വനിതാ ക്രിക്കറ്റിന് പച്ചക്കൊടി വീശി താലിബാൻ
ഐ.സി.സി വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ദോഹയിൽ നടന്ന ചർച്ചയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഭരണഘടനയ്ക്ക് പൂർണ പിന്തുണ നല്‍കുമെന്ന് താലിബാൻ പ്രതിനിധികൾ അറിയിച്ചു
കാബൂൾ: വനിതാ ക്രിക്കറ്റിന് താലിബാൻ ഭരണകൂടം പച്ചക്കൊടി കാണിച്ചതായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിസ്താനിൽ വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇതിലാണ് ഇപ്പോൾ ഐ.സി.സിയുടെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
അഫ്ഗാനിലെ ക്രിക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്താൻ ഐ.സി.സി വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. സംഘാംഗങ്ങൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ വച്ച് താലിബാൻ പ്രതിനിധികളുമായും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്(എ.സി.ബി) അംഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. ഇതിലാണ് ഐ.സി.സി ഭരണഘടനയെ പൂർണമായി അംഗീകരിക്കുമെന്ന് താലിബാൻ അറിയിച്ചത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വനിതാ ക്രിക്കറ്റ് അടക്കം ഐ.സി.സി നിയമങ്ങൾക്ക് അഫ്ഗാൻ ഭരണകൂടം എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ടെന്ന് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ ഇമ്രാൻ ഖ്വാജ പറഞ്ഞു. ഒരുപാട് വെല്ലുവിളികൾ നിലനിന്നിരുന്നു. എന്നാൽ, എ.സി.ബിയുമായി ഒന്നിച്ച് മുന്നോട്ടുപോകും. ഭരണകൂടം ഉറപ്പുനൽകിയ കാര്യങ്ങൾ കൃത്യമായി നടപ്പാകുന്ന കാര്യം വർക്കിങ് ഗ്രൂപ്പ് നിരീക്ഷിക്കുകയും ഐ.സി.സിക്ക് റിപ്പോർട്ട് നൽകുമെന്നും ഇമ്രാൻ അറിയിച്ചു. റോസ് മക്കല്ലം(അയർലൻഡ്), റമീസ് രാജ(പാകിസ്താൻ), ലൗസൺ നായ്ഡൂ(ദക്ഷിണാഫ്രിക്ക) എന്നിവരാണ് ഐ.സി.സി വർക്കിങ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.
അംഗരാജ്യങ്ങൾക്കെല്ലാം പുരുഷ ടീമിനൊപ്പം വനിതാ ടീമുമുണ്ടാകണമെന്ന് ഐ.സി.സി ഭരണഘടനയിൽ നിർദേശിക്കുന്നുണ്ട്. ആസ്‌ട്രേലിയയിൽ ഇന്ന് സമാപിച്ച ടി20 ലോകകപ്പിലും കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന ലോകകപ്പിലും അഫ്ഗാൻ പുരുഷ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
Summary: Afghanistan's Taliban govt has in principle agreed to resume women's cricket, says ICC