പാക് താരങ്ങള്‍ക്ക് വിലക്കെങ്കില്‍ പാകിസ്താനില്‍ പോയ പ്രധാനമന്ത്രി മാപ്പ് പറയണ്ടേ? അനുരാഗ് കശ്യപ്

Update: 2018-05-15 20:53 GMT
Editor : Sithara
പാക് താരങ്ങള്‍ക്ക് വിലക്കെങ്കില്‍ പാകിസ്താനില്‍ പോയ പ്രധാനമന്ത്രി മാപ്പ് പറയണ്ടേ? അനുരാഗ് കശ്യപ്
Advertising

പാക് താരങ്ങള്‍ അഭിനയിച്ചതിന്റെ പേരില്‍ ഏ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശന വിലക്ക് നേരിടുന്നതിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ്

പാക് താരങ്ങള്‍ അഭിനയിച്ചതിന്റെ പേരില്‍ ഏ ദില്‍ ഹേ മുഷ്കില്‍ പ്രദര്‍ശന വിലക്ക് നേരിടുന്നതിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്. കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹേ മുഷ്‌കിലിന്റെ ചിത്രീകരണസമയത്തായിരുന്നല്ലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം? പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ വിലക്കുകയാണെങ്കില്‍ പാക് പ്രധാനമന്ത്രിയെ അവിടെപ്പോയി കണ്ട നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്ഷമ ചോദിക്കാത്തതെന്ന് അനുരാഗ് ചോദിക്കുന്നു.

ലോകം നമ്മളെ കണ്ട് പഠിക്കണം. എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം സിനിമകളാണെന്ന് ആരോപിച്ച് നമ്മള്‍ അവ നിരോധിക്കുന്നു. താന്‍ സംവിധായകന്‍ കരണ്‍ ജോഹറിപ്പമാണെന്ന് അനുരാഗ് കശ്യപ് ട്വീറ്റില്‍ വ്യക്തമാക്കി.

പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച സിനിമകളുടെ പ്രദര്‍ശനം അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം തിയറ്റര്‍ ഉടമകളുടെ നിലപാട്. സിനിമ ഓണേഴ്‌സ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താല്‍ കരണ്‍ ജോഹറിന്റെ ഏ ദില്‍ ഹേ മുഷ്‌കില്‍ പ്രദര്‍ശന വിലക്ക് നേരിടുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പ്രദര്‍ശനമാണ് പ്രധാനമായും വിലക്ക് നേരിടുന്നത്.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബിജെപിയുമാണ് പാക് താരങ്ങളെ ഇന്ത്യന്‍ സിനിമകളില്‍ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്. പാക് താരങ്ങള്‍ അഭിനയിച്ച രംഗങ്ങള്‍ മുറിച്ചുനീക്കിയില്ലെങ്കില്‍ റിലീസിന് അനുവദിക്കില്ലെന്നായിരുന്നു സംഘടനകളുടെ ഭീഷണി.
രണ്‍ബീര്‍ കപൂറും ഐശ്വര്യ റായ്‌യും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏ ദില്‍ ഹേ മുഷ്‌കിലിന്റെ റിലീസ് ഒക്ടോബര്‍ 28നാണ് തീരുമാനിച്ചിരിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News