എന്തുകൊണ്ട് 'ലാവൻഡർ' ജഴ്‌സിയിൽ ഗുജറാത്ത്? കാരണം ഇതാണ്
ഹൈദരാബാദിനെതിരായ ആധികാരികജയത്തോടെ സീസണിൽ പ്ലേഓഫ് സ്‌പോട്ട് ഉറപ്പിക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്
അഹ്‌മദാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആധികാരികജയത്തോടെ സീസണിൽ പ്ലേഓഫ് സ്‌പോട്ട് ഉറപ്പിക്കുന്ന ആദ്യ ടീമായിരിക്കുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ നടന്ന മത്സരത്തിൽ 34 റൺസിനാണ് നിലവിലെ ചാംപ്യന്മാർ സന്ദർശകരെ തകർത്തത്. സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലിന്റെ ഒറ്റയാൻ പോരാട്ടത്തിനുശേഷം നാല് വിക്കറ്റ് വീതം കൊയ്ത് മുഹമ്മദ് ഷമിയും മോഹിത് ശർമയുമാണ് ഗുജറാത്ത് വിജയം പൂർത്തിയാക്കിയത്.
അതേസമയം, ഗുജറാത്ത് താരങ്ങൾ പതിവിൽനിന്നു വ്യത്യസ്തമായ ജഴ്‌സിയിലായിരുന്നു ഇന്നലെ ഗ്രൗണ്ടിലിറങ്ങിയത്. ഇളം വയലറ്റ് നിറത്തിലുള്ള(കൃത്യമായി ലാവൻഡർ നിറം) ജഴ്‌സിയാണ് ഗുജറാത്ത് താരങ്ങൾ ധരിച്ചിരുന്നത്. ഇത് ആരാധകരിൽ കൗതുകമുണർത്തിയിട്ടുണ്ട്. കാൻസർ ബോധവവൽക്കരണത്തിന്റെ ഭാഗമായാണ് ഗുജറാത്തിന്റെ ഈ വേറിട്ട നീക്കം.
എല്ലാ തരത്തിലുമുള്ള അർബുദത്തെ പ്രതിനിധീകരിക്കുന്ന നിറമാണ് ലാവൻഡർ. അപകടകാരിയായ അസുഖത്തിനു കീഴടങ്ങിയ എല്ലാവരെയും പ്രതിനിധീകരിച്ചാണ് ഇന്നലെ ഗുജറാത്ത് താരങ്ങൾ കളത്തിലിറങ്ങിയത്. രോഗലക്ഷണങ്ങൾ എത്രയും വേഗം തിരിച്ചറിഞ്ഞ് ചികിത്സയിലൂടെ രോഗം ഭേദമാക്കാമെന്ന സന്ദേശം നൽകാനാണ് ടീം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ടൈറ്റൻസ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച പോസ്റ്റുകളിൽ പറഞ്ഞു.
അർബുദം ലോകവ്യാപകമായി ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനാണ് അപഹരിച്ചതെന്ന് ടൈറ്റൻസ് സി.ഒ.ഒ കേണൽ അരവിന്ദർ സിങ് ചൂണ്ടിക്കാട്ടി. രോഗികൾക്കു പുറമെ അവരുടെ കുടുംബങ്ങളിലും വലിയ ആഘാതമാണ് രോഗം സൃഷ്ടിക്കുന്നത്. അർബുദത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനായതിൽ സന്തോഷമുണ്ടെന്നും രോഗത്തെ വേഗത്തിൽ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കിരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Why Gujarat Titans in lavender jersey?