രബലന്മാരെയെല്ലാം മുട്ടുകുത്തിച്ച് ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ലോകകപ്പ് വിജയം
ടീമിനെ മുന്നില്‍ നിന്ന് നയിച്ചുതന്നെയാണ് രണതുംഗെ ആദ്യ ലോകകപ്പ് ലങ്കക്ക് നേടിക്കൊടുത്തത്. നായകനെന്ന നിലയിലെ രണതുംഗയുടെ പ്രകനമാണ് അന്ന് ഏറ്റവുമധികം ചര്‍ച്ചയായതെങ്കിലും ആ ലോകകപ്പിലെ രണതുംഗയുടെ ബാറ്റിങും അതിഗംഭീരമായിരുന്നു. കളിച്ച ആറു കളികളില്‍ നാല് കളികളിലും രണതുംഗെ നോട്ടൌട്ട് ആയിരുന്നു. ആവറേജ് ആകട്ടെ 120ന് മുകളിലും... 114.76. സ്ട്രൈക് റേറ്റില്‍ ലങ്കന്‍ നായകന്‍ അടിച്ചുകൂട്ടിയത് 241 റൺസാണ്
പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയിൽ നിന്നും 'വിൽസ് ' ലോകകപ്പ് ഏറ്റുവാങ്ങുന്ന രണതുംഗെയുടെ ചിത്രം ശ്രീലങ്കയെന്ന രാജ്യത്തെ യുവതയെ ചെറുതൊന്നുമല്ല കോള്‍മയിര്‍ കൊള്ളിച്ചത്. രാജ്യത്തെ ക്രിക്കറ്റിനെ മാത്രമായിരുന്നില്ല ശ്രീലങ്കയെന്ന രാജ്യത്തെ കൂടെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തുകയായിരുന്നു അയാളുടെ ആ ലോകകപ്പ് വിജയം.
മകച്ച നായകൻ എന്നതിലുപരി തന്‍റെ കളിക്കാരെ എന്തുവില കൊടുത്തും സംരക്ഷിക്കുന്ന സൈന്യാധിപനായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് രണതുംഗെ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ധീരനായ ക്യാപ്റ്റനെന്ന് രണതുംഗയെ വിളിക്കാനുള്ള കാരണവും അതുതന്നെ...
95ലെ ബോക്സിങ് ഡേ ടെസ്റ്റ്
മൂന്ന് ഓവറില്‍ ഏഴ് നോബോളുകള്‍, ഡാരല്‍ ഹെയര്‍ എന്ന അമ്പയര്‍ മുത്തയ്യ മുരളീധരനെ തെരഞ്ഞുപിടിച്ച് നോബോള്‍ വിളിക്കുകയായിരുന്നു. ആദ്യം നോബോള്‍ വിളിച്ചപ്പോള്‍ ക്രീസ് ലൈന് പുറത്തുനിന്നാണ് മുരളി പന്തെറിഞ്ഞതെന്നാണ് എല്ലാവരും കരുതിയത്... എന്നാല്‍ വീണ്ടും വീണ്ടും നോബോള്‍ വിളികള്‍ വന്നു, അപ്പോഴാണ് മുരളിയുടെ ബൌളിങ് ആക്ഷനെയാണ് അമ്പയര്‍ വിടാതെപിടിച്ചിരിക്കുന്നതെന്ന് മനസിലായത്.
രണതുംഗെയിലെ ശൌര്യക്കാരന്‍ ഉണര്‍ന്നു, ഏത് കൊടികെട്ടിയ തമ്പുരാനാണ് മുന്നില്‍ വന്നുനില്‍ക്കുന്നതെങ്കിലും തന്‍റെ ഒപ്പമുള്ളവന് വേണ്ടി അവസാനം വരെ വാദിക്കുന്ന നായകനെ ക്രിക്കറ്റ് ലോകം അവിടെ കണ്ടു. അമ്പയറുമായി വാഗ്വാദം... കളിക്കളത്തില്‍ നാടകീയ രംഗങ്ങള്‍... അന്ന് ക്രിക്കറ്റ് വേദികളില്‍ പറയത്തക്ക മേല്‍വിലാസം പോലും ഇല്ലാത്ത ടീമാണ് ലങ്കയെന്ന് ഓര്‍ക്കണം. എങ്കിലും മുരളിക്ക് വേണ്ടി രണതുംഗെ വാദിച്ചു. അമ്പയറുമായുള്ള തര്‍ക്കം നീണ്ടു, ഒടുവില്‍ ടീം മാനേജുമെന്‍റുമായി സംസാരിച്ചു വന്ന ശേഷം രണതുംഗയുടെ തീരുമാനമെത്തി. മുരളിയെ എന്‍ഡ് മാറ്റി എറിയിപ്പിക്കുക.
അങ്ങനെ മുരളി ഓവര്‍ പൂര്‍ത്തിയാക്കി, ഡാരല്‍ ഹെയറിന് വിട്ടുകൊടുക്കാതെ എന്‍ഡ് മാറ്റി രണതുംഗെ മുരളിയെ പിന്നെയും പന്തെറിയിച്ചു. സ്റ്റീവ് ഡ്യൂണ്‍ ആയിരുന്നു അടുത്ത എന്‍ഡിലെ അമ്പയര്‍. പക്ഷേ മുരളിയുടെ ആത്മവിശ്വാസത്തിന്‍റെ നല്ലൊരു ശതമാനവും അതിനിടയില്‍ ഒലിച്ചുപോയിരുന്നു. ആ മത്സരത്തില്‍ 38 ഓവറുകള്‍ മുരളി എറിഞ്ഞു. പക്ഷേ നേടാനായത് ഒരു വിക്കറ്റ് മാത്രമാണ്. ഡാരല്‍ ഹെയറിന്‍റെ കടുംപിടിത്തത്തില്‍ നിന്ന് മുരളി മോചിതനായില്ലെന്ന് ബാക്കി ഓവറുകള്‍ കണ്ടവര്‍ക്ക് മനസിലാകും. പിന്നീട് മുരളീധരന്‍റെ ബൌളിങ് ആക്ഷന്‍ നിയമവിധേയമാണെന്ന് ഐ.സി.സി കണ്ടെത്തിയിരുന്നു, അപ്പോഴും വിജയിച്ചത് രണതുംഗെയുടെ നിശ്ചയദാർഢ്യം തന്നെയാണ്
വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു... അതിനിടയില്‍ സ്വന്തമായി മേല്‍വിലാസമില്ലാതിരുന്ന ഒരു ദ്വീപ് രാജ്യത്തില്‍ നിന്ന് ലോകകിരീടത്തിലേക്ക് വരെ ലങ്ക കുതിച്ചു...
വര്‍ഷം 1999 ജനുവരി 23
വീണ്ടും ലങ്കന്‍ ടീം ഓസ്രേലിയയിലെത്തി, ഇംഗ്ലണ്ടുമായുള്ള ഏകദിന മത്സരം, മുരളി ബൌളിങിനെത്തി... ആദ്യഓവര്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോയി, രണ്ടാം ഓവറിലെ നാലാം പന്തില്‍ അമ്പയറുടെ കൈ പൊങ്ങി, നോ ബോള്‍... പഴയ ഡാരല്‍ ഹെയറായിരുന്നില്ല, അമ്പയര്‍ റോസ് എമേഴ്സണ്‍ ആയിരുന്നു ഇത്തവണ ശത്രുപക്ഷത്ത്‍... പക്ഷേ ലങ്കയും പഴയ ലങ്ക ആയിരുന്നില്ല...
95ല്‍ ആസ്ട്രേലിയക്കെതിരെ കളിച്ച ടീമല്ല, ലങ്കയും നായകന്‍ അര്‍ജുന രണതുംഗെയും അടിമുടി മാറിയിരുന്നു, ആസ്ട്രേലിയയെ തന്നെ കമഴ്ത്തിയടിച്ച ലോകകിരീടം സ്വന്തമാക്കിയ ടീമാണ് ഇന്ന് ലങ്ക. ആ ആത്മവിശ്വാസവും ഊര്‍ജവുമെല്ലാം രണതുംഗെക്കും ശ്രീലങ്കക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ ഇത്തവണ രണതുംഗ തയ്യാറായില്ല. മുരളിയുടെ കൈയ്യില്‍ നിന്ന് പന്തും വാങ്ങി അമ്പയറുടെ അടുത്തേക്ക്. റോസ് എമേഴ്സണിന്‍റെ മുഖത്ത് നോക്കി വിരല്‍ ചൂണ്ടി ഉറച്ച വാക്കുകളില്‍ രണതുംഗെ നിലപാട് വ്യക്തമാക്കി,
മൈതാനത്തെ പുല്‍ക്കൊടികള്‍ പോലും എഴുന്നേറ്റുനിന്ന നിമിഷങ്ങള്‍... അന്ന് കമന്‍ററി ബോക്സിലുണ്ടയിരുന്നു ഇയാന്‍ ബോതത്തിന്റെള വാക്കുകള്‍ ഇങ്ങനെ... ''Sorry umpire, you are out of order. It's one man's moment of glory."
അമ്പയര്‍ക്ക് നേരെ വിരല്‍ ചൂണ്ടി തന്‍റെ കളിക്കാരനായി വാദിക്കുന്ന രണതുംഗയുടെ മുഖം ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും രോമഞ്ചമുള്ള നിമിഷങ്ങളിലൊന്നായി. വാഗ്വാദം മൂത്തു. ഇനിയും മുരളിയുടെ പന്തുകളില്‍ നോബോള്‍ വിളിക്കാനാണ് ഭാവമെങ്കില്‍ ഞങ്ങള്‍ കളിനിര്‍ത്തും... ഉറച്ച വാക്കുകളില്‍ രണതുംഗെ പറഞ്ഞു.
റോസ് എമ്മേഴ്സണ്‍ പക്ഷേ പിടിവാശി കളയാന്‍ തയ്യാറായില്ല... പിന്നെ കണ്ടത് ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തനായ ക്യാപ്റ്റന്‍റെ മരണമാസ് സീനാണ്. ഒപ്പമുള്ള പത്ത് പേരെയും കൊണ്ട് രണതുംഗെ ഗ്രൌണ്ടിന് പുറത്തേക്ക്. എന്നാല്‍ ബൌണ്ടറി ലൈന്‍ എത്തുന്നതിന് മുമ്പ് മാച്ച് റഫറി ഇടപെട്ടു, പീറ്റർ വാന്‍ഡര്‍മെര്‍വ് ആയിരുന്നു അന്ന് മത്സരം നിയന്ത്രിച്ചത് . അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ നിമിഷങ്ങള്‍... ഒടുവില്‍ രണതുംഗ തന്നെ വിജയിച്ചു.
കറുത്തവന്‍റെ പോരാട്ടവീര്യത്തിന് മുന്നില്‍ വെളുത്തവന്‍റെ ധാര്‍ഷ്ട്യം മുട്ടുമടക്കുന്ന കാഴ്ച, മുരളീധരന്‍ സധൈര്യം ബാക്കിയുള്ള ഓവറുകള്‍ എറിഞ്ഞു. നോബോള്‍ വിളിക്കാന്‍ ഒരമ്പയറുടെ കൈയ്യും പൊങ്ങിയില്ല. കമന്‍ററി ബോക്സില്‍ ആ ക്യാപ്റ്റനെക്കുറിച്ച് വീണ്ടും ശബ്ദമുയര്‍ന്നു. ''വാട്ട് ആന്‍ അമേസിങ് ക്യാപ്റ്റന്‍ രണതുംഗെ ഈസ്...''
ടെസ്റ്റില്‍ 800 വിക്കറ്റുകളും ഏകദിനത്തില്‍ 534 വിക്കറ്റുകളും കൊയ്ത് കരിയര്‍ പൂര്‍ത്തിയാക്കി പിന്നീട് ചരിത്രത്തിലെ ഇതിഹാസമായി മാറിയ താരത്തിന് വേണ്ടിയായിരുന്നു അന്ന് രണതുംഗയുടെ പോരാട്ടം, അന്ന് ആ ക്യാപ്റ്റന്‍റെ മുഷ്ടി ഉയര്‍ന്നിരുന്നില്ലെങ്കില്‍ ലോകക്രിക്കറ്റിനുണ്ടാകാമായിരുന്ന നഷ്ടം അതിഭീകരമായിരുന്നേനെ..
ശ്രീലങ്കയെന്ന മൂന്നാം ലോകരാഷ്ട്രത്തെ ലോകത്തിന്റെര നെറുകയില്‍ എത്തിച്ച നായകന്‍... അവഗണനയുടെ വേദികളില്‍ നിന്ന് മുരളീധരന്‍ എന്ന ബൌളറെ ലോകത്തിലെ ഒന്നാം നമ്പര്‍ താരമാക്കിയ ക്യാപ്റ്റന്‍... 2000 ത്തിൽ ശ്രീലങ്ക അവരുടെ ചരിത്രത്തിലെ 100ആം ടെസ്റ്റിനിറങ്ങുമ്പോള്‍ രണതുംഗെ പാഡ് കെട്ടിയത് തന്‍റെ 93ആം ടെസ്റ്റിനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒരു രാജ്യത്തിന്‍റെ ആദ്യ മത്സരത്തിലും നൂറാം മത്സരത്തിലും കളത്തിലിറങ്ങിയ ഒരേയൊരു താരം ഒരുപക്ഷേ രണതുംഗെ മാത്രമായിരിക്കും.
96ലെ ലോകകപ്പ് ഫൈനലില്‍ ഗ്ലെൻ മക്ഗ്രാത്തിന്‍റെ പന്ത് വിക്കറ്റ് കീപ്പർക്കും സ്ലിപ്പിനുമിടയിലൂടെ ബൗണ്ടറിയിലേക്ക് പറത്തി അടുത്ത നാല് വർഷം ലോകക്രികക്കറ്റിനെ ഭരിക്കാനുള്ള അവകാശം അദ്ദേഹം തീറെഴുതി വാങ്ങി. ഒരു ജനതക്ക് മുഴുവന്‍ പ്രതീക്ഷയേകിയ ലോകകപ്പ് വിജയത്തിലെ വിന്നിങ് റണ്‍സ് രണതുംഗെയുടെ ബാറ്റില്‍ നിന്നാകണമെന്നത് കാലത്തിന്‍റെ കാവ്യനീതി തന്നെയായിരുന്നു.