ജിഎസ്‍ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ മെര്‍സലില്‍ നിന്ന് നീക്കണം: ബിജെപി

Update: 2018-05-16 15:49 GMT
Editor : Sithara
ജിഎസ്‍ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ മെര്‍സലില്‍ നിന്ന് നീക്കണം: ബിജെപി
Advertising

ജിഎസ്‍ടിയെയും മോദി സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ വിജയ് നായകനായ മെര്‍സലില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി.

ജിഎസ്‍ടിയെയും മോദി സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ വിജയ് നായകനായ മെര്‍സലില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി. തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് തമിളിസൈ സൌന്ദര്‍രാജാണ് സിനിമക്കെതിരെ രംഗത്തെത്തിയത്.

ചിത്രത്തിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കത്തിൽ വിദേശത്ത് വെച്ച് വിജയും വടിവേലുവും ചെയ്ത കഥാപാത്രങ്ങളെ പോക്കറ്റടിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോൾ വടിവേലു തന്റെ കാലിയായ പേഴ്സ് തുറന്നു കാട്ടി ഡിജിറ്റൽ ഇന്ത്യയ്ക്ക് നന്ദി പറയുന്നു. ഈ രംഗത്തിന് തിയേറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. രണ്ടാമത്തേത് വിജയ് ഇന്ത്യയിലെയും സിംഗപ്പൂരിലെയും നികുതി ഘടനയെ താരതമ്യം ചെയ്യുന്നതാണ്. സിംഗപ്പൂരിൽ ഏഴ് ശതമാനം മാത്രമാണ് ജിഎസ്ടി. എന്നിട്ടും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭിക്കുന്നു. എന്നാൽ 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയിൽ ജനങ്ങൾക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നും വിജയ് പറയുന്നു.

താന്‍ സിനിമ കണ്ടിട്ടില്ലെന്നും കണ്ടവര്‍ പറഞ്ഞറിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികരണമെന്നും തമിളിസൈ സൌന്ദര്‍രാജ് വ്യക്തമാക്കി. ജിഎസ്‍ടിയും ഡിജിറ്റല്‍ ഇന്ത്യയും സംബന്ധിച്ച് ജനങ്ങളില്‍ തെറ്റായ ധാരണയുണ്ടാക്കാനാണ് സിനിമയിലൂടെ വിജയ് ശ്രമിച്ചതെന്നും ഇത് രാഷ്ട്രീയനീക്കമാണെന്നും ബിജെപി ആരോപിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News