മലൈക്കോട്ടെ വാലിബന് പാക്കപ്പ്; ആഘോഷമാക്കി ലാലും ലിജോയും: വീഡിയോ
കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'. അതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. പാക്കപ്പിനെ പിന്നാലെ നടന്ന അണിയറപ്രവര്‍ത്തകരുടെ ആഘോഷമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
“കുറച്ച് അധികം കാലത്തെ സമയത്തിനുള്ളിൽ അൻപത്തിയഞ്ചു ദിവസത്തെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും അതിൽ സന്തുഷ്ടരാണ്. ഈ ചിത്രം എല്ലാവർക്കും അഭിമാനിക്കാവുന്ന ഗംഭീര സിനിമയാകട്ടെ. പ്രേക്ഷകരെല്ലാവരും ഇഷ്ടപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് പാക്കപ്പ്,” ലിജോ ജോസ് പറഞ്ഞു. ഒപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം.
രാജസ്ഥാന്‍,ചെന്നൈ,പോണ്ടിച്ചേരി എന്നിവിടങ്ങളായിരുന്നു വാലിബന്‍റെ പ്രധാന ലൊക്കേഷനുകള്‍. രാജസ്ഥാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. 77 ദിവസമായിരുന്നു ഇവിടെ ഷൂട്ടിംഗ്. രണ്ടാം ഷെഡ്യൂള്‍ ചെന്നൈയിലായിരുന്നു ഷൂട്ട് ചെയ്തത്. ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോസ് ആയിരുന്നു ലൊക്കേഷന്‍. പി.എസ് റഫീഖാണ് ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടാണ് വേഷമിടുന്നത്. അടിവാരത്ത് കേളു മല്ലൻ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍.ആചാരി, സുചിത്ര നായര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.ഷിബു ബേബി ജോണിന്‍റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്.