വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തു; മലപ്പുറം മങ്കടയില്‍ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണമെന്ന് പരാതി
ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണമുണ്ട്
മലപ്പുറം: മലപ്പുറം മങ്കട വലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണമെന്ന് പരാതി . കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീനാണ് മർദനമേറ്റത്. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന ഷംസുദ്ദീൻ പറയുന്നു. ഒന്നര മണിക്കൂറോളം അവശനായി കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഞായറാഴ്ച അഞ്ച് മണിയോടെയാണ് സംഭവം. ഒരു മരണവീട്ടില്‍ പോയി തിരികെ വരുന്ന വഴി റോഡിന്‍റെ നടുവില്‍ ഒരു ബൈക്ക് നിര്‍ത്തിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇതിനു പിന്നാലെ ബൈക്ക് യാത്രികന്‍ ഷംസുദ്ദീനെ ആക്രമിക്കുകയായിരുന്നു. ആദ്യം കമ്പ് കൊണ്ടാണ് അടിച്ചത്. പിന്നീട് കൂടുതല്‍ ആളുകള്‍ അവിടെയെത്തുകയും ആക്രമിക്കുകയുമായിരുന്നു. ഒരാള്‍ തന്നെ കമ്പി കൊണ്ട് മുഖത്തടിച്ചുവെന്നും അദ്ദേഹം പറയുന്നു. വരുന്നവരെല്ലാം അടിച്ച് തിരികെ പോകുന്ന സ്ഥിതിയായിരുന്നുവെന്നും ഷംസുദ്ദീന്‍ വിശദീകരിക്കുന്നു. നാട്ടുകാരുണ്ടായിരുന്നെങ്കിലും മര്‍ദിക്കുന്നവരെ പേടിച്ച് ആശുപത്രിയിലെത്തിച്ചെല്ലെന്നും ആരോപിക്കുന്നു. പിന്നീട് സ്വന്തം നാട്ടില്‍ നിന്നും ആളുകളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.