എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു: രാജീവ് രവി സംവിധായകന്‍, നിവിന്‍ പോളി നായകന്‍
കമ്മട്ടിപ്പാടത്തിന് ശേഷം സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ രാജീവ് രവി പ്രഖ്യാപിച്ചു.
കമ്മട്ടിപ്പാടത്തിന് ശേഷം സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ രാജീവ് രവി പ്രഖ്യാപിച്ചു. സംഭവബഹുലമായ ജീവിതത്തിനും കലാപ്രവര്‍ത്തനത്തിനും ഉടമയായ എന്‍ എന്‍ പിള്ളയുടെ ജീവിതമാണ് പുതിയ ചിത്രത്തിലൂടെ രാജീവ് ദൃശ്യവത്ക്കരിക്കുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍.
നിവിന്റെ പിറന്നാള്‍ ദിനത്തില്‍ രാജീവ് രവി ഫെസ് ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. നാടകാചാര്യനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന എന്‍ നാരായണപിള്ളയുടെ ജീവിതമാണ് പുതിയ ചിത്രത്തില്‍ രാജീവ് രവി ദൃശ്യവത്ക്കരിക്കുന്നത്. നിവിന്‍ പോളി എന്‍ എന്‍ പിള്ളയായി വേഷമിടും. രാജീവ് രവിയുടെ ചിത്രത്തിന്റെ ഭാഗമാകാനായത് വലിയ അംഗീകാരമായി കാണുന്നുവെന്ന് നിവിന്‍ പോളി പ്രതികരിച്ചു.
എൻ എൻ പിള്ളയുടെ സംഭവബഹുലമായ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന് പ്രമേയമാവുന്നത്. മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ എൻ പിള്ള 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് നാടക പഠനങ്ങളും ഞാൻ എന്ന ആത്മകഥയും അദ്ദേഹത്തിന്റെ രചനയിൽ പുറത്തുവന്നിട്ടുണ്ട്. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദറില്‍ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് അരങ്ങേറ്റം നടത്തി.
തുടർന്ന് നാടോടി എന്ന ചിത്രത്തിലും ഗോഡ്ഫാദറിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളായ പെരിയവർ, പെദരിക്കം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അമല്‍ നീരദ് ചിത്രം ഇയ്യോബിന്റെ പുസ്തകത്തിന് രചന നിര്‍വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് രവി ചിത്രത്തിനും തിരക്കഥയൊരുക്കുക. മധു നീലകണ്ഠനാണ് ഛായാഗ്രാഹകന്‍. സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.