ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ വിലക്ക്
മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം
പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിന് ചൈനയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് വിലക്ക്. മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് വിശദീകരണം. ഇതോടെ പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ബീബറിന് ചൈനയില്‍ പരിപാടി അവതരിപ്പിക്കാനാവില്ല.
പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ പുതിയ പതിപ്പില്‍ ചൈന, ഇന്തൊനേഷ്യ, ജപ്പാന്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു ജസ്റ്റിന്‍ ബീബര്‍ സംഗീത പരിപാടി നടത്തുമെന്നറിയിച്ചിരുന്നത്. ഇതിനിടെയാണ് പരിപാടി അവതരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ചൈനയുടെ തീരുമാനം. ആദ്യം ബെയ്ജിങിലെ പ്രാദേശിക ഭരണകൂടമാണ് വിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് സാംസ്കാരിക വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു. മോശം പെരുമാറ്റമാണ് തീരുമാനത്തിന് പിന്നിലെന്നാണ് ചൈന നല്‍കുന്ന വിശദീകരണം . ബീബര്‍ ഇതുവരെ പരിപാടി അവതരിപ്പിച്ചിടങ്ങളിലെല്ലാം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. കാണികള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കുന്ന മോശം പെരുമാറ്റമുള്ളയാളെ മാറ്റി നിര്‍ത്താതിരിക്കാവില്ലെന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയപ്പോള്‍ ബീബര്‍ ആഡംബര സൌകര്യങ്ങള്‍ ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു.ഇതിന് പുറമെ റെക്കോഡിന് ചുണ്ടനക്കി ആരാധകരെ പറ്റിച്ചതായും ആരോപണമുയര്‍ന്നു. ഇതെല്ലാം കണക്കിലെടുത്താണ് ചൈനയുടെ വിലക്ക് .