ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും പ്രചോദനമായത് അച്ഛന്‍: യേശുദാസ്
ജീവിതത്തിലേയും സംഗീതത്തിലേയും ആദ്യപാഠങ്ങള്‍ പഠിപ്പിച്ച അച്ഛനെ ഓര്‍മിച്ച് കൊണ്ടായിരുന്നു യേശുദാസിന്റെ വാക്കുകള്‍
ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും പ്രചോദനമായത് തന്റെ അച്ഛനാണെന്ന് ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്. ഇന്നോളം വരെയുള്ള നേട്ടങ്ങള്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്നും യേശുദാസ് പറഞ്ഞു. 90ആം വാര്‍ഷികത്തോടനുബന്ധിച്ച് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. പത്മവിഭൂഷണ്‍ ലഭിച്ച ശേഷം ഗാനഗന്ധര്‍വന്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു കൊച്ചിയിലേത്.
ജീവിതത്തിലേയും സംഗീതത്തിലേയും ആദ്യപാഠങ്ങള്‍ പഠിപ്പിച്ച അച്ഛനെ ഓര്‍മിച്ച് കൊണ്ടായിരുന്നു യേശുദാസിന്റെ വാക്കുകള്‍. കുട്ടിക്കാലം മുതല്‍ പ്രചോദനമായത് അച്ഛനായിരുന്നു. എല്ലാ സംഗീതത്തിലും ദൈവാംശം ഉണ്ടെന്നും നേട്ടങ്ങളെല്ലാം സര്‍വേശ്വരന്റെ അനുഗ്രഹമാണെന്നും യേശുദാസ് പറഞ്ഞു. സെന്‍റ് മേരീസ് കത്തീഡ്രല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാനഗന്ധര്‍വന് സ്വീകരണം നല്‍കി.
ഫാദര്‍ എം പി ജോണിന്റെ നേതൃത്വത്തില്‍ 90 ഗായകര്‍ പങ്കെടുത്ത സിംഫണിയും അരങ്ങേറി. യേശുദേവന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുളള ബൈബിള്‍ ആഖ്യാനമായിരുന്നു സംഗീതാവിഷ്കാരത്തിന്‍റെ പ്രമേയം.