'ജനകീയ കോടതിയില്‍ വിജയം': ദിലീപിനെ പിന്തുണച്ച ലാല്‍ ജോസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
സിനിമയെ സിനിമയായി കണ്ട മലയാളികളുടെ മുഖത്തുനോക്കി പുച്ഛിക്കുന്നതിന് തുല്യമാണ് ജനകീയ കോടതിയിലെ വിജയമെന്ന പരാമര്‍ശമെന്ന് ലാല്‍ ജോസിനെതിരെ വിമര്‍ശമുയര്‍ന്നു.
സകല കണക്കുകൂട്ടലുകളും തെറ്റിച്ച് ദിലീപ് സിനിമ വന്‍വിജയത്തിലേക്കെന്ന് സംവിധായകന്‍ ലാല്‍ ജോസ്. ജനകീയ കോടതിയില്‍ ദിലീപിന് വിജയമെന്ന തലക്കെട്ടില്‍ ഒരു വെബ്സൈറ്റ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്ററാണ് ലാല്‍ ജോസ് തന്‍റെ പേജിലിട്ടത്. പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്.
സിനിമയെ സിനിമയായി കണ്ട മലയാളികളുടെ മുഖത്തുനോക്കി പുച്ഛിക്കുന്നതിന് തുല്യമാണ് ജനകീയ കോടതിയിലെ വിജയമെന്ന പരാമര്‍ശമെന്ന് ലാല്‍ ജോസിനെതിരെ വിമര്‍ശമുയര്‍ന്നു. ദിലീപിന്‍റെ നിരപരാധിത്വം സിനിമ സൂപ്പര്‍ ഹിറ്റായോ എന്നതിന്‍റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കപ്പെടുന്നത്. സിനിമ കണ്ടവര്‍ മുഴുവന്‍ ദിലീപ് നിരപരാധിയാണെന്ന് കരുതുന്നില്ല. സിനിമയുടെ വിജയമാണ് കുറ്റാരോപിതന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള മാനദണ്ഡമെങ്കില്‍ പിന്നെ കോടതികളെന്തിന്, തിയറ്ററുകള്‍ മാത്രം പോരെ എന്നിങ്ങനെ രൂക്ഷമായ കമന്‍റുകളാണ് ലാല്‍ ജോസിന്‍റെ പോസ്റ്റിന് താഴെയുള്ളത്.
ഇന്നലെ വരെ സിനിമയുടെ സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെയുള്ള വരെ പരിഗണിച്ച് രാമലീല കാണണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സിനിമ ദിലീപിന്‍റെ വിജയമെന്ന് പറയുന്നതിലെ വൈരുധ്യമാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഇന്ന് രാമലീല കാണാന്‍ പ്രധാനമായും കയറിയത് ഫാന്‍സാണെന്നിരിക്കെ ഒറ്റ ദിവസം കൊണ്ട് സിനിമ വന്‍ വിജയമാണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ് ചിലരുടെ ചോദ്യം.