ഈജിപ്ഷ്യന്‍ ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരെ തെരുവിലിറങ്ങിയ ആയിരത്തിലധികം പേര്‍ അറസ്റ്റില്‍
അതേസമയം ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും സീസിക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഇടവേളക്ക് ശേഷം ഈജിപ്ഷ്യന്‍ രാഷ്ടീയരംഗം വീണ്ടും പ്രക്ഷുബ്ധമാകുന്നു. പട്ടാള ഭരണാധികാരി അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരെ തെരുവിലിറങ്ങിയ ആയിരത്തിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ശക്തമായ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും സീസിക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ അട്ടിമറിച്ചാണ് സൈനിക മേധാവിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസി അധികാരം പിടിച്ചത്. ഇതിനെതിരായ പ്രതിഷേധങ്ങളെല്ലാം സൈനിക കരുത്തുപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തു. ആയിരക്കണക്കിന് പേര്‍ക്കാണ് ഈ സൈനിക നടപടികളില്‍ ജീവന്‍ നഷ്ടമായത്. പതിനായിരങ്ങളെ തടവിലാക്കുകയും ചെയ്തു. എന്നാല്‍ ഇടവേളക്ക് ശേഷം ഈജിപ്തില്‍ സീസിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകകയാണ്. കെയ്റോ, സൂയസ്, അലക്സാണ്ടിയ, മഹല്ല തുടങ്ങിയയിടങ്ങളിലെല്ലാം സകല വിലക്കുകളും ലംഘിച്ച് ജനങ്ങല്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച വന്‍ ജനകീയ പ്രക്ഷോഭത്തിനും സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
2011 ഫെബ്രുവരിയില്‍ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തില്‍ ഉയര്‍ന്നുവന്ന മുദ്രാവാക്യങ്ങളാണ് ഇപ്പോള്‍ തെരുവുകളില്‍ വീണ്ടുമുയരുന്നത്. അതിനിടെ പ്രക്ഷോഭം നേരിടാന്‍ അതി ശക്തമായ നടപടികളുമായി സര്‍ക്കാരും രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 1100 ലധികം പേരെ അറസ്റ്റ് ചെയ്ത അധികൃതര്‍, റെയ്ഡുകളും സൈനിക നടപടികളും ഇപ്പോഴും തുടരുകയുമാണ്. അറസ്റ്റിലായവരില്‍ ഈജിപ്തിലെ പ്രതിപക്ഷ രംഗത്തെ പ്രമുഖ നേതാക്കളുമുണ്ട്. കഴിഞ്ഞ വർഷത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സീസിക്കെതിരെ മത്സരിച്ചയാളുടെ വക്താവ്, പ്രശസ്ത എഴുത്തുകാരൻ, മാധ്യപ്രവര്‍ത്തകര്‍ എന്നിവരെല്ലാം പുതുതായി അറസ്റ്റിലായവരിലുണ്ട്.