ജയലളിതയെന്ന പിന്നണി ഗായിക പാടിയതൊക്കെയും ഹിറ്റ്
ജയലളിതയെന്ന പാട്ടുകാരിക്കും വഴികാട്ടിയായത് പ്രിയ നായകന്‍ എംജിആര്‍ തന്നെയാണ്. ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വച്ചാണ് എംജിആര്‍ ജയലളിതയെന്ന ഗായികയെ തിരിച്ചറിയുന്നത്.
തമിഴകത്തിന്‍റെ സ്വന്തം പുരട്ച്ചി തലൈവി ഗായിക കൂടിയായിരുന്നുവെന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. തമിഴ് സിനിമയില്‍ അഭിനയത്തിലെന്ന പോലെ പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട് ജയലളിത.
കണ്ണുകളില്‍ ആയിരം മധുര കിനാവുകള്‍ എന്നര്‍ത്ഥം വരുന്ന തമിഴ് പാട്ട് പാടിയായിരുന്നു അഭിനയം മാത്രം സ്വപ്നം കണ്ടു നടന്ന കൌമാരം പിന്നിട്ട നടിയുടെ ഗായികയായുള്ള അരങ്ങേറ്റം. 1968ല്‍ പുറത്തിറങ്ങിയ കണ്ണന്‍ കാതലന്‍ എന്ന സിനിമയിലെ പാട്ട് സൂപ്പര്‍ഹിറ്റ്. പാടിയ ആളും അതോടെ താരമായി.
സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെയെന്നതു പോലെ ജയലളിതയെന്ന പാട്ടുകാരിക്കും വഴികാട്ടിയായത് പ്രിയ നായകന്‍ എംജിആര്‍ തന്നെയാണ്. ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വച്ചാണ് എംജിആര്‍ ജയലളിതയെന്ന ഗായികയെ തിരിച്ചറിയുന്നത്. മീരാഭജന്‍ പാടുന്ന ജയളിതയുടെ ശബ്ദം കേട്ടപ്പോള്‍. പിന്നീട് അങ്ങോട്ട് ആ ഗായികയെ വളര്‍ത്തിയെടുക്കാനായിരുന്നു എംജിആറിന്റെ ശ്രമം. അത് വിജയിക്കുകയും ചെയ്തു.
1974ല്‍ പുറത്തിറങ്ങിയ 'തിരുമാംഗല്യ' എന്ന സിനിമയിലെ ഉലകം ഒരു നാള്‍പിറന്തത് എന്ന പാട്ടും സൂപ്പര്‍ ഹിറ്റ്. പാടിയ പാട്ടുകളൊക്കെയും എം എസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേശ്, ടി ആര്‍ പാപ്പ, കെ വി മഹാദേവന്‍ എന്നീ പ്രതിഭാശാലികളുടെ സൃഷ്ടികള്‍.
തമിഴകത്തിന്‍റെ പ്രിയപ്പെട്ട നടിയുടെ ശ്രദ്ധ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതോടെ പാട്ടില്‍ നിന്നകന്നു. എങ്കിലും കര്‍ണാടക പാശ്ചാത്യ സംഗീതത്തോടുള്ള സ്നേഹം എന്നും മനസ്സില്‍ സൂക്ഷിച്ചു അവര്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയലളിതയെന്ന പാട്ടുകാരിയെ അവസാനമായി കേട്ടത്.