പാട്ട് പാടാന്‍ വന്ന് വില്ലനായ ജോസ് പ്രകാശ്

Update: 2018-05-18 13:13 GMT
Editor : admin
പാട്ട് പാടാന്‍ വന്ന് വില്ലനായ ജോസ് പ്രകാശ്
Advertising

ജോസ് പ്രകാശ് ഓര്‍മ്മയായിട്ട് ഇന്ന് നാല് വര്‍ഷം തികയുകയാണ്

ഇന്ന് മാര്‍ച്ച് 24 മലയാളത്തിന്റെ സുന്ദര വില്ലന്‍ ജോസ് പ്രകാശ് നാട്യങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് നാല് വര്‍ഷം. 1925 ഏപ്രില്‍ 14ന് കെ.ജെ ജോസഫിന്റെയും ഏലിയാമ്മയുടേയും മകനായി ചങ്ങനാശ്ശേരിയിലാണ് ജോസ് പ്രകാശ് ജനിച്ചത്. പിതാവ് ജോസഫ് കോട്ടയം മുന്‍സിഫ് കോടതിയിലെ ഗുമസ്തനായിരുന്നു. നാടകത്തിലും സിനിമയിലും സജിവമാകുന്നതിന് മുന്‍പേ പട്ടാളത്തിലായിരുന്നു ജോസ് പ്രകാശ്. 1942ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ അദ്ദേഹം ബ്രിട്ടീഷ് റോയല്‍ ആര്‍മിയില്‍ ചേര്‍ന്നു. ലാന്‍സ് നായിക് ആയിട്ടായിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിലായിരുന്നു 65 രൂപയായിരുന്നു മാസശമ്പളം. ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിംഗപ്പൂര്‍, ബര്‍മ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു.പിന്നീടാണ് നാടകത്തിലേക്ക് ചുവടു മാറ്റുന്നത്. കോട്ടയം നാഷണല്‍ തിയറ്റേഴ്സ്, പാലാ ഐക്യ കേരള നാടക സമിതി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.

Full View

പാട്ട് പാടാന്‍ വന്ന് വില്ലനായ ചരിത്രമാണ് ജോസ് പ്രകാശിനുള്ളത്. 1953ല്‍ റിലീസായ ശരിയോ തെറ്റോ എന്നാ സിനിമയില്‍ ഗായകന്‍ ആയിട്ടായിരുന്നു സിനിമയിലെ തുടക്കം. തിക്കുറിശ്ശിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. ലീലയോടൊപ്പമാണ് ജോസ് പ്രകാശ് ആദ്യഗാനം പാടിയത്. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആല്‍ഫോണ്‍സ്, അവന്‍ വരുന്നു തുടങ്ങി അറുപതോളം സിനിമകളില്‍ ജോസ് പ്രകാശ് പാടിയിട്ടുണ്ട്. കുറേ സിനിമകളില്‍ പ്രേം നസീറിനും സത്യനും ശബ്ദം നല്കി ഡബിംഗ് ആര്‍ട്ടിസ്റ്റിന്റെ റോളിലുമെത്തി അദ്ദേഹം.

1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇന്‍ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. അതുവരെ കൊമ്പന്‍ മീശയും കവിളത്ത് കറുത്ത മറുകും ചുവന്ന കണ്ണുകളുമായി പ്രത്യക്ഷപ്പെട്ട മലയാള സിനിമയിലെ സ്ഥിരം വില്ലന്മാരില്‍ നിന്നും വ്യത്യസ്തനായിരുന്നു ജോസ് പ്രകാശ്. ജോസ് പ്രകാശിന്റെ ഹലോ മിസ്റ്റര്‍ പേരേര എന്ന ഡയലോഗ് ഇപ്പോഴും മിമിക്രിക്കാര്‍ക്കിയില്‍ ഹിറ്റാണ്. തുടര്‍ന്നങ്ങോട്ടുള്ള ചിത്രങ്ങളിലെല്ലാം ജോസ് പ്രകാശ് വില്ലന്‍ വേഷത്തിലായിരുന്നു. ഇതിനിടയില്‍ കൂടെവിടെ, ആയിരം കണ്ണുകള്‍ എന്നീ ചിത്രങ്ങളിലൂടെ നിര്‍മ്മാതാവായും മാറി.ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ജോസ് പ്രകാശ് ഏറ്റവുമൊടുവില്‍ വേഷമിട്ടത് 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലാണ്. വളരെ ചെറിയൊരു വേഷമായിരുന്നെങ്കിലും ജോസ് പ്രകാശ് അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രം ചിത്രത്തിന്റെ വഴിത്തിരിവായിരുന്നു. നാടകത്തിനും സിനിമക്കും നല്കിതയ സംഭാവനകള്‍ പരിഗണിച്ച് 2011ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ജോസ് പ്രകാശിന് ലഭിച്ചെങ്കിലും അത് ഏറ്റുവാങ്ങാന്‍ നില്ക്കാതെ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയായിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News