ചലച്ചിത്ര മേളക്ക് സ്ഥിരം വേദി, ആക്കുളത്തിന് പിന്നില്‍ ബിസിനസ് ലാഭമെന്ന് ഡോ.ബിജു

Update: 2018-05-14 18:02 GMT
Editor : admin
ചലച്ചിത്ര മേളക്ക് സ്ഥിരം വേദി, ആക്കുളത്തിന് പിന്നില്‍ ബിസിനസ് ലാഭമെന്ന് ഡോ.ബിജു
Advertising

ഫേസ്ബുക്കിലൂടെയാണ് ബിജുവിന്റെ പ്രതികരണം

ചലച്ചിത്ര മേളക്ക് സ്ഥിരം വേദി നിര്‍മ്മിക്കുന്നതിന് തിരുവനന്തപുരം പരിഗണിക്കാതെ ആക്കുളത്തേക്ക് കണ്ണ് പായിക്കുന്നതിന് പിന്നില്‍ ബിസിനസ് ലാഭങ്ങളുണ്ടെന്ന് സംവിധായകന്‍ ഡോ.ബിജു. ഫേസ്ബുക്ക് പേജിലൂടയാണ് ബിജുവിന്റെ പ്രതികരണം. തിരുവനന്തപുരം നഗരത്തില്‍ മേള തുടര്‍ന്നാല്‍ വര്‍ഷാ വര്‍ഷം മേളയില്‍ എത്തുന്ന സാധാരണക്കാരായ ഡെലിഗേറ്റുകളുടെ എണ്ണം കൂടി കൂടി വരും . ഇങ്ങനെയുള്ള ഈ സാദാ ബ്ലഡി കാണികളെ ഒഴിവാക്കണം എന്ന അഭിപ്രായം ഒട്ടേറെ സിനിമാ തമ്പുരാക്കന്മാർ മുന്നേ പ്രകടിപ്പിച്ചിട്ടുണ്ട് . തിരുവനന്തപുരം നഗരത്തില്‍ നിന്നകലെ ആക്കുളത്തേക്ക് മേളയെ ഓടിച്ച് കയറ്റുമ്പോള്‍ ഈ ബ്ലഡി സാദാ ഡെലിഗേറ്റുകളെയും നമുക്ക് ഓടിച്ച് കളയാമല്ലോ...ബിജു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള ചലച്ചിത്ര മേളയ്ക്ക് സ്ഥിരം ഫെസ്റ്റിവല്‍ കോംപ്ലെക്‌സ് പണിയുന്നതുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ വന്നു കാണുന്നു . പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിയെങ്കില്‍ അതില്‍ ചില ശരികേടുകള്‍ ഉണ്ട് . കഴിഞ്ഞ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ സര്‍ക്കാരിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സമര്‍പ്പിച്ച നിര്‍ദ്ദേശം ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ കാണുന്നത് . ഇത്തവണത്തെ ബഡ്ജറ്റില്‍ ഫെസ്റ്റിവല്‍ കോംപ്‌ളക്‌സിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട് . ഇതനുസരിച്ച് മുന്‍ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചത് ആക്കുളത്ത് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മിക്കുവാനാണ് . ആക്കുളത്ത് 7 തിയറ്ററുകള്‍ നിര്‍മിക്കുവാനാണത്രെ അക്കാദമിയുടെ നിര്‍ദ്ദേശം . കേരള ചലച്ചിത്ര മേളയിലെ കാണികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഈ 7 തിയറ്ററുകള്‍ മതിയാകില്ല എന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ് . ഇപ്പോള്‍ 13 തിയറ്ററുകളിലായാണ് ചലച്ചിത്ര മേള നടന്നു വരുന്നത് . ആക്കുളം ഫെസ്റ്റിവല്‍ വേദിയായി നിര്‍ദ്ദേശിക്കുന്ന അക്കാദമി 7 തിയറ്ററുകള്‍ മാത്രമാണ് അവിടെ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്നത് .കോംപ്ലക്‌സിന് സമീപത്തു മൂന്നു സ്വകാര്യ ഷോപ്പിംഗ് മാളുകള്‍ ഉടന്‍ വരുന്നുണ്ട് എന്നതും ഈ മാളുകളില്‍ ഏഴ് പത്ത് അഞ്ച് ക്രമത്തില്‍ മിനി തിയറ്ററുകളും വരുമത്രെ . ഈ സ്വകാര്യ തിയറ്ററുകള്‍ കൂടി ഉപയോഗിച്ച് ചലച്ചിത്ര മേള നടത്താം എന്നാണത്രെ മുന്‍ അക്കാദമി സമര്‍പ്പിച്ച നിര്‍ദ്ദേശം . ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണത്തിന് പി വി ആര്‍ ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ മുന്നോട്ട് വന്നിട്ടുമുണ്ടത്രെ . മേള നടക്കുന്ന സമയത്ത് കോംപ്ലക്‌സ് പൂര്‍ണമായും അക്കാദമിക്ക് വിട്ടു നല്‍കും ബാക്കി സമയത്ത് ബന്ധപ്പെട്ട സ്വകാര്യ കമ്പനിക്ക് അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം . ഇതാണ് മുന്‍ അക്കാദമിയുടെ നിര്‍ദ്ദേശം വാട്ട് ആന്‍ ഐഡിയ സര്‍ജി . സര്‍ക്കാര്‍ പണവും സര്‍ക്കാര്‍ സ്ഥലവും സര്‍ക്കാര്‍ മേളയും സ്വകാര്യ കമ്പനികള്‍ക്ക് ലാഭത്തിനുള്ള ബിസിനസ് ആകുവാനുള്ള ഒരു റിയല്‍ എസ്‌റ്റേറ് കള്‍ച്ചറല്‍ മാഫിയ ഈ പ്ലാനില്‍ മണക്കുന്നില്ലേ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റില്ല . കേരളത്തിന്റെ ചലച്ചിത്ര മേളയ്ക്ക് സര്‍ക്കാരിന്റെ സ്വന്തമായ സ്ഥിരം ഫെസ്റ്റിവല്‍ കോംപ്ലെക്‌സ് വേദിയാണ് വേണ്ടത് . അത് പണിയുവാനായുള്ള ആദ്യ ഘട്ട തുകയാണ് ബഡ്ജറ്റില്‍ ഇപ്പോള്‍ വകയിരുത്തിയത് . ഇത് കൊണ്ടുപോയി സ്വകാര്യ കമ്പനികളുടെ ലീസ് വ്യവസ്ഥയ്ക്ക് മറയാക്കി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തെ ചെറുക്കുക തന്നെ വേണം . ഒരു സ്വകാര്യ തിയറ്ററുകളെയും ആശ്രയിക്കാതെ , അത്തരം സ്വകാര്യ കമ്പനികള്‍ക്കൊന്നും തന്നെ സര്‍ക്കാര്‍ സ്ഥലത്ത് ചുളു വിലയില്‍ വിഹിതം കൊടുക്കാതെ സര്‍ക്കാര്‍ തന്നെ ഫെസ്റ്റിവലിന് ആവശ്യമായ അത്രയും തിയറ്ററുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യമാണ് നിറവേറ്റേണ്ടത് . അല്ലാതെ തുടക്കത്തിലേ കൊണ്ടുപോയി സ്വകാര്യ പങ്കാളിത്തത്തിന്റെ കാല്‍ച്ചുവട്ടില്‍ തല വെക്കുകയല്ല വേണ്ടത് .

ആക്കുളത്ത് അക്കാദമിക്ക് ലഭ്യമായി എന്ന് പറയുന്ന സ്ഥലം ഇതുവരെയും ലഭ്യമായിട്ടില്ല എന്നതാണ് സത്യം . ഇനി അങ്ങനെ ഒരു സ്ഥലം ഉണ്ടെങ്കില്‍ തന്നെ മേള അവിടേയ്ക്ക് മാറ്റേണ്ടതുണ്ടോ എന്നതും ആലോചിക്കേണ്ടതുണ്ട് . തിരുവനന്തപുരം നഗരത്തില്‍ തന്നെ ചലച്ചിത്ര മേളയ്ക്കായുള്ള സ്ഥിരം വേദി പണിയാന്‍ സ്ഥലങ്ങള്‍ ഉണ്ട് എന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്. കവടിയാറിലും , ജവഹര്‍ ബാലഭവനില്‍ കനകക്കുന്നിനോട് ചേര്‍ന്ന സ്ഥലവും ലഭ്യമാകുന്നതേ ഉള്ളൂ . 2010 ല്‍ ശ്രീ എം . എ . ബേബി സാംസ്‌കാരിക മന്ത്രി ആയിരുന്നപ്പോള്‍ ജവഹര്‍ ബാലഭാവനോട് ചേര്‍ന്ന സ്ഥലത്തു ചലച്ചിത്രോത്സവ വേദി പണിയുന്നതിനായി ഒരു 15 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു (ഉത്തരവ് നമ്പര്‍ 594/ 10 /സി എ ഡി തീയതി 7 / 12 / 2010 ). നിര്‍ഭാഗ്യവശാല്‍ മന്ത്രിസഭ കാലാവധി കഴിഞ്ഞപ്പോള്‍ പിന്നീട് ഈ കമ്മിറ്റി ഇല്ലാതാവുകയും ചെയ്തു . ജവഹര്‍ ബാലഭാവനോട് ചേര്‍ന്ന ആ സ്ഥലം ഇപ്പോഴും വെറുതെ കിടക്കുകയാണ് , കവടിയാറിലെ സ്ഥലവും സര്‍ക്കാര്‍ വിചാരിച്ചാല്‍ ലഭ്യമാക്കാവുന്നതേ ഉള്ളൂ . നിലവില്‍ കൈരളി , ശ്രീ , നിള തിയറ്ററുകള്‍ , കലാഭവന്‍ , ടാഗോര്‍ തിയറ്ററുകള്‍ എന്നിവ സര്‍ക്കാരിന്റേതായി തിരുവനന്തപുരം നഗരത്തില്‍ ഉണ്ട് . ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കും മറ്റു സ്‌ക്രീനിങ്ങുകള്‍ക്കും ആയി നിശാഗന്ധിയും ഉണ്ട് . നഗരത്തില്‍ തന്നെ ഈ പറഞ്ഞ രണ്ടു സ്ഥലങ്ങളില്‍ എവിടെയെങ്കിലും തിയറ്റര്‍ കോംപ്ലക്‌സ് പണിഞ്ഞാല്‍ മേളയുടെ നടത്തിപ്പ് സുഗമമാകും . ഇതിനുള്ള സാധ്യത ആണ് ആദ്യം ആലോചിക്കേണ്ടത് . ഇനി അഥവാ ആക്കുളത്ത് തന്നെ വേണം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് എന്ന് ആര്‍ക്കെങ്കിലും അമിത താല്പര്യങ്ങള്‍ ഉണ്ടെങ്കില്‍ മേളയിലെ മുഴുവന്‍ പ്രദര്‍ശനങ്ങളും നടത്താന്‍ തക്ക തിയറ്ററുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിര്‍മിക്കണം . അല്ലാതെ സ്വകാര്യ തിയറ്ററുകള്‍ സമീപത്ത് കെട്ടിച്ച് ആ തിയറ്ററുകള്‍ കൂടി ലഭ്യമാക്കാം എന്ന ഉഗാണ്ടന്‍ പരിഷ്‌കാരത്തിന് പുതിയ അക്കാദമി ചെയര്‍മാനും സാംസ്‌കാരിക മന്ത്രിയും നിന്നു കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു . ആക്കുളത്ത് ഇതുവരെയും അക്കാദമിക്ക് ഭൂമി ഇല്ല എന്ന വസ്തുതയും എന്നാല്‍ കിന്‍ഫ്രയില്‍ അക്കാദമിക്ക് ഏതാണ്ട് രണ്ടേക്കര്‍ വസ്തു നിലവിലുണ്ട് എന്നും പറയപ്പെടുന്നുണ്ട് . അത് സത്യമെങ്കില്‍ എന്തുകൊണ്ട് നിലവില്‍ കൈവശം ഉള്ള കിന്‍ഫ്രയിലെ ഭൂമിയില്‍ ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പണിയാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാതെ കൈവശമില്ലാത്ത ആക്കുളം നിര്‍ദ്ദേശിച്ചു എന്നതും സംശയം ഉണര്‍ത്തുന്നു . ഏതായാലും തിരുവനന്തപുരം നഗരത്തില്‍ തന്നെ ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പണിയാന്‍ സാദ്ധ്യതകള്‍ ഉണ്ടെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ ആണ് ആദ്യം നടത്തേണ്ടത് . ഇനി അതല്ല ഭൂമി സംബന്ധമായ ക്രയ വിക്രയ സാധ്യതകളും , സ്വകാര്യ കമ്പനികളുമായി ചേര്‍ന്നുള്ള ബിസിനസ് ഡീലിംഗുകളുമാണ് ഉദ്ദേശം എങ്കില്‍ നമുക്ക് ആക്കുളത്തേക്ക് പോകാം. ഒരു വെടിക്ക് രണ്ട് പക്ഷികള്‍ എന്ന് പറയുമ്പോലെ ബിസിനസ് ലാഭം എന്ന പക്ഷിയെ കൂടാതെ മറ്റൊരു പക്ഷിയെ കൂടി വെടി വെച്ചിടാം . അത് ഏത് പക്ഷി ആണെന്നോ .... ഈ തിരുവനന്തപുരം നഗരത്തില്‍ മേള തുടര്‍ന്നാല്‍ വര്‍ഷാ വര്‍ഷം മേളയില്‍ എത്തുന്ന സാധാരണക്കാരായ ഡെലിഗേറ്റുകളുടെ എണ്ണം കൂടി കൂടി വരും . ഇങ്ങനെയുള്ള ഈ സാദാ ബ്ലഡി കാണികളെ ഒഴിവാക്കണം എന്ന അഭിപ്രായം ഒട്ടേറെ സിനിമാ തമ്പുരാക്കന്മാര്‍ മുന്നേ പ്രകടിപ്പിച്ചിട്ടുണ്ട് . തിരുവനന്തപുരം നഗരത്തില്‍ നിന്നകലെ ആക്കുളത്തേക്ക് മേളയെ ഓടിച്ച് കയറ്റുമ്പോള്‍ ഈ ബ്ലഡി സാദാ ഡെലിഗേറ്റുകളെയും നമുക്ക് ഓടിച്ച് കളയാമല്ലോ ...അതാണ് രണ്ടാമത്തെ പക്ഷി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News