16 വര്‍ഷത്തിന് ശേഷം ആമിര്‍ പുരസ്കാരവേദിയില്‍; അവാര്‍ഡ് സ്വീകരിച്ചത് ആര്‍എസ്എസ് തലവനില്‍ നിന്ന്

Update: 2018-05-28 01:46 GMT
16 വര്‍ഷത്തിന് ശേഷം ആമിര്‍ പുരസ്കാരവേദിയില്‍; അവാര്‍ഡ് സ്വീകരിച്ചത് ആര്‍എസ്എസ് തലവനില്‍ നിന്ന്
Advertising

ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നുവെന്ന ആമിറിന്‍റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ആമിറിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. അത്തരമൊരു സംഘടനയുടെ നേതാവില്‍ നിന്നും ആമിര്‍ പുരസ്കാരം സ്വീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍

അവാര്‍ഡ് നിശകളില്‍ പൊതുവെ പങ്കെടുക്കാറില്ല ആമിര്‍ ഖാന്‍. ആ പതിവ് തെറ്റിച്ച് കഴിഞ്ഞ ദിവസം ആമിര്‍ ഒരു അവാര്‍ഡ് സ്വീകരിച്ചു. അതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയ സംഘപരിവാരത്തിന്‍റെ നേതാവില്‍ നിന്ന്. ഇന്ത്യയില്‍ അസഹിഷ്ണുത വളരുന്നുവെന്ന ആമിറിന്‍റെ പരാമര്‍ശത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ആമിറിനോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത്. ആര്‍എസ്എസ് നേതാവായ മോഹന്‍ ഭഗവതില്‍ നിന്ന് ആമിര്‍ പുരസ്കാരം സ്വീകരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ രംഗത്തെത്തി.

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ പിതാവിന്‍റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ മാസ്റ്റര്‍ ദീനാനാഥ് മങ്കേഷ്‌കര്‍ പുരസ്‌കാരം സ്വീകരിക്കാനാണ് ആമിറെത്തിയത്. ലതാ മങ്കേഷ്‌കറുടെ പ്രത്യേക ക്ഷണത്തെ തുടര്‍ന്നാണ് ആമിര്‍ പുരസ്കാര ചടങ്ങിനെത്തിയതെന്നാണ് വിവരം. ദംഗലിലെ പ്രകടനത്തിനാണ് ആമിറിനെ പുരസ്കാരം നല്‍കി ആദരിച്ചത്.

16 വര്‍ഷം മുമ്പ് ഓസ്‌കാറില്‍ ലഗാന്‍ മികച്ച ചിത്രത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോഴാണ് ആമിര്‍ ഏറ്റവും ഒടുവില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തത്. സ്വകാര്യ ചാനലുകളുടെ അവാര്‍ഡുകള്‍ക്ക് വിശ്വാസ്യതയില്ലെന്നും അത്തരം പുരസ്കാരദാന ചടങ്ങുകളില്‍ താന്‍ പങ്കെടുക്കില്ലെന്നും ആമിര്‍ മുന്‍പ് നിലപാട് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News