ചുരം കയറി ചാമരം വീശിയെത്തുന്ന ഭരത സ്മൃതികള്‍

1998 ജൂലൈ 30നാണ് ഭരതന്‍ വിട പറഞ്ഞത്.

Update: 2021-07-30 03:04 GMT
By : Web Desk
Advertising

ഓരോ ഫ്രയിമിലും വര്‍ണ്ണങ്ങളുടെ ഉത്സവം, ഓരോ നോക്കിലും വാക്കിലും പോലുമുണ്ട് ആ വര്‍ണ്ണങ്ങളുടെ മേളനം...കാഴ്ചയുടെ, നോക്കിന്‍റെ, വാക്കിന്‍റെ സൌന്ദര്യത്തെ അതിന്‍റെ എല്ലാ പൂര്‍ണ്ണതയോടും കൂടി സ്ക്രീനില്‍ വരച്ചിടുകയായിരുന്നു ഭരതന്‍. ഓരോ ഭരതന്‍ ചിത്രവും സമ്പന്നമായ കാഴ്ചയുടെ ഉത്സവങ്ങളായിരുന്നു, അതില്‍ ജീവിതത്തിന്‍റെ പച്ചയായ മുഖങ്ങളുണ്ടായിരുന്നു, പ്രകൃതിയുടെ സുന്ദര ഭാവങ്ങളുണ്ടായിരുന്നു, എല്ലാത്തിലുമുപരി രതിയുടെ വന്യസൌന്ദര്യവും. അതുകൊണ്ടാണ് ഓരോ ചിത്രത്തിലും ആ ഭരതന്‍ ടച്ച് നാം കണ്ട് ആസ്വദിച്ചിരുന്നത്. ഇന്ന് ജൂലൈ 30 ഭരതന്‍ എന്ന കലാകാരന്‍ അല്ല സകലകലാ വല്ലഭനായ സംവിധായകന്‍ ‍(കാരണം സംവിധാനം,കലാ സംവിധാനം, ഗാനരചന, ശില്‍പി, പോസ്റ്റര്‍ ഡിസൈനിംഗ്, സംഗീത സംവിധാനം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ഭരതനെ സകലകലാ വല്ലഭന്‍ എന്നല്ലാതെ മറ്റെന്താണ് വിശേഷിപ്പിക്കേണ്ടത്) ദൃശ്യങ്ങള്‍ക്കപ്പുറത്തേക്ക് മറഞ്ഞിട്ട് 23 വര്‍ഷം.


ഭരതന്‍ ഇല്ലാത്ത നീണ്ട 23 വര്‍ഷങ്ങള്‍...പക്ഷേ സിനിമാ പ്രേമികളുടെ മുന്നില്‍ ഭരതന്‍ ഒരിക്കലും അണയാത്ത ജ്വാല പോലെ ഇപ്പോഴും ജ്വലിച്ചു നില്ക്കു ന്നു. കാരണം ഭരതന്‍ മലയാള സിനിമയില്‍ വരച്ചിട്ട ചിത്രങ്ങള്‍ അത്ര ജീവനുള്ളവയാണ്. പത്മരാജനെപ്പോലെ മലയാള സിനിമയില്‍ ഒരു പുതിയ അവതരണ രീതി കൊണ്ടുവരികയായിരുന്നു ഭരതന്‍. ന്യൂ ജനറേഷന്‍ സിനിമകള്‍ സംസാരിച്ച വിഷയങ്ങള്‍ അതിലും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരതന്‍ മലയാളികള്‍ക്ക് കാണിച്ചു കൊടുത്തു. അതിലൊന്നായിരുന്നു കൌമാരക്കാരനായ പപ്പുവിന്റെയും യുവതിയായ രതിയുടേയും ഇഷ്ടത്തിന്റെ കഥ പറഞ്ഞ രതിനിര്‍വേദം. പത്മരാജനായിരുന്നു ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. പത്മരാജന്റെ തന്നെ രതിനിര്‍വ്വേദം എന്ന കഥ ഇതേ പേരില്‍ ഭരതന്‍ സിനിമയാക്കുകയായിരുന്നു. ജയഭാരതിയും കൃഷ്ണചന്ദ്രനുമായിരുന്നു രതിയേയും പപ്പുവിനെയും അവതരിപ്പിച്ചത്. ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വിഷയമായതു കൊണ്ട് ഏറെ വിമര്‍ശങ്ങളും ചിത്രം ഏറ്റുവാങ്ങി. അശ്ലീലതയുടെ അതിപ്രസരണമാണ് ചിത്രത്തിലെന്നായിരുന്നു ഒരു ആരോപണം. എന്നാല്‍ രതിയെ ഇത്ര മനോഹരമായി ചിത്രീകരിച്ച സംവിധായകന്‍ വേറെയില്ലെന്നായിരുന്നു ചലച്ചിത്ര പ്രേമികളുടെ അഭിപ്രായം. കോളേജ് വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രണയമായിരുന്നു ചാമരത്തിന്റെ പ്രമേയം. കാതോട് കാതോരം എന്ന സിനിമ പറഞ്ഞതാകട്ടെ വിവാഹിതയായും ഒരു കുട്ടിയുടെ അമ്മയുമായ നായികയുടെ പ്രണയവും. അങ്ങിനെ മലയാളിയുടെ കപട സദാചാര ചിന്തകളെ അപ്പാടെ വെല്ലുവിളിക്കുന്നതായിരുന്നു ഭരതന്റെ ചിത്രങ്ങള്‍.

Full View

ഭരത സ്പര്‍ശം മുഴുവന്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു വൈശാലി. എം.ടിയുടെ തിരക്കഥയില്‍ മനോഹരമായ ഒരു കാവ്യം പോലെ ഒരു ചിത്രം. മലയാള സിനിമയിലെ മാസ്റ്റര്‍പീസ് എന്നാണ് വൈശാലിയെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഫ്രയിമുകള്‍ വൈശാലിയുടെ സവിശേഷതയാണ്. ഭരതന്‍ തന്നെയായിരുന്നു വൈശാലിയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. നിരവധി ദേശീയ പുരസ്കാരങ്ങളും വൈശാലി വാരിക്കൂട്ടി. ഭരതന്‍ ചിത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മകളില്‍ അലയടിക്കുന്ന ചിത്രമാണ് തകര. മാനസിക വളര്‍ച്ചയിലാത്ത തകരയുടെ പ്രണയമായിരുന്നു തകര എന്ന സിനിമയുടെ പ്രമേയം. പത്മരാജന്‍റെ ചതുരംഗം എന്ന നോവലൈറ്റ് ആണ് തകര എന്ന പേരില്‍ ഭരതന്‍ സിനിമയാക്കിയത്. മലയാള സിനിമയ്ക്ക് പുതിയ വ്യാകരണവും ദൃശ്യഭാഷയും ചമച്ച ഭരതന്റെ ഈ അതുല്യ സൃഷ്ടി രതിയെയും പ്രതികാരത്തെയും നാടന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചു.

Full View

പാളങ്ങള്‍, മര്‍മ്മരം, കാറ്റത്തെ കിളിക്കൂട്, താഴ്‍വാരം തുടങ്ങിയവയും ഭരതന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളായിരുന്നു. സിനിമ സംവിധാനത്തിന് ഭരതന് ഭാഷ ഒരു തടസമായിരുന്നില്ല. തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ശിവാജി ഗണേശന്‍, കമലഹാസന്‍ എന്നിവരെ അച്ഛനും മകനുമാക്കി സംവിധാനം ചെയ്ത തേവര്‍മകന്‍ കോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. സംഗീത സംവിധാനത്തിലും ഭരതന്‍ തന്‍റെ മികവ് തെളിയിച്ചു. കേളിയിലെ താരം വാല്‍ക്കണ്ണാടി എന്ന ഗാനം ഭരതന്‍ ഈണമിട്ടതാണ്. കാതോട് കാതോരത്തില്‍ ഔസേപ്പച്ചന്റെ കൂടെയും ഭരതന്‍ പ്രവര്‍ത്തിച്ചു.



 മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നിരവധി തവണ ഭരതന്‍ കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ അതിലേറെ തവണ ഭരതന്‍ ചിത്രങ്ങളും സ്വന്തമാക്കി. ദിവ്യ ഉണ്ണി, മനോജ് കെ. ജയന്‍ എന്നിവരെ നായികാനായകന്മാരാക്കി സംവിധാനം ചെയ്ത ചുരം ആയിരുന്നു ഭരതന്‍റെ അവസാന ചിത്രം. ഓര്‍മ്മകളില്‍ ഇപ്പോഴും ഭരതന്‍ ജീവിക്കുകയാണ്, ചാമരം വീശും പോലെ ഭരതന്‍ ചിത്രങ്ങളും...

Tags:    

Contributor - Web Desk

contributor

Similar News