'മുസ്‌ലിം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് കെ. ഗോപാലകൃഷ്ണൻ'; സ്‌ക്രീൻഷോട്ട് പുറത്ത്

ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവന്നത്

Update: 2025-01-11 05:52 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണൻ ഐഎഎസ് മുസ്‌ലിം ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ സ്‌ക്രീൻഷോട്ട് പുറത്ത്. ഗോപാലകൃഷ്ണനെ സർവീസിൽ തിരിച്ചെടുത്തതിന് പിന്നാലെയാണ് സ്‌ക്രീൻ ഷോട്ടുകൾ പുറത്തുവന്നത്. ഗ്രൂപ്പ് ഉണ്ടാക്കിയതിന് പിന്നാലെ 'ഇത് എന്ത് ഗ്രൂപ്പാണ് ഗോപാൽ' എന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥ ചോദിച്ചെങ്കിലും തനിക്കറിയില്ലെന്നും ചിലർ തന്നോട് ചോദിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണൻ മറുപടി നൽകിയത്.

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ ഗോപാലകൃഷ്ണനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കിടയിൽ മതസ്പർധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നു കാണിച്ചായിരുന്നു നടപടി. എന്നാൽ, ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താനല്ല ഗ്രൂപ്പ് ഉണ്ടാക്കിയതെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ വാദം.

ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇന്റലിജൻസിന് പരാതി നൽകിയത്. ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു പരാതി. സംഭവത്തിൽ മെറ്റയിൽ ഉൾപ്പെടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥൻ തന്നെയാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് സ്ഥിരീകരിച്ചത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം പൊലീസ് തള്ളുകയും ചെയ്തിരുന്നു.

അതേസമയം, സസ്‌പെൻഷനു കാരണമായ കുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ അതേപ്പടി നിലനിൽക്കുമ്പോഴാണ് ഗോപാലകൃഷ്ണനെതിരായ നടപടി കഴിഞ്ഞ ദിവസം പിൻവലിച്ചത്. ആരുടെ നിർദേശപ്രാകരമാണ് ഗോപാലകൃഷ്ണൻ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നതുൾപ്പെടെയുള്ള അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടില്ലെന്നാണു വിവരം.

Summary: 'Muslim IAS WhatsApp group created by K. Gopalakrishnan'; Screenshot out

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News