'നാല് മണിക്കൂർ കൊണ്ട് ഇന്ത്യയുടെ ഒന്നാം റാങ്ക് തെറിച്ചതിനു പിന്നിൽ സാങ്കേതിക പിഴവ്'; മാപ്പുപറഞ്ഞ് ഐ.സി.സി
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ പ്രകടനം നിർണായകമാണ്
ദുബൈ: ലോക ടെസ്റ്റ് റാങ്കിങ്ങിലുണ്ടായ ആശയക്കുഴപ്പത്തിൽ വിശദീകരണവും ക്ഷമാപണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് സാങ്കേതിക തകരാറായിരുന്നുവെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുകയാണെന്നും ഐ.സി.സി വാർത്താകുറിപ്പിൽ പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഒന്നാം സ്ഥാനത്തുള്ള ലോക ടെസ്റ്റ് റാങ്കിങ് പട്ടിക ഐ.സി.സി പുറത്തുവിട്ടത്. എന്നാൽ, നാലു മണിക്കൂറിനുശേഷം റാങ്കിങ് ഐ.സി.സി തന്നെ പിൻവലിച്ചു. ആസ്‌ട്രേലിയ തന്നെ ഒന്നാം റാങ്കിലുള്ള പട്ടിക പിന്നീട് പുറത്തുവിടുകയുമായിരുന്നു. ഇതോടെയാണ് വലിയ തോതിൽ ആശയക്കുഴപ്പവും സംശയവും ഉയർന്നത്. ഐ.സി.സിയുടെ നടപടിക്കെതിരെ വിമർശനവുമുണ്ടായി.
''2023 ഫെബ്രുവരി 15ന്, സാങ്കേതിക പിശക് കാരണം, ഐ.സി.സി വെബ്‌സൈറ്റിൽ ഇന്ത്യയെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി തെറ്റായി പ്രദർശിപ്പിച്ച കാര്യം ഐ.സി.സി അംഗീകരിക്കുന്നു. ഇതുമൂലമുണ്ടായ വിഷമത്തിൽ ക്ഷമ ചോദിക്കുന്നു''-വിശദീകരണക്കുറിപ്പിൽ ഐ.സി.സി പ്രതികരിച്ചു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ആസ്‌ട്രേലിയ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ പ്രകടനം നിർണായകമാണ്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്‌സിന്റെയും 132 റൺസിന്റെയും ഗംഭീര വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാളെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും ഇതേ പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് രോഹിത് ശർമയുടെ സംഘം.
Summary: ICC apologizes for the confusion over test ranking, as India lose no 1 rank within 4 hours