ആദ്യ ദിനം 191.5 കോടി; 'കൽക്കി' ഒരു കലക്കു കലക്കും

മലയാളമുൾപ്പടെ ആറ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്

Update: 2024-06-28 11:12 GMT
Advertising

മുംബൈ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകളിലെത്തിയ പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി' ഒറ്റ ദിവസം കൊണ്ട് 191.5 കോടി കളക്ഷനുമായി പുതിയ നേട്ടത്തിലേക്ക്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായാണ് ഇത്രയും കളക്ഷന്‍ നേടിയത്. ആദ്യ ദിനം 100 കോടി ക്ലബിൽ കയറുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതീ​ക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ നേട്ടം ലഭിച്ചതിൽ അവരും ഏറെ ആഹ്ലാദത്തിലാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇതോടെ ഓപ്പണിംഗ് ദിവസം ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍റെ ജവാനെ കടത്തിവെട്ടിയിരിക്കുകയാണ് കല്‍ക്കി. 65.50 കോടിയായിരുന്നു ഖാന്‍ ചിത്രം ആദ്യ ദിവസം നേടിയത്. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്സിന് വലിയ പ്രതികരണം ലഭിച്ചിരുന്നു.

ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.കമൽ ഹാസൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കൽക്കിക്ക് ഉണ്ട്. അമിതാഭ് ബച്ചന്‍‌, ദീപിക പദുക്കോണ്‍,ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, പശുപതി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News