സൈക്കിൾ ചോദിച്ചതിന് പിതാവ് ഒൻപതു വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ഭാര്യയുടെ ചെവി കടിച്ചുപറിച്ചു

വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയിരുന്നു. ഇതിനുശേഷവും പലസമയത്തും പണം ചോദിച്ചു. ഇങ്ങനെ 50,000വും 20,000വും പലപ്പോഴായി നൽകിയിട്ടുണ്ടെന്നും യുവതിയുടെ വീട്ടുകാർ പറയുന്നു

Update: 2022-04-09 08:12 GMT
Editor : Shaheer | By : Web Desk
സൈക്കിൾ ചോദിച്ചതിന് പിതാവ് ഒൻപതു വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; ഭാര്യയുടെ ചെവി കടിച്ചുപറിച്ചു
AddThis Website Tools
Advertising

കോഴിക്കോട്: ഒൻപതു വയസുള്ള മകളെയും ഭാര്യയെയും ക്രൂരമായി മർദിച്ച് പിതാവ്. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഭാര്യ ഫിനിയയെയും മകളെയും ക്രൂരമായി മർദിച്ചത്. ഷാജിക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സൈക്കിൾ വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടതോടെയായിരുന്നു ആക്രമണം തുടങ്ങിയത്. ആദ്യം വാങ്ങിക്കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. വീണ്ടും ചോദിച്ചപ്പോൾ ഉമ്മയുടെ വീട്ടുകാരോട് ചോദിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് കവിളിന്റെ രണ്ടു ഭാഗത്തും അടിക്കുകയും മർദിക്കുകയും ചെയ്തു. വൈകീട്ടോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോയില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വൈകീട്ടോടെ വീണ്ടും എത്തിയ ഇയാൾ കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു. കൈ ഒടിക്കുകയും ചെയ്തു. മാതാവിനെയും മുഖത്തും മറ്റ് ശരീരഭാഗങ്ങളിലുമെല്ലാം ക്രൂരമായി മർദിച്ചു. ചെവി കടിച്ചുപറിക്കുകയും ചെയ്തു. ആദ്യം താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുപോകുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.

Full View

ഗുരുതരമായി പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്ത കുട്ടിയെയും മാതാവും ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പലപ്പോഴും ഭാര്യയുടെ വീട്ടിൽനിന്ന് കൂടുതൽ പണം ചോദിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ഇവരുടെ മാതാവ് മീഡിയവണിനോട് പറഞ്ഞു. വിവാഹസമയത്ത് 50 പവൻ സ്വർണം നൽകിയിരുന്നു. ഇതിനുശേഷവും പലസമയത്തും പണം ചോദിച്ചു. ഇങ്ങനെ 50,000വും 20,000വും പലപ്പോഴായി നൽകുകയും ചെയ്തിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

Summary: Father pours hot water on nine-year-old girl for asking for bicycle, brutally beats wife in Thamarassery

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News