അക്ബര്‍ കക്കട്ടില്‍ അവസാനമെഴുതിയ ലേഖനവുമായി ഓത്തുപള്ളി-ഓര്‍മ്മകളിലെ തേന്‍തുള്ളി
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു എന്ന തലക്കെട്ടിലാണ് അക്ബര്‍ കക്കട്ടിലിന്റെ ലേഖനം
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അവസാനമായെഴുതിയ ലേഖനം ഉള്‍ക്കൊള്ളുന്ന പുസ്തകം പുറത്തിറങ്ങി. അക്ബര്‍ കക്കട്ടിലിന്റെ നാല്പതാം ചരമദിനത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്. ഓത്തുപള്ളീലന്നു നമ്മള്‍ എന്ന ഗാനത്തെക്കുറിച്ചാണ് അക്ബര്‍ കക്കട്ടിലിന്റെ ലേഖനം.
ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്നകാലം എന്ന ഗാനത്തെക്കുറിച്ചുള്ള പ്രമുഖരുടെ ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഓത്തുപള്ളി-ഓര്‍മ്മകളിലെ തേന്‍തുള്ളി എന്നുപേരിട്ട പുസ്തകത്തില്‍ ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു എന്ന തലക്കെട്ടിലാണ് അക്ബര്‍ കക്കട്ടിലിന്റെ ലേഖനം. പ്രമുഖ എഴുത്തുകാരന്‍ എന്‍ പി ഹാഫിസ് മുഹമ്മദ് കക്കട്ടിലിന്റെ മകള്‍ സിതാരയ്ക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. കഥാകാരനെക്കുറിച്ചുള്ള ഓര്‍മയില്‍ ഗായകന്‍ വിടി മുരളി പ്രിയപ്പെട്ട ഗാനം ഒരിക്കല്‍ കൂടി ആലപിച്ചു.
1979 ല്‍ പുറത്തിറങ്ങിയ തേന്‍തുള്ളി എന്ന സിനിമയ്ക്കുവേണ്ടി പ്രശസ്തത കവി പി ടി അബ്ദുറഹ്മാന്‍ എഴുതിയ ഗാനത്തിന് കെ രാഘവന്‍ മാസ്റ്ററാണ് ഈണം നല്‍കിയത്. സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഷംസുദ്ദീന്‍ കുട്ടോത്താണ് പുസ്തകത്തിന്റെ എഡിറ്റര്‍.