പുരസ്കാര നിറവില്‍ വെട്രിമാരന്‍
വിസാരണൈ പോലൊരു ചിത്രം ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് വെട്രിമാരന്‍ മീഡിയവണിനോട് പറഞ്ഞു
തന്റെ ചിത്രമായ വിസാരണൈയ്ക്ക് മൂന്ന് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതിന്റെ നിറവിലാണ് സംവിധായകന്‍ വെട്രിമാരന്‍. വിസാരണൈ പോലൊരു ചിത്രം ജനങ്ങള്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് വെട്രിമാരന്‍ മീഡിയവണിനോട് പറഞ്ഞു. ആദ്യ ചിത്രത്തിന് നിര്‍മാതാക്കാളെ കിട്ടാതെ ബുദ്ധിമുട്ടിയെന്നും അത്തരം പ്രതിസന്ധികള്‍ സിനിമയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ജയില്‍ ജീവിതം പ്രമേയമാക്കിയ വിസാരണൈ നേടിയത്. യഥാര്‍ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്നും അത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും വെട്രിമാരന്‍ പറഞ്ഞു
രജനീകാന്ത്, കമലഹാസന്‍ തുടങ്ങി നിരവധി പ്രമുഖരുടെ അഭിനന്ദനം സിനിമാ ജീവിതത്തില്‍ മുതല്‍ക്കൂട്ടാണ്. എം ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലാണ് വിസാരണൈയുടെ ഇതിവൃത്തം. നോവലിനോട് നിതി പുലര്‍ത്താന്‍ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. നിര്‍മാതാക്കളെ ലഭിക്കാത്തതാണ് നല്ല പ്രമേയങ്ങള്‍ സിനിമയാക്കാനുള്ള ഏറ്റവും വലിയ പ്രതിസന്ധി..
ഭാര്യ നാഗര്‍കോവില്‍കാരിയായതിനാല്‍ മലയാളം തനിക്ക് പരിചിതമായ ഭാഷയാണെന്നും വെട്രിമാരന്‍ പറഞ്ഞു. മലയാള സിനിമകള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള ജീവിതത്തോട് അടുത്ത് നില്‍ക്കുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴക്കൂട്ടത്തെ എല്‍ വി പ്രസാദ് ഫിലിം ആന്റ് ടി വി അക്കാദമിയില്‍ ക്ലാസെടുക്കുന്നതിനും വിസാരണൈയുടെ പ്രദര്‍ശത്തിനുമായാണ് വെട്രിമാരന്‍ തലസ്ഥാനത്തെത്തിയത്.