അവരുടെ മനഃശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു; തന്റെ വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വ്വതി

Update: 2018-05-31 16:05 GMT
Editor : Jaisy
അവരുടെ മനഃശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു; തന്റെ വീട്ടിലെ സുജാതയെക്കുറിച്ച് പാര്‍വ്വതി
Advertising

മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കുന്നു..പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു

എത്ര പെട്ടെന്നാണ് ചെങ്കല്‍ച്ചൂളയിലെ സുജാത മലയാളികളുടെ മനസിലേക്ക് ചേക്കേറിയത്. ഒറ്റക്കൊരു കുടുംബം പുലര്‍ത്തുന്നതിന്റെ കഷ്ടപ്പാടിനെക്കുറിച്ച് ആരോടും പരാതി പറയാത്ത സുജാതയെ ആര്‍ക്കാണ് ഇഷ്ടമാകാത്തത്. ലാളിത്യം കൊണ്ടും മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ മികവ് കൊണ്ടും മാത്രമാണ് ഒരു സാധാരണ ചിത്രമായിരുന്നിട്ടു കൂടി ഉദാഹരണം സുജാത കണ്ട് ആളുകള്‍ കയ്യടിക്കുന്നത്. സുജാത എന്ന വീട്ടുജോലിക്കാരിയെ അത്ര തന്‍മയത്തോടെയാണ് മഞ്ജു അവതരിപ്പിച്ചിരിക്കുന്നത്. ഓരോ വീട്ടിലും അല്ലെങ്കില്‍ നമ്മുടെ പരിചയത്തില്‍ സുജാതമാരെ കാണാം. അത്തരത്തില്‍ തന്റെ വീട്ടിലെ സുജാതയെ പരിചയപ്പെടുത്തുകയാണ് നടി പാര്‍വ്വതി. വീട്ടുജോലിക്കാരിയായ ആ ചേച്ചി തന്റെ മക്കളെ ഒരിക്കലും വീട്ടുവേലക്ക് അയക്കാന്‍ ആഗ്രഹിക്കുന്നില്ല, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ആഗ്രഹിക്കുന്നു..പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

പാര്‍വ്വതിയുടെ കുറിപ്പ് വായിക്കാം

ചാര്‍ലിയുടെ നിര്‍മ്മാതാക്കളും എന്റെ സുഹൃത്തുക്കളുമായ മാര്‍ട്ടിന്‍ പ്രക്കാട്ടും, ജോജുവും ചേര്‍ന്നാണ് ഉദാഹരണം സുജാത എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ നല്ല ചിത്രത്തിന് മികച്ച സംവിധായകനും നല്ല അഭിനേതാക്കളും ഉണ്ടായിരുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്.

എന്റെ ചേച്ചി അവരുടെ മക്കളെ വീട്ടു ജോലിക്ക് അയക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ചേച്ചിക്ക് അവരെ പറ്റി ഒരുപാട് സ്വപ്നങ്ങളുണ്ട് ഒപ്പം അത് പൂര്‍ത്തീകരിക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുമുണ്ട്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം എന്നത് അവരുടെ സ്വപ്നമാണ്. ജീവിതത്തില്‍ താന്‍ സഹിച്ചത് പോലെ അവര്‍ക്ക് ഉണ്ടാകരുത് എന്നും അവര്‍ ആഗ്രഹിക്കുന്നു.

ഏറെ ശാരീരികമായ കഷ്ടപ്പാടുകള്‍ വേണ്ട ഒന്നാണ് വീട്ടു ജോലി. മക്കളുടെ നല്ല നിലയിലുള്ള പഠനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരിലേക്ക് മാത്രം ഒതുങ്ങുന്നതാണ്. പക്ഷേ അവര്‍ അതിനെക്കുറിച്ച് പരാതി പറയാറില്ല. ദൈവത്തിലും അവരുടെ ജോലിയിലും അവര്‍ക്ക് വിശ്വാസമുണ്ട് . മക്കളുടെ ജീവിതം സുരക്ഷിതമാകാന്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലി കിട്ടണമെന്നാണ് ചേച്ചിയുടെ ആഗ്രഹം.

അവരുടെ കഷ്ടപ്പാടിന് ഒരു നാള്‍ അവരുടെ മക്കള്‍ മികച്ച പ്രതിഫലം നല്‍കുമെന്ന് പ്രതീക്ഷിക്കാം.. ചേച്ചിയുടെ ജോലിയുടെ മികവ് തന്നെയാണ് എന്നെ നന്നായി ജോലി ചെയ്യാന്‍ സഹായിക്കുന്നത് . അവര്‍ എന്റെ വീട് ക്ലീന്‍ ചെയ്യന്നതും വൃത്തിയായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നതും ഇടയ്ക്കിടെ ഭക്ഷണം ഉണ്ടാക്കി തരുന്നതും കൊണ്ടാണ് ജീവിതത്തില്‍ എനിക്ക് സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുന്നത്. എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്. അവരെപോലെയുള്ള ഓരോ സുജാതമാര്‍ക്കും ഒരു സല്യൂട്ട്. അവരേയും അവരുടെ മനഃശക്തിയേയും ഞാന്‍ ബഹുമാനിക്കുന്നു…. നിങ്ങളുടെ സുജാതമാരേയും കുറിച്ചറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News