രജനീകാന്ത് ഒരു സൂപ്പര്‍സ്റ്റാറല്ല, സിനിമയാണ് താരമെന്ന് നാനപടേക്കര്‍
സിനിമയാണ് ഏറ്റവും വലിയ താരം. കഥ നല്ലതാണെങ്കില്‍ സിനിമയും നന്നാകും
കബാലി ഇറങ്ങിയാലും ഇല്ലെങ്കിലും തെന്നിന്ത്യക്ക് രജനീകാന്ത് സൂപ്പര്‍താരത്തിന് അപ്പുറമുള്ള സൂപ്പര്‍ സൂപ്പര്‍ താരമാണ്. കബാലിയുടെ റിലീസോടെ സ്റ്റൈല്‍ മന്നന്റെ തിളക്കത്തിന് വീണ്ടും മാറ്റു കൂട്ടി. എന്നാല്‍ മാധ്യമങ്ങള്‍ രജനീകാന്തിനെ വാഴ്ത്തിപ്പാടുന്നെതൊന്നും ബോളിവുഡ് താരം നാനാപടേക്കര്‍ക്ക് അത്ര പിടിക്കുന്നില്ല. രജനി ഒരു സൂപ്പര്‍താരമേയല്ലെന്നാണ് കക്ഷിയുടെ അഭിപ്രായം.
സിനിമയാണ് ഏറ്റവും വലിയ താരം. കഥ നല്ലതാണെങ്കില്‍ സിനിമയും നന്നാകും. ഒരു താരത്തെ ആശ്രയിച്ച് ഒരു സിനിമ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം ഹൌസ് ഫുള്ളായി ഓടുമായിരിക്കും. എന്നാല്‍ സിനിമ മോശമാണെങ്കില്‍ അതിനപ്പുറം ആ ചിത്രം ഓടില്ല. ഒരിക്കലും ഒരു താരത്തെ അനുസരിച്ചല്ല ഒരു ചിത്രത്തിന്റെ കളക്ഷനെന്നും നാനാപടേക്കര്‍ പറഞ്ഞു.
മികച്ച തിരക്കഥാകൃത്തുക്കളാണ് നല്ല സിനിമകള്‍ സൃഷ്ടിക്കുന്നതും സൂപ്പര്‍താരങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കഥാകൃത്തുക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സലിം ജാവേദിനെപ്പോലുള്ളവര്‍ ഇന്ത്യന്‍ സിനിമക്ക് അഭിമാനമാണ്. നല്ല കഥയില്ലെങ്കില്‍ നല്ല ചിത്രവും ഉണ്ടാകില്ല. നല്ല കഥയില്ലെങ്കില്‍ ഒരു സൂപ്പര്‍താരത്തിനും ആ ചിത്രം നന്നാക്കാന്‍ സാധിക്കില്ല. അത് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഓടുകയുമില്ല. ഒരു താരത്തിന് രണ്ട് ദിവസത്തില്‍ കൂടുതല്‍ തിയറ്ററില്‍ ആളെ കയറ്റാനും സാധിക്കില്ലെന്നും നാനാപടേക്കര്‍ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനീകാന്തിന്റെ കബാലി ഭൂരിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തിയില്ലെന്ന് ആദ്യ ദിവസം തന്നെ റിപ്പോര്‍ട്ട് പരന്നിരുന്നു. ആവര്‍ത്തന വിരസത സമ്മാനിക്കുന്ന ചിത്രമെന്നായിരുന്നു ആരോപണം.