'രണ്ട് സ്റ്റോറിയും ഞാനിട്ടതല്ല; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; പുതിയ വിശദീകരണവുമായി യാഷ് ദയാൽ

'ലവ് ജിഹാദ്' ആരോപണങ്ങളെ ഏറ്റുപിടിച്ചായിരുന്നു മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള യാഷ് ദയാലിന്റെ വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറി

Update: 2023-06-05 17:01 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: വിദ്വേഷ പോസ്റ്റ് വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും വിവാദമായ സ്‌റ്റോറിയും അതിനുശേഷമുള്ള വിശദീകരണക്കുറിപ്പും താനല്ല പോസ്റ്റ് ചെയ്തതെന്നും താരം വ്യക്തമാക്കി. പുതിയ വാർത്താകുറിപ്പിലൂടെയാണ് യാഷ് ദയാലിന്റെ വിശദീകരണമെന്ന് 'ന്യൂസ് 18' റിപ്പോർട്ട് ചെയ്തു.

ഹാക്കിങ്ങുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്ന് താരം അറിയിച്ചു. അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. എല്ലാ സമുദായങ്ങളെയും താൻ ആദരിക്കുന്നുണ്ട്. വൈറലായ ചിത്രത്തിലുള്ളത് തന്റെ നിലപാടല്ലെന്നും താരം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

'ഇന്ന് എന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്ത രണ്ട് സ്‌റ്റോറികളും ഞാൻ ഇട്ടതല്ല. വിഷയം ഞാൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. മറ്റാരോ അക്കൗണ്ടിന്റെ നിയന്ത്രണം സ്വന്തമാക്കി പോസ്റ്റ് ചെയ്യുകയാണ് എന്നാണ് മനസിലാകുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പൂർണനിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സമുദായങ്ങളെയും ഞാൻ ആദരിക്കുന്നുണ്ട്. ഇന്നു പങ്കുവയ്ക്കപ്പെട്ട ചിത്രം എന്റെ യഥാർത്ഥ വിശ്വാസമല്ല വെളിപ്പെടുത്തുന്നത്.'-കുറിപ്പിൽ താരം വിശദീകരിച്ചു.

ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു യാഷ് ദയാലിന്റെ വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറി. മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ സ്റ്റോറിയിൽ പങ്കുവയ്ക്കുകയാണ് ചെയ്തത്. സ്റ്റോറിയുടെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാകുകയും താരത്തിനെതിരെ വൻ വിമർശനവും ഉയരുകയും ചെയ്തു. ഇതോടെയാണ് സ്റ്റോറി പിൻവലിച്ചത്. പിന്നാലെ മാപ്പപേക്ഷയുമായി മറ്റൊരു സ്റ്റോറിയും പോസ്റ്റ് ചെയ്തു.

'പ്രിയപ്പെട്ടവരേ, ആ സ്റ്റോറിക്ക് മാപ്പുനൽകണം. അബദ്ധത്തിൽ പോസ്റ്റ് ചെയ്തതായിരുന്നു. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി. എല്ലാ സമൂഹത്തെയും സമുദായങ്ങളെയും ഞാൻ ആദരിക്കുന്നുണ്ട്'-ഇങ്ങനെയായിരുന്നു ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ച വിശദീകരണ പോസ്റ്റ്.

എന്നാൽ, രണ്ട് സ്‌റ്റോറിയും ഹാക്ക് ചെയ്ത് മറ്റൊരാൽ ഇട്ടതാണെന്നാണ് ഇപ്പോൾ യാഷ് ദയാൽ വിശദീകരിക്കുന്നത്. രണ്ടാമത്തെ സ്‌റ്റോറിയിലും ഇപ്പോൾ സ്‌റ്റോറിയിൽനിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് ഒരു ഓവറിൽ പറത്തിയ അഞ്ച് സിക്സറുകളിലൂടെയാണ് നേരത്തെ യാഷ് ദയാൽ വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞയാഴ്ച സമാപിച്ച ഐ.പി.എല്ലിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു ഇത്. ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ട സമയത്തായിരുന്നു യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്സർ പറത്തി റിങ്കു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിനുശേഷം യാഷ് ദയാൽ മാനസികമായി തളരുകയും അസുഖബാധിതനാകുകയും ചെയ്തതായി ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. ഏഴെട്ട് കിലോയോളം ശരീരഭാരവും കുറഞ്ഞു. ആ മത്സരം യാഷിനെ ശാരീരികമായും മാനസികമായും തളർത്തിയെന്നും ഹർദിക് പറഞ്ഞു.

Summary: Yash Dayal claims account was hacked; Gujarat Titans pacer issues statement after controversial

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News