ഫഹദിന്റെ പേരില്‍ വ്യാജപ്രചാരണം: പരാതിയുമായി ഫാസില്‍

Update: 2018-05-29 10:29 GMT
Editor : Jaisy
ഫഹദിന്റെ പേരില്‍ വ്യാജപ്രചാരണം: പരാതിയുമായി ഫാസില്‍
Advertising

ഫാസില്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഫഹദ് ഫാസിലിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ കുട്ടികളെ ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജപോസ്റ്റുമായി ബന്ധപ്പെട്ട് ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ പരാതി നല്‍കി. ഫാസില്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രത്തോടൊപ്പമാണ് ഓണ്‍ലൈനിലും വാട്‌സ്ആപ്പിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫഹദ് അഭിനയിക്കുന്ന ഈ ചിത്രത്തോട് രൂപസാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നുവെന്നാണ് പോസ്റ്റ്. ഇങ്ങനെ ഒരു കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഫഹദിന് ഒന്നുമറിയില്ലെന്ന് ഫാസില്‍ പറഞ്ഞു. ഈ പോസ്റ്റ് ഇട്ടിരിക്കുന്നവരെയും അറിയില്ല.

അവര്‍ കൊടുത്തിരുന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ല. നമ്പര്‍ തിരിച്ചറിയാനായി ട്രൂകോളര്‍ വഴി തിരഞ്ഞപ്പോള്‍ ഫോണിന്റെ ഉടമ ഒരു ഫഹദാണെന്നു മനസ്സിലായി. സിനിമാമോഹമുള്ള കുട്ടികളെയും ചെറുപ്പക്കാരെയും ചതിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായി ഫാസില്‍ പരാതിയില്‍ പറയുന്നു. ഇതിനു പിന്നില്‍ ആരെന്നും ലക്ഷ്യമെന്തെന്നും കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാട്‌സ്ആപ്പില്‍ വന്ന പോസ്റ്റില്‍ 15നും മുപ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ നായികാവേഷത്തിലേക്കു ക്ഷണിച്ചിട്ടുമുണ്ട്. ഇതും സംശയിക്കേണ്ടതുണ്ട്. സമീപകാലത്ത് ആലപ്പുഴയില്‍നിന്നടക്കം കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ പശ്ചാത്തലത്തിലാണ് താന്‍ പൊലീസിനെ സമീപിച്ചതെന്ന് ഫാസില്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News