ഭാര്യയെയും മക്കളെയും ആസിഡൊഴിച്ച് പൊള്ളിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം
2017 ജനുവരി 17 നാണ് സംഭവം നടന്നത്
അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയേയും നാലു കുട്ടികളേയും ആസിഡൊഴിച്ച് പൊള്ളിച്ച കേസിലെ പ്രതിയെ ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. മേമുറി നെയ്ത്തുശാലപ്പടി മട്ടമലയിൽ വീട്ടിൽ കണ്ണായി എന്നു വിളിക്കുന്ന റെനി (37) യെയാണ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2017 ജനുവരി 17 ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന നെയ്ത്തുശാലപ്പടിയിലെ വീട്ടിൽ രാത്രി മൂന്ന് മണിക്കായിരുന്നു സംഭവം.രാത്രി വീട്ടിലെത്തിയ പ്രതി ഭാര്യയേയും നാലു കുട്ടികളേയും ആസിഡൊഴിച്ച് പൊള്ളിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവുമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വർഷം കൂടി തടവനുഭവിക്കണം.
പ്രതി അയൽ വാസിയിൽ നിന്ന് റബ്ബർഷീറ്റിലുപയോഗിക്കുന്ന ആസിഡ് കുറ്റകൃത്യത്തിനായി നേരത്തെ ശേഖരിക്കുകയായിരുന്നു എന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച രാമമംഗലം എസ്ഐ. എ.സ്ശിവലാല്‍ പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദുവാണ് ഹാജരായത്. സെഷൻസ് ജഡ്ജ് കെ സോമനാണ് ശിക്ഷ വിധിച്ചത്.