വരൂ...ഇരിക്കൂ..കഴിക്കാം...വ്യത്യസ്തമായൊരു ഭക്ഷണകഥയുമായി കണ്ണന്‍ താമരക്കുളം
കേരളത്തിന്റെ ഭക്ഷ്യ സംസ്കാരവും രുചിഭേദങ്ങളും വിഷയമാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്
ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു പിടി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിപത്തിനെതിരെ ഒരു ചിത്രം വെള്ളിത്തിരയില്‍ കണ്ടിട്ടില്ല. അത്തരമൊരു കാലികപ്രസക്തമായ വിഷയത്തെ അഭ്രപാളിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ കണ്ണന്‍ താമരക്കുളം.
കേരളത്തിന്റെ ഭക്ഷ്യ സംസ്കാരവും രുചിഭേദങ്ങളും വിഷയമാകുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 'വരൂ, ഇരിക്കൂ, കഴിക്കാം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദിനേശ് പളളത്തും സംവിധാനം നിര്‍വ്വഹിക്കുന്നത് കണ്ണന്‍ താമരക്കുളവുമാണ്.
ക്ലൈമാക്സു വരെ നീളുന്ന സസ്പെന്‍സിലൂടെയാണ് കഥ ഇതള്‍ വിരിയുന്നത്. കുടുംബ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. മാത്രമല്ല, സാമൂഹിക പ്രസക്തിയും സമകാലിക സ്വഭാവവുമുളള ഇതിവൃത്തമാണ് ചിത്രത്തിന്റേത്. ചിത്രത്തിന് വേണ്ടി കേരളത്തിന്റെ രുചിഭേദങ്ങളെയും ഭക്ഷണ ശീലങ്ങളെയും അടുത്തറിയാന്‍ കന്യാകുമാരിമുതല്‍ കാസര്‍കോട് വരെ തനതു നാട്ടുരുചികള്‍ തേടിയുളള യാത്രയിലാണ് സംവിധായകന്‍. രുചിക്കൂട്ടിന്റെ രഹസ്യങ്ങള്‍ക്കപ്പുറം അതിഥിദേവോ ഭവഃ ഏന്ന ആപ്തവാക്യത്തിന്റെ അന്തസത്തയിലാണ് ഭക്ഷണസംസ്കാരത്തിന്റെ കാലിക പ്രസക്തിയെന്ന് കണ്ണന്‍ പറയുന്നു.
മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കണ്ണന്റെ മറ്റു ചിത്രങ്ങള്‍ പോലെ തന്നെ ചിരിയും സസ്പന്‍സും ആക്ഷനും ഒപ്പം, സാമൂഹിക പ്രാധാന്യവും വരൂ , ഇരിക്കൂ,കഴിക്കാം എന്ന ചിത്രത്തിനുണ്ടെന്ന് തിരക്കഥാകൃത്ത് ദിനേശ് പളളത്ത് പറഞ്ഞു.