രാജ്‌കോട്ട് ടെസ്റ്റിനിടെ അശ്വിൻ നാട്ടിലേക്കു തിരിച്ചതെന്തിന്? വെളിപ്പെടുത്തി ബി.സി.സി.ഐ തലവന്‍
കഴിഞ്ഞ ദിവസമാണ് അശ്വിൻ ടെസ്റ്റില്‍ 500 ടെസ്റ്റ് വിക്കറ്റ് എന്ന അപൂര്‍വനേട്ടം സ്വന്തമാക്കിയത്
ന്യൂഡൽഹി: രാജ്‌കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം സ്റ്റാർ സ്പിന്നർ ആർ. അശ്വിൻ നാട്ടിലേക്കു മടങ്ങിയത് ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ടെസ്റ്റിൽ 500 വിക്കറ്റ് എന്ന അപൂർനേട്ടം സ്വന്തമാക്കിയതിനു പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത നടപടി. കുടുംബത്തിൽ ഒരു അടിയന്തര ആരോഗ്യ വിഷയം ഉണ്ടായതുകൊണ്ടാണു താരം പാതിവഴിയിൽ കളിനിർത്തി ചെന്നൈയിലേക്കു മടങ്ങിയതെന്നാണ് ബി.സി.സി.ഐ നൽകിയ ആദ്യത്തെ വിശദീകരണം.
താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ബി.സി.സി.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും ടീം ഏറെ പ്രാധാന്യം നൽകുന്നുവെന്നു പറഞ്ഞ ബോർഡ് ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ എല്ലാവിധ പിന്തുണയും ബോർഡ് ഉറപ്പുനൽകുന്നതായും അറിയിച്ചു. എന്നാൽ, ഇപ്പോൾ ബി.സി.സി.ഐ വൈസ് പ്രസിഡന്റും രാജ്യസഭാ അംഗവുമായ രാജീവ് ശുക്ല തന്നെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. അസുഖബാധിതയായ മാതാവിനെ കാണാനും പരിചരിക്കാനുമായാണ് അശ്വിൻ നാട്ടിലേക്കു മടങ്ങിയതെന്നാണ് ശുക്ലയുടെ എക്‌സ് പോസ്റ്റ് സൂചിപ്പിക്കുന്നത്.
അശ്വിന്റെ മാതാവിന്റെ എത്രയും വേഗത്തിലുള്ള രോഗശമനമുണ്ടാകട്ടെയെന്ന് രാജീവ് ശുക്ല പോസ്റ്റിൽ കുറിച്ചു. മാതാവിനൊപ്പം നിൽക്കാനായാണു താരത്തിന് രാജ്‌കോട്ട് വിട്ട് ചെന്നൈയിലേക്കു തിരിക്കേണ്ടിവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി.സി.സി.ഐയെ ടാഗ് ചെയ്തായിരുന്നു ശുക്ലയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസമാണ് അശ്വിൻ 500 വിക്കറ്റ് എന്ന മാന്ത്രികസംഖ്യ കടന്നത്. അനിൽ കുംബ്ലെയ്ക്കു പുറമെ ഈ നേട്ടം കൈവരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് അശ്വിൻ.
അതേസമയം, അശ്വിന്റെ അഭാവത്തിൽ 10 താരങ്ങളുമായി ഇന്ത്യയ്ക്ക് ബാക്കി ദിവസം കളി തുടരേണ്ടവരും. നാല് സ്‌പെഷലിസ്റ്റ് ബൗളർമാരിലേക്ക് ഇന്ത്യൻ ആക്രമണം ചുരുങ്ങും. യശസ്വി ജയ്‌സ്വാളിനെയും സർഫ്രാസ് ഖാനയെും പാർട്‌ടൈം ബൗളർമാരായി ക്യാപ്റ്റൻ രോഹിത് ശർമ പരീക്ഷിച്ചേക്കും. ഇരുവരും ഇന്ന് മത്സരത്തിനുമുൻപ് നെറ്റ്‌സിൽ ബൗളിങ് പരിശീലനം നടത്തിയിരുന്നു.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 445 റൺസിനു പുറത്തായ ശേഷം ഏകദിനശൈലിയിലാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ബെൻ ഡക്കറ്റിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ(118 പന്തിൽ 133 റൺസ്) വെറും 35 ഓവറിൽ 202 റൺസാണ് സന്ദർശകർ അടിച്ചെടുത്തത്. സാക്ക് ക്രൗളി, ഒലി പോപ്പ് എന്നിവരെയാണ് ഇംഗ്ലീഷ് സംഘത്തിന് നഷ്ടമായത്. ജോ റൂട്ട്(ഒൻപത്) ഡക്കറ്റിനൊപ്പം ക്രീസിലുണ്ട്.
Summary: R Ashwin left Rajkot Test, England series midway to attend to mother in Chennai: BCCI VP Rajeev Shukla wishes for her 'speedy recovery'